കനോലി കനാലിനെ കോഴിക്കോടിന്റെ അഭിമാനമാക്കി ഉയർത്താനുള്ള പുതുപദ്ധതി ഒരുങ്ങുന്നു
text_fieldsകോഴിക്കോട്: കനോലി കനാലിനെ നഗരത്തിന്റെ അഭിമാനമാക്കി ഉയർത്താനുള്ള പുതുപദ്ധതി ഒരുങ്ങുന്നു. 'കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി' എന്ന പേരിൽ വിശദമായ പദ്ധതിയുടെ രൂപരേഖ തയാറാക്കാനായി ടെണ്ടർ വിളിച്ചതിൽ 10ലേറെ കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ച് അപേക്ഷ നൽകി. അടുത്ത ദിവസം നടക്കുന്ന യോഗത്തിൽ ഏതു കമ്പനിക്ക് കരാർ കൊടുക്കണമെന്ന് തീരുമാനമാവും.
ക്വില്ലിന്റെ (കേരള വാട്ടര്‍വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കനാല്‍ വഴി ജലഗതാഗതത്തിനുള്ള എസ്.പി.വി കമ്പനി (സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍) ആണ് ക്വില്‍. 2019ല്‍ നവീകരണ ഭാഗമായി ഇവരുടെ നേതൃത്വത്തിലാണ് കനാലിലെ ചെളി നീക്കിയത്. സർവേ നടത്തി വിശദമായ പദ്ധതിരേഖ ആറു മാസത്തിനകം തയാറാക്കാനാണ് കരാർ നൽകുക. ആഗോള പരിചയമുണ്ടോയെന്ന് പരിശോധിച്ചാണ് കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തുക.
ജലപാതയൊരുക്കുക, കനാലിലേക്ക് മലിന ജലമൊഴുകുന്നത് തടയുക, കനാലോരത്തെ പാതകളും പാലങ്ങളും നവീകരിക്കുക, ടൗണിലെ വെള്ളക്കെട്ടിനുള്ള പരിഹാരം കാണുക എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പദ്ധതി തയാറാക്കുക. കിഫ്ബിയുടെ ഫണ്ട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കൺസൾട്ടൻസിയെ തീരുമാനിച്ചാൽ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ട് എത്തി കാര്യങ്ങൾ പഠിക്കും. വീതികൂട്ടൽ, ഭൂമിയേറ്റെടുക്കൽ എന്നിവയെല്ലാം സാധ്യതാപഠനത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂ. ഹൗസ്ബോട്ടും ബാര്ജുകളുമൊക്കെ കനാലിൽ എത്തിക്കുക ലക്ഷ്യമാണ്.
മിനി ബൈപ്പാസ് നവീകരിച്ച് ഉയർത്തേണ്ടി വരും. ചെറുപാതകള്ക്കും യാത്രക്കാര്‍ക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടില്ലാത്ത വിധമാവും നവീകരണം. കനാലിലേക്ക് 75 ഓടകളെങ്കിലും എത്തുന്നതായാണ് കണ്ടത്. റെയില്‍വേ ലൈനിൽനിന്നുള്ള മാലിന്യം, മഴവെള്ളം എന്നിവയും കനാലിൽ ഒഴുകിയെത്തുന്നു.
മലിനജലം സംസ്കരിച്ച് അവശിഷ്ടം വളമാക്കി ഉപയോഗിക്കാനുള്ള സാധ്യതയും ആരായും. കോര്പറേഷന്, മറ്റ് ഏജന്‍സികള്‍ എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്തായിരിക്കും പദ്ധതിയെന്ന് ചീഫ് എന്‍ജിനീയര്‍ എസ്. സുരേഷ് കുമാര്‍ അറിയിച്ചു. കല്ലായിക്കും എരഞ്ഞിക്കലിനുമിടയിൽ 11.2 കിലോമീറ്ററാണ് കനോലി കനാല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.