ഓർമകളുടെ നമസ്കാരപ്പായ വിരിച്ച് മൂഴിക്കലിൽ പുതിയ സ്രാമ്പ്യ
text_fieldsവെള്ളിമാട്കുന്ന്: നൂറ്റാണ്ടുകളുടെ ഓർമകൾ നിലനിർത്തി മൂഴിക്കലിൽ പുതിയ സ്രാമ്പ്യ. അങ്ങാടിയിൽ പാരമ്പര്യത്തനിമയിൽ പൂർണമായും മരം ഉപയോഗിച്ച് സ്രാമ്പ്യ പുതുക്കിപ്പണിതിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി സൗജന്യമായാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു സ്ത്രീ നമസ്കാരപ്പള്ളി നിർമിച്ചു നൽകിയത്. വർഷങ്ങൾക്കുമുമ്പ് തലച്ചുമടുകാരുടെയും യാത്രക്കാരുടെയും അത്താണിയായിരുന്ന പ്രദേശത്തോടു ചേർന്നാണ് നമസ്കാരപ്പള്ളി നിർമിച്ചത്.
മൂഴിക്കൽ മെഡിക്കൽ കോളജ് ജങ്ഷനിലായിരുന്നു ഇത്. ഇവിടെ സൗകര്യമുള്ള പള്ളി പണിതപ്പോൾ മരപ്പള്ളി പൊക്കിയെടുത്ത് മൂഴിക്കൽ വളവിലെ വഖഫ് ഭൂമിയിൽ സ്ഥാപിക്കുകയായിരുന്നെന്ന് പഴമക്കാർ പറയുന്നു. നമസ്കാരത്തിന് സൗകര്യമൊരുക്കിയതൊഴിച്ചാൽ പള്ളിയുടെ പഴയ നിർമിതിയിൽ മാറ്റമൊന്നുമില്ല.
1918ലാണ് പഴയ സ്രാമ്പ്യ നിർമിച്ചതെന്ന് ചെലവൂർ ജുമുഅത്ത് പള്ളി മുതവല്ലി മൗലവി മൂസഹാജി പറഞ്ഞു. അദ്ദേഹത്തിന്റെ പിതാമഹനായിരുന്ന അയ്യനാടത്ത് ഉണ്ണിച്ചേക്കു ഹാജിയാണ് പള്ളിനിർമാണത്തിന് നേതൃത്വം നൽകിയത്.
വഴിയാത്രക്കാർക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു ഇവിടെ. ഇതിനടുത്തുതന്നെ കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ തണ്ണീർപ്പന്തലുമുണ്ടായിരുന്നു. കാളവണ്ടി യുഗത്തിൽ ഇതുവഴി കടന്നുപോകുന്ന കാളകൾക്ക് വെള്ളം കുടിക്കാനായിരുന്നു തണ്ണീർപ്പന്തൽ. പള്ളിയുടെ പരിപാലനം ചെലവൂർ മഹല്ലിന് കീഴിലുള്ള മൂഴിക്കൽ ജുമുഅത്ത് പള്ളിക്കാണ്. പള്ളിയുടെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.