മലയാളത്തിന്റെ മരുമക്കളെ ചേർത്തുനിർത്തി നഗരം
text_fieldsമലയാളികളെ വിവാഹം കഴിച്ച വിദേശ വനിതകളുടെ അനുഭവം പങ്കുവെക്കൽ പരിപാടിയിൽ ആൻ മേരിയും ഓൾഗ പോർഡോയും മെലനിയും ആമിനയും
കോഴിക്കോട്: ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും പാഠപുസ്തകത്തിലൂടെ കേട്ടപ്പോൾതന്നെ മെലനി തീരുമാനിച്ചതാണ് ഇനി നാട്ടുകാരി തന്നെയാവണമെന്ന്, ആ ആഗ്രഹം മനസ്സിൽ ഉറച്ചതോടെ ഇന്ത്യയിൽ ഒരുപാട് സുഹൃത്തുക്കളെ കണ്ടെത്തി. അതിലൊരു മലയാളിയെ ജീവന്റെ പാതിയുമാക്കി ഫിലിപ്പീൻസുകാരിയായ മെലനി. ആകാശവാണി കോഴിക്കോട് നിലയവും ചാവറ കൾചറൽ സെന്ററും ചേർന്ന് നടത്തിയ വിദേശികളായ നാലു ‘മലയാളി മരുമക്കളുടെ’ സംഗമത്തിലാണ് ഇവർ ജീവിതാനുഭവങ്ങൾ പങ്കുവെച്ചത്.
നാടിനെയും ജനങ്ങളെയും അടുത്തറിഞ്ഞപ്പോൾ മരണംവരെ ഈ മണ്ണിൽ പുലരണമെന്ന ആഗ്രഹത്തിൽ ബെൽജിയംകാരി ആൻ മേരിയും റഷ്യക്കാരി ഓൾഗ പോർഡോയും ഫിലിപ്പീൻസുകാരിയായ മെലനിയും ചൈനക്കാരി ആമിനയും മലയാളി വരന്മാരെ വരിക്കുകയും ചെയ്തു. ആകാരത്തിലും വസ്ത്രധാരണത്തിലും ഭാഷയിലുമെല്ലാം വേറിട്ടുനിന്നതിനാൽ വിദേശികളെന്ന പരിഗണനയായിരുന്നു ആദ്യം ലഭിച്ചത്. സാരിയുടുക്കാനും നെറ്റിയിൽ സിന്ദൂരവും സീമന്തകവും ചാർത്താനും തുടങ്ങിയതോടെ ആ ചോദ്യം കുറഞ്ഞുവെന്ന് മെലനി പറഞ്ഞു.
‘മാങ്ങയിട്ട മീൻകറി തനിക്ക് ഏറെ പ്രിയമാണ്. റഷ്യയിൽപോയാലും ഇവിടത്തെ ഭക്ഷണരുചി വല്ലാതെ അലട്ടിക്കൊണ്ടിരിക്കും, ഒരാഴ്ച സങ്കടമാണ്’-റഷ്യക്കാരി ഓൾഗ പോർഡോ പറഞ്ഞു. എണ്ണയിൽ പൊരിച്ച ഭക്ഷണം ഏറെ ഇഷ്ടമല്ലെങ്കിലും കോഴിക്കോടൻ രുചിവിഭവങ്ങൾ ഒരു സംഭവമാണ് ബെൽജിയംകാരിയായ ആൻ മേരിക്ക്. മലയാളികളുടെ രീതിയിൽ മഫ്ത ചുറ്റാനും അടുത്തിടപഴകാനും തുടങ്ങിയതോടെ ചൈനക്കാരിയായ തന്നെ ഇന്ത്യക്കാരിയെപോലെയാണ് പരിഗണിച്ചത് -ആമിന പറഞ്ഞു.
ജനനി നൃത്താവിഷ്കാരം അരങ്ങിലവതരിപ്പിച്ചതോടെ വിദേശികൾക്കും മലയാളത്തിന്റെ ശാസ്ത്രീയ നൃത്തമായ മോഹിനിയാട്ടത്തിന്റെ അടവുകളും മുദ്രകളും അസ്സലായി വഴങ്ങുമെന്ന് മരുമക്കൾ തെളിയിച്ചു. കലാമണ്ഡലം നയന മോഹിനിയാട്ടത്തിന്റെ വിവിധ ഭാവങ്ങൾ മരുമക്കളായി എത്തിയവരെക്കൊണ്ട് വേദിയിലവതരിപ്പിച്ചു. ദേവഗിരി സി.എം.എസ് പബ്ലിക് സ്കൂളിലെ അധ്യാപികകൂടിയായ മെലനി ഫിലിപ്പീൻസ് ഫ്രീസ്റ്റൈൽ നൃത്തവും അവതരിപ്പിച്ചു. ഡോ. ഗോവിന്ദരാജാണ് ആൻ മേരിയുടെ ഭർത്താവ്. ഡോ. ഹാരിസാണ് ഓൾഗ പോർഡോയുടെ ഭർത്താവ്. ബിസിനസുകാരനായ അബ്ദുൽ റഫീഖാണ് ആമിനയെ വിവാഹം ചെയ്തത്. ചേളന്നൂർ േബ്ലാക്ക് ഉദ്യോഗസ്ഥനായ ഷിബുവാണ് മെലനിയുടെ ഭർത്താവ്. ആകാശവാണി പ്രോഗ്രാം മേധാവി കെ.വി. ശരത് ചന്ദ്രൻ, ഫാ. ജോൺ മണ്ണാറത്തറ, തേജസ്വിനി നായർ, പി. സരിത എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.