അഗ്നിരക്ഷാസേനയിൽ പുതിയ പരിശീലനം;സ്ഥാനക്കയറ്റത്തിനും നിർബന്ധമാക്കും
text_fieldsകോഴിക്കോട്: മൗണ്ടനീറിങ് റോപ് റെസ്ക്യു ഓപറേഷനിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കി അഗ്നിരക്ഷാസേനയിൽ കൂടുതൽ അംഗങ്ങൾ. ഒരു വർഷം മുമ്പ് ഇന്തോ-തിബത്തൻ ബോർഡർ സേനയിൽനിന്ന് പ്രത്യേക പരിശീലനം നേടിയ അഗ്നിരക്ഷാസേനയിലെ 30 അംഗങ്ങളിലൂടെയാണ് സംസ്ഥാന സേനയിലെ മറ്റു ആറ് റീജനിലെയും അംഗങ്ങൾക്കുകൂടി പരിശീലനം നൽകുന്നത്. ഓരോ റീജനിൽനിന്നും 16 പേർക്കുകൂടിയാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. കോഴിക്കോട്, പാലക്കാട് റീജനിലെ അംഗങ്ങൾക്കുകൂടിയാണ് പരിശീലനം നൽകാനുള്ളത്.
മലയോര മേഖലയിലെ ദുരന്തസാഹചര്യങ്ങൾ മുന്നിൽക്കണ്ടാണ് പരിശീലനം. ആദ്യഘട്ടത്തിൽ പരിശീലനം നേടിയ 30 പേർ വിവിധ റീജനുകളിൽ ഉണ്ട്. ഇവർക്ക് സഹായകമായി ഉപയോഗപ്പെടുത്താനാണ് പുതിയ അംഗങ്ങൾക്കുകൂടി പരിശീലനം നൽകുന്നത്. ആഗസ്റ്റ് പത്തോടുകൂടി അവസാനഘട്ട പരിശീലനം പൂർത്തിയാക്കിയശേഷം അടുത്തഘട്ടത്തിൽ ഓരോ റീജനിൽനിന്നും മറ്റു 16 പേർക്കുകൂടി പരിശീലനം നൽകാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടുകൂടി എല്ലാ ജില്ലകളിലും ഏത് സാഹചര്യങ്ങളെയും നേരിടാനുള്ള ശേഷി സേനക്കുണ്ടാകുമെന്നുമാണ് വിലയിരുത്തൽ. തൃശൂർ അക്കാദമിയിലെ പരിശീലനത്തിനുശേഷം പ്രായോഗിക പരിശീലനത്തിന് ഉയർന്ന ക്വാറികളെയാണ് ആശ്രയിക്കുന്നത്. സേനയിലെ സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിലും ഇനി മൗണ്ടനീറിങ് ഓപറേഷൻ പരിശീലനം നൽകും. സ്കൂബഡൈവിങ്, ബിൽഡിങ് കൊളാപ്സ് എന്നിവയിലും പരിശീലനവും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.