എൻ.ഐ.ടി കാലിക്കറ്റിന് പുതിയ ലേഡീസ് ഹോസ്റ്റൽ
text_fieldsചാത്തമംഗലം: ബിരുദ, ബിരുദാനന്തര, പി.എച്ച്ഡി പ്രോഗ്രാമുകളിൽ ചേരുന്ന വനിത വിദ്യാർഥികൾക്കായി പുതിയ ലേഡീസ് ഹോസ്റ്റൽ നിർമിക്കാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ഒരുങ്ങുന്നു.
വർധിച്ചുവരുന്ന വനിത ഉദ്യോഗാർഥികളെ ഉൾക്കൊള്ളാനായി നിലവിലുള്ള ലേഡീസ് ഹോസ്റ്റലിനു സമീപം മൂന്ന് ബ്ലോക്കുകളിലായി 10 നിലകളുള്ള ഹോസ്റ്റൽ കെട്ടിട സമുച്ചയമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻ.ഐ.ടി കാലിക്കറ്റ് സമർപ്പിച്ച പദ്ധതിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹോസ്റ്റൽ നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് എൻ.ഐ.ടി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. അംഗപരിമിത സൗഹൃദമായാണ് ഹോസ്റ്റൽ രൂപകൽപന ചെയ്തിരിക്കുന്നത് അതുകൊണ്ടുതന്നെ ഈ കെട്ടിടത്തിന്റെ എല്ലാ കോണുകളിലേക്കും ഭിന്നശേഷിയുള്ള താമസക്കാർക്ക് അനായാസമായി സഞ്ചരിക്കാൻ സാധിക്കും.
രണ്ടുപേർക്ക് താമസിക്കാവുന്ന സൗകര്യങ്ങളോടെയുള്ള 380 മുറികളാണ് ഹോസ്റ്റൽ കോംപ്ലക്സിൽ ഉണ്ടാവുക. പുതിയ ഹോസ്റ്റൽ വരുന്നതോടെ 760 വനിത വിദ്യാർഥികൾക്കുള്ള താമസ സൗകര്യം ലഭ്യമാകും. ഹെഫായുടെ (ഹയർ എജുക്കേഷൻ ഫിനാൻസിങ് ഏജൻസി) പിന്തുണയോടെയാണ് ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കുകയെന്നും 71.85 കോടിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയെന്നും പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡീൻ ആയ പ്രഫ. പ്രിയ ചന്ദ്രൻ പറഞ്ഞു. ഹോസ്റ്റലിൽ രണ്ട് നിലകളിലായി രണ്ട് ഡൈനിങ് ബ്ലോക്കുകൾ ഉണ്ടാകും.
വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾക്ക് പ്രത്യേക സൗകര്യങ്ങൾ ഉണ്ടാകും. ആർക്കിടെക്ചർ, സിവിൽ, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ വിദഗ്ധരുടെ വിപുലമായ പിന്തുണയോടെയാണ് കെട്ടിടത്തിന്റെ ഡിസൈൻ പൂർത്തിയാക്കിയത്. രണ്ട് മെഗാ ബോയ്സ് ഹോസ്റ്റലുകളും ഒരു ഇന്റർനാഷനൽ ഹോസ്റ്റലും ഉൾപ്പെടെ 12 ഹോസ്റ്റലുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിലുള്ളത്.
നിലവിൽ നാല് ബ്ലോക്കുകളുള്ള ഒരു ലേഡീസ് ഹോസ്റ്റലും ഒരു മെഗാ ലേഡീസ് ഹോസ്റ്റലുമാണ് വനിത വിദ്യാർഥികൾക്ക് പ്രധാനമായും ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ മറ്റു ഹോസ്റ്റലുകളിൽ ചിലതും പെൺകുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് പദ്ധതിയുടെ നിർവഹണ ഏജൻസിയെന്ന് എൻ.ഐ.ടി കോഴിക്കോട് സിവിൽ എൻജിനീയറിങ് വകുപ്പ് പ്രഫസറും എൻജിനീയറിങ് യൂനിറ്റിലെ സൂപ്രണ്ടിങ് എൻജിനീയറുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഡോ. എ.എസ്. സജിത്ത് പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പ് കാലാവധി 24 മാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.