കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുവത്സരത്തിൽ പുതുപരിഷ്കാരങ്ങൾ
text_fieldsവളന്റിയർമാർക്ക് നീലക്കുപ്പായം...
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ സഹായിക്കുന്ന വളന്റിയർമാർക്ക് ശനിയാഴ്ച മുതൽ ഏകീകൃത യൂനിഫോം നിലവിൽവരും. വിവിധ സംഘടനകളിലെ സന്നദ്ധപ്രവർത്തകർ ഇനി മുതൽ നീലനിറത്തിലുള്ള ഓവർകോട്ട് ധരിച്ചാവും സേവനത്തിനിറങ്ങുക.
'എം.സി.എച്ച് കാഷ്വൽറ്റി വളന്റിയർ' എന്ന പേര് ആലേഖനം ചെയ്ത നീല കോട്ടിനൊപ്പം വളന്റിയർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഉണ്ടാവും. മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് 12 സംഘടനകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഒരു സംഘടനയിലെ പരമാവധി 12 പേർക്കാണ് യൂനിഫോം അനുവദിക്കുക. കൂടാതെ, ഇവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമാണ് തിരിച്ചറിയൽ കാർഡ് അനുവദിക്കുക. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയിരുന്നു.
സന്ദർശന സമയങ്ങളിലല്ലാതെ ആശുപത്രിക്കകത്ത് അപരിചിതർ പ്രവേശിക്കുന്ന പ്രവണത വർധിച്ചുവരുകയും സുരക്ഷ ജീവനക്കാരുമായി വാക്കുതർക്കം പതിവാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സന്നദ്ധപ്രവർത്തകർക്ക് യൂനിഫോം നിർബന്ധമാക്കുന്നത്. യൂനിഫോമിന് 300 രൂപ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് 600, തിരിച്ചറിയൽ കാർഡിന് 100 രൂപ എന്നിവ അതത് സംഘടനകൾതന്നെ വഹിക്കണം. അതേസമയം, തിരിച്ചറിയൽ കാർഡ് ഭൂരിപക്ഷം പേരും കൈപ്പറ്റിയിട്ടുണ്ടെങ്കിലും യൂനിഫോം ചില സന്നദ്ധപ്രവർത്തകർ കൈപ്പറ്റിയിട്ടില്ല. പുതിയ പരിഷ്കാരം വരുന്നതോടെ വളന്റിയർമാരെ പെട്ടെന്ന് തിരിച്ചറിയാനും ഇവർക്ക് ജോലി പ്രയാസം കൂടാതെ ചെയ്യാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
മുറ്റം വൃത്തിയാക്കാൻ പുതുയന്ത്രം
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയുടെ മുറ്റം വൃത്തിയാക്കാൻ പുതിയ യന്ത്രമെത്തി. ആശുപത്രി അധികൃതരുടെ ആവശ്യം പരിഗണിച്ച് കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ് 20 ലക്ഷം രൂപ വിലയുള്ള സ്വീപ്പർ െമഷീൻ നൽകിയത്. കോയമ്പത്തൂർ ആസ്ഥാനമായ റൂട്സ് മൾട്ടി ക്ലീൻ ലിമിറ്റഡിെൻറ െമഷീനാണിത്. കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം വരുന്നത്. 640 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് 17,375 മീറ്റർ സ്ക്വയർ ഏരിയയിലെ മാലിന്യം ഒരു മണിക്കൂർകൊണ്ട് ശേഖരിക്കാം.
മാലിന്യക്കുഴികളിലേക്ക് മെഷീനിലൂടെ നേരിട്ടുതന്നെ ഇവ നിക്ഷേപിക്കാനും സാധിക്കും. ആശുപത്രിയുടെ ഉൾഭാഗങ്ങൾ വൃത്തിയാക്കുന്ന മെഷീൻ നേരത്തേ ഉണ്ട്. ശനിയാഴ്ച 12.30ന് പ്രിൻസിപ്പൽ വി.ആർ. രാജേന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.