ബീച്ചിലെ പാർക്കിങ്ങിന് പുതിയ പദ്ധതി: താൽപര്യപത്രം ക്ഷണിച്ചു
text_fieldsകോഴിക്കോട്: ബീച്ചിലെ പാർക്കിങ് സ്ഥലം വികസിപ്പിക്കുന്നതിന് മാരി ടൈം ബോർഡ് താൽപര്യപത്രം ക്ഷണിച്ചു. നേരത്തേ കോർപറേഷനും മാരി ടൈം ബോർഡും ധാരണപത്രത്തിൽ ഒപ്പിട്ട പാർക്കിങ്ങ് പദ്ധതി നടപ്പാകാത്ത പാശ്ചാത്തലത്തിലാണ് ബോർഡ് നേരിട്ട് സ്ഥാപനങ്ങളിൽനിന്നും നിക്ഷേപകരിൽനിന്നും താൽപര്യപത്രം ക്ഷണിച്ചത്. സ്വകാര്യ നിക്ഷേപകർ നടപ്പാക്കുംവിധമാണ് പുതിയ പദ്ധതി. പഴയ ലയൺസ് പാർക്കിനും വെള്ളയിൽ ഹാർബറിനുമിടയിൽ ഗാന്ധിറോഡ് ജങ്ഷനിലെ കടപ്പുറത്ത് 200 കാറിനും 50 ഇരുചക്രവാഹനത്തിനും നിർത്താനും വാട്ടർ ടൂറിസം പദ്ധതികൾ ഏർപ്പെടുത്താനും കടപ്പുറം വികസിപ്പിക്കാനുമാണ് പുതിയ തീരുമാനം. കഫറ്റീരിയയടക്കം വിൽപനശാലകളും പദ്ധതിയിൽ പെടുന്നു. വിനോദസഞ്ചാര മേഖലയിലെ പുതുനിക്ഷേപകർക്കും തൊഴിൽ തേടുന്നവർക്കും പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടപ്പുറത്ത് വണ്ടി നിർത്താനുള്ള ബുദ്ധിമുട്ടിന് ആശ്വാസമായി സ്വകാര്യ-പൊതുപങ്കാളിത്തത്തോടെ ഏക്കർ കണക്കിന് സ്ഥലത്ത് സംവിധാനമൊരുക്കുകയെന്നത് നേരത്തേ കോർപറേഷനും മാരിടൈം ബോർഡും ചേർന്നെടുത്ത പ്രഖ്യാപനമായിരുന്നു.
മാരിടൈം ബോർഡും കോഴിക്കോട് കോർപറേഷനും ചേർന്ന് നടപ്പാക്കാനുള്ള പദ്ധതി വിവിധ സാങ്കേതിക പ്രശ്നങ്ങൾ കാരണം നീണ്ടുപോവുകയായിരുന്നു. ലോറികൾക്കുകൂടി പാർക്കിങ് വേണമെന്നതായിരുന്നു കോർപറേഷന്റെ മുഖ്യ ആവശ്യം. ഡിസംബർ 16നകം താൽപര്യപത്രം സമർപ്പിക്കണമെന്നാണ് ബോർഡ് നിർദേശം.
നടപ്പാക്കാനാവാതെ കോർപറേഷൻ-ബോർഡ് പദ്ധതി
ബീച്ചിലെ പാർക്കിങ് പദ്ധതിയുടെ ധാരണപത്രം നേരത്തേ കോർപറേഷനും ബോർഡുമായി ഒപ്പുവെച്ചിരുന്നു. മേയർ ഡോ. ബീന ഫിലിപ്പ്, മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മുൻകൈയെടുത്തായിരുന്നു നടപടി.
നോർത്ത് ബീച്ചിൽ ലയൺസ് പാർക്കിനോട് ചേർന്നുള്ള കെട്ടിടങ്ങൾ കഴിഞ്ഞുള്ള നാലേക്കർ തുറമുഖ വകുപ്പിന്റെ സ്ഥലമാണ് പദ്ധതിക്ക് തിരഞ്ഞെടുത്തത്. ഇവിടെ 700 കാർ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനും ഭിന്നശേഷിക്കാർക്ക് പാർക്കിങ്ങിനുള്ള സൗകര്യവും ചെറിയ സീഫുഡ് കോർട്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. ഇവ്വിധം കോനാട് ബീച്ചിൽ 200ലധികം ലോറികൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന ലോറി പാർക്കിങ് സംവിധാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുവാനും ധാരണയായിരുന്നു.
30 കൊല്ലത്തേക്ക് കോർപറേഷൻ കരാറിലേർപ്പെടാനായിരുന്നു ധാരണ. കോഴിക്കോട് കോർപറേഷന്റെയും മാരിടൈം ബോർഡിന്റെയും നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കുന്നതിന് ഹാർബർ എൻജിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ഡി.പി.ആർ തയാറാക്കിയതിന് ശേഷം ഒന്നിച്ചുള്ള പദ്ധതിക്ക് കരാർ ഒപ്പുവെച്ച് നടപ്പാക്കാനും ധാരണയായി.
പാർക്കിങ് ഭൂമിയുടെ ലീസ് തുകയുടെ പകുതി കോർപറേഷൻ കേരള മാരിടൈം ബോർഡിന് നൽകാനും നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചെലവ് കേരള മാരിടൈം ബോർഡും കോർപറേഷനും തുല്യമായി വഹിക്കാനും പദ്ധതിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പാതി കേരള മാരിടൈം ബോർഡും പാതി കോർപറേഷനും പങ്കിടാനുമെല്ലാം ധാരണയായ പദ്ധതിയാണ് നടപ്പാക്കാനാവാതെ പോയത്.
30 കൊല്ലം കഴിഞ്ഞാലും കോർപറേഷന്റെ നിക്ഷേപത്തുക 18 ശതമാനം പലിശയോടെ പൂർണമായി തിരികെ ലഭിച്ചില്ലെങ്കിൽ കരാർ കാലാവധി നീട്ടാൻ പറ്റുമായിരുന്നു. കാലാവധിക്ക് മുമ്പെ കരാർ അവസാനിപ്പിക്കുന്നതിന് കോർപറേഷനും മാരിടൈം ബോർഡിനും കഴിയുമായിരുന്നു. ഹാർബർ എൻജിനീയറിങ് വകുപ്പ് വിശദ പദ്ധതിരേഖ തയാറാക്കി സമർപ്പിക്കുന്നമുറക്ക് കരാർ ഒപ്പുവെച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച പദ്ധതിയാണ് നടപ്പാക്കാനാവാതെ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.