പ്രമുഖരൊഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ്; പ്രിൻസിപ്പൽ ഉൾപ്പെടെ ഒമ്പത് ഡോക്ടർമാർ ഇന്ന് വിരമിക്കും
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സാംക്രമികരോഗ വിഭാഗം മേധാവി ഡോ. ഷീല മാത്യു, ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ. ബീന ഗുഹൻ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ജെ. ബീന ഫിലോമിന, കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ടി. ജയകൃഷ്ണൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. മിനി എന്നിവരുൾപ്പെടെ 17 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് വിരമിക്കുന്നു.
അതിൽ പ്രിൻസിപ്പൽ ഉൾപ്പെടെ ഒമ്പത് ഡോക്ടർമാർ ഇന്ന് വിരമിക്കും. പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഗൈനക്കോളജി വിഭാഗത്തിൽനിന്ന് പ്രഫസർമാരായ ഡോ. എം. രജനി, ഡോ. ബീന ഗുഹൻ, ഡോ. എ. നസീമബീവി എന്നിവരും ഫിസിയോളജി വിഭാഗത്തിൽനിന്ന് വകുപ്പ് മേധാവി പ്രഫ. ഡോ. എൻ. ഗീത, പ്രഫ. ഡോ. ജി. രാജലക്ഷ്മി, ഓഫ്താൽമോളജി വിഭാഗത്തിൽനിന്ന് വകുപ്പ് മേധാവി പ്രഫ. ഡോ. പി.ടി. ജ്യോതി, ഇൻഫക്ഷ്യസ് ഡിസീസ് വിഭാഗത്തിൽനിന്ന് പ്രഫ. ഡോ. ഷീല മാത്യു, കമ്യൂണിറ്റി മെഡിസിനിൽനിന്ന് അസോസിയേറ്റ് പ്രഫ. ഡോ. വി.കെ. ജയദേവ് എന്നിവരാണ് ശനിയാഴ്ച വിരമിക്കുന്നത്.
ദീർഘകാലം റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി, ഏഴ് വർഷം ആശുപത്രി സൂപ്രണ്ട്, മൂന്ന് വർഷം ആർ.എം.ഒ, അഞ്ചു വർഷം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷമാണ് ഡോ. വി.ആർ. രാജേന്ദ്രൻ പടിയിറങ്ങുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെതന്നെ വിദ്യാർഥിയായിരുന്ന വി.ആർ. രാജേന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരുവർഷം സേവനമനുഷ്ഠിച്ചശേഷം 1996ലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്നത്.
മൂന്നുമാസം മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവർത്തിച്ചതൊഴിച്ചാൽ കോഴിക്കോടായിരുന്നു അദ്ദേഹത്തിന്‍റെ തട്ടകം.
രോഗനിർണയ മേഖലയിൽ നിരവധി ഉപകരണങ്ങൾ ലഭ്യമാക്കിക്കൊണ്ട് ആശുപത്രിയെ മുന്നോട്ടുനടത്താൻ ഡോ. വി.ആർ. രാജേന്ദ്രനായി. പ്രിൻസിപ്പൽ എന്നനിലയിൽ ആശുപത്രിയിൽ നിർമിച്ച ആകാശപാത, ചുറ്റുമതിൽ നിർമാണം എന്നിവയിലും സ്തുത്യർഹമായ പങ്ക് വഹിച്ചു. കോവിഡ്, നിപ കാലത്തെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാറിന്‍റെ ആദരവും ലഭിച്ചിട്ടുണ്ട്.
നിപ, കോവിഡ്, കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുകയും കോവിഡ് നോഡൽ ഓഫിസറായി കാര്യങ്ങൾ മികച്ചരീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്താണ് സാംക്രമിക രോഗ വിഭാഗം മേധാവി ഡോ. ഷീല മാത്യു വിരമിക്കുന്നത്. 10 വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിലും 23 വർഷം കോഴിക്കോട് മെഡിക്കൽ കോളജിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാർഡിയോളജി വിഭാഗം മേധാവി ഡോ. സി.ജി. സജീവ്, പാത്തോളജി വിഭാഗം പ്രഫസർ ഡോ. രാജൻ, അനാട്ടമി പ്രഫസർ ഡോ. കെ. ശൈലജ, പാത്തോളജി അസോസിയേറ്റ് പ്രഫസർ ഡോ. പി.സി. മുരളീധരൻ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ജെ. ബീന ഫിലോമിന, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ടി. ജയകൃഷ്ണൻ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. എം.സി. ജീജ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. മിനി എന്നിവർ മേയ് 31ന് വിരമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.