പ്രതിസന്ധിനാളുകളിലെ മുന്നണിപ്പോരാളികൾ
text_fieldsകോഴിക്കോട് ജില്ലയിൽ മാത്രം മൂവായിരത്തോളം പത്രവിതരണക്കാരുണ്ടെന്നാണ് കണക്ക്. ഇവരെ സഹായിക്കുന്നവരടക്കം മൊത്തം 15,000 പേരെങ്കിലും ഇൗമേഖലയെ ആശ്രയിക്കുന്നു. കടകൾ തുറക്കാതായതോടെ സ്റ്റാളുകൾ വഴിയുള്ള പത്രവിതരണം നിലച്ചിരിക്കുകയാണ്...
കോഴിക്കോട്: കോവിഡ് മഹാമാരിക്കാലത്ത് നാട് അടച്ചുപൂട്ടി വീട്ടിലിരിക്കുേമ്പാഴും ഒരു ദിവസംപോലും തൊഴിൽ മുടക്കാത്ത വിഭാഗമാണ് പത്രവിതരണക്കാർ. വീട്ടിലിരിക്കുന്നവർക്ക് പുലർച്ചതന്നെ ആധികാരിക വിവരങ്ങൾ ഉമ്മറപ്പടിയിലെത്തിക്കുന്നവർ. മഹാമാരിയുടെ പ്രതിസന്ധികൾ ചവിട്ടിക്കയറി മുന്നേറുകയാണവർ.
രോഗഭീതിക്കിടയിലും ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഓേരാ വീട്ടിലും പത്രങ്ങളെത്തിക്കാനുള്ള പെടാപ്പാടിനിടയിലും തളരാതെ മുന്നേറുന്നവർ. കോഴിക്കോട് ജില്ലയിൽ മാത്രം മൂവായിരത്തോളം പത്രവിതരക്കാരുണ്ടെന്നാണ് കണക്ക്. ഇവരെ സഹായിക്കുന്നവരടക്കം മൊത്തം 15,000 പേരെങ്കിലും ഇൗമേഖലയെ ആശ്രയിക്കുന്നു. കടകൾ തുറക്കാതായതോടെ സ്റ്റാളുകൾ വഴിയുള്ള പത്രവിതരണം നിലച്ചിരിക്കുകയാണ്. പൊതുഗതാഗതം കുറഞ്ഞതിനാൽ സ്റ്റാൻറുകളിലും റെയിൽവേ സ്േറ്റഷനുകളിലും അധികം പത്രം വേണ്ട.
കോവിഡ് ഭീതിയിൽ നഗരത്തിൽ ഫ്ലാറ്റുകളിലും മറ്റും പത്രവുമായെത്തുന്നത് തടയുകപോലുമുണ്ടായി. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണമായിരുന്നു കാരണം. എന്നാൽ, കർശനമായ സുരക്ഷാനടപടികളെടുത്താണ് പത്രങ്ങൾ വീടുകളിലെത്തിക്കുന്നതെന്ന് വായനക്കാരെ ബോധ്യപ്പെടുത്താൻ ഏജൻറുമാർക്കായി.
കൊറോണഭീതിയില്ലാതെ പത്രം വായിക്കാമെന്ന് വായനക്കാരെ ആദ്യഘട്ടത്തിൽ പറഞ്ഞ് ബോധ്യപ്പെടുത്തി. സാനിറ്റൈസറും മുഖംമൂടിയുമെല്ലാമായി മുൻകരുതലിലാണ് പത്രവിതരണം. വർഷങ്ങളായി ബന്ധപ്പെടുന്ന വീടുകളായതിനാൽ കൊറോണയുടെ വ്യാപനം എവിടെയാണെന്നതടക്കം വിവരങ്ങൾ ഏജൻറുമാർക്ക് സ്വന്തം വീട്ടിലെ കാര്യം പോലെ അറിയാം.
നാടുണരും മുമ്പ് ജോലി തുടങ്ങുന്നവർ
ഒഴിവില്ലാതെ എല്ലാദിവസവും പുലർച്ച മൂന്നിനാണ് ഏജൻറുമാരുടെ ദിവസം തുടങ്ങുക. പുലർച്ചതന്നെ പത്രം വീട്ടിലെത്തണമെന്ന് ആവശ്യപ്പെടുന്നവരാണ് പല വരിക്കാരും.
വീടുകൾ കയറിയിറങ്ങി ഒമ്പതോടെ വിതരണം പൂർത്തിയാവും. വീട്ടിലെത്തി കുളിച്ച് പ്രാതൽ കഴിച്ച് ഷോപ്പുകളിലടക്കം കലക്ഷനെടുക്കാനിറങ്ങും. ഉച്ചക്ക് ഊണിന് ശേഷം കണക്കുകളൊക്കെ ശരിയാക്കിയ ശേഷമാണ് വിശ്രമം. രാത്രി ഒമ്പതോടെ ഉറങ്ങുന്നവരാണ് മിക്കവാറും വിതരണക്കാർ.
എത്തിക്കുന്നത് കടമ്പകളേറെ കടന്ന്
രാവിലെ ഏഴുമണി കഴിഞ്ഞാൽ ഏജൻറുമാരെ പൊലീസ് തടയാനെത്തുന്ന സ്ഥിതിയാണെന്ന് മാവൂർറോഡ്, തെക്കേപ്പുറം, ചാലപ്പുറം തുടങ്ങി നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ പത്രവിതരണം നടത്തുന്ന എം.എസ്. സദറുദ്ദീൻ പറഞ്ഞു. തിരിച്ചറിയൽ കാർഡടക്കം കാണിച്ച് ഏറെ കടമ്പകൾ കടന്നാണ് പത്രങ്ങൾ വീടുകളിലെത്തിക്കുന്നത്. പത്രവിതരണത്തിന് ഇത്രയധികം വെല്ലുവിളി 30ലേറെ കൊല്ലമായി ഈ രംഗത്തുള്ള അനുഭവത്തിൽ ആദ്യമാണെന്നും അദ്ദേഹം പറയുന്നു.
"സർക്കാർ പരിഗണന വേണം'
കോഴിക്കോട്: നൂറിലേറെ കൊല്ലം പഴക്കമുള്ള തൊഴിൽമേഖലക്ക് അർഹമായ പിന്തുണ സർക്കാറിൽനിന്ന് ലഭിക്കുന്നില്ലെന്ന് ന്യൂസ് പേപ്പർ ഏജൻറ്സ് അസോസിയേഷൻ (എൻ.പി.എ.എ) ജില്ല പ്രസിഡൻറ് വി.പി. അനീഷ് പറഞ്ഞു. എജൻറുമാർക്ക് സാമൂഹിക സുരക്ഷാപദ്ധതികൾ വേണം. ഈ ബജറ്റിൽ വാഹനങ്ങൾക്ക് പലിശരഹിത വായ്പ പ്രഖ്യാപിച്ചത് പ്രതീക്ഷയുണ്ടാക്കി. കാര്യങ്ങൾ പോസിറ്റിവായി വരുന്നുവെന്നാണ് പ്രതീക്ഷ.
മുഴുവൻ പത്രവിതരണക്കാർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കാൻ നടപടി വേണമെന്ന് കുഞ്ഞിപ്പള്ളി മേഖലയിൽ പത്രവിതരണം നടത്തുന്ന ഇ.കെ. സത്യൻ പറഞ്ഞു.
കോവിഡ് കാലത്തെ സംതൃപ്തി കോവിഡ് ഭീതിക്കിടയിലും കോപ്പികളൊന്നും കുറയാതെ കൃത്യമായി വീടുകളിലെത്തിക്കാനായ സംതൃപ്തിയിലാണ് താെനന്ന് നന്തിബസാർ ഏജൻറ് സി.പി. അബ്ദുൽ സലാം പറഞ്ഞു.
നഗരത്തിൽ കോവിഡ് രണ്ടാം വരവിൽ ഏറ്റവുമധികം ബുദ്ധിമുട്ടിയ ഭാഗത്താണ് പത്രവിതരണമെന്നതിനാൽ കുറെ കോപ്പികൾ നിലച്ചു. മിക്കതും തിരിച്ചുപിടിച്ച് പ്രതീക്ഷയിലാണ് ഇപ്പോഴെന്ന് 40 കൊല്ലത്തിലേറെയായി പയ്യാനക്കൽ, ആശ്രമം സ്കൂൾ, ചക്കുംകടവ് ഭാഗത്ത് പത്രം നൽകുന്ന പി. ശിവരാമൻ പറഞ്ഞു.
പത്രവിതരണത്തെച്ചൊല്ലി കോവിഡിെൻറ രണ്ടാം വരവിലുണ്ടായ ഭീതി അകന്നതായി വാണിേമൽ ഏജൻറ് എം. മൊയ്തു പറഞ്ഞു. എതിർത്തവർ തന്നെ പത്രം വാങ്ങുന്ന സ്ഥിതിയാണിപ്പോൾ.
കോവിഡ് ക്രിട്ടിക്കൽ സോണിൽ ആരും എത്താത്ത സ്ഥലത്തുവരെ പത്രം കൊണ്ടുകൊടുക്കുേമ്പാഴുള്ള സംതൃപ്തി വലുതാണെന്ന് പരപ്പൻപൊയിൽ ഏജൻറ് സി.കെ. സുലൈമാൻ പറഞ്ഞു.
കൊറോണ പോസിറ്റിവായ വീട്ടുകാർ വിവരം അറിയിച്ചശേഷം അടുത്ത തവണ വരിസംഖ്യ ഒന്നിച്ച് തരാമെന്ന് പറയുന്നതും പത്രം നേരിട്ട് വാങ്ങാതെ ഗേറ്റിന് പുറത്ത് െവക്കാൻ പറയുന്നതുമെല്ലാം വിതരണക്കാർക്ക് ഏറെ സഹായകമാവുന്നുണ്ടെന്ന് കൊടുവള്ളി, പറമ്പത്തുകാവ് ഏജൻറ് ശിവദാസൻ പറയുന്നു.
വരിസംഖ്യയും മറ്റും ഗൂഗിൾപേപോലുള്ള സംവിധാനങ്ങൾ വഴി നൽകാനാവുന്നത് ആശ്വാസമാണെന്നാണ് നന്മണ്ട 13ലെ ഏജൻറ് കെ. സാലിഹിെൻറ അഭിപ്രായം.
പുലർച്ച ജനസമ്പർക്കമില്ലാതെ എത്തി, മാസ്ക് ധരിച്ച്, സാനിറ്റൈസർ ഉപയോഗിച്ച് ഇടക്കിടെ കൈവൃത്തിയാക്കിയാണ് പത്രവിതരണം. വീട്ടിൽ എത്തിയാൽ കുളിച്ചശേഷമേ അകത്ത് കയറാറുള്ളൂവെന്നും വെള്ളലശ്ശേരി ഏജൻറ് എം. സുലൈമാൻ പറഞ്ഞു.
കോവിഡിൽ ഒറ്റപ്പെട്ടുകഴിയുന്ന വീട്ടിൽ പത്രവുമായെത്തുേമ്പാൾ വീട്ടുകാർക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവുമുണ്ടാകും. നിരവധി കുടുംബങ്ങൾ ഇക്കാര്യങ്ങൾ പറഞ്ഞ് നന്ദിയറിയിച്ചതായി ചമൽ ഏജൻറ് എസ്. ബൈജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.