നിപ: വവ്വാലുകളുടെ സാമ്പിൾ ശേഖരണം തുടരും
text_fieldsകോഴിക്കോട്: നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരിക്കുന്നത് തുടരും. കുറ്റ്യാടി മരുതോങ്കരയിൽനിന്നും പൈക്കളങ്ങാടിയിൽനിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക. കഴിഞ്ഞ ദിവസം ഈന്ത്, അടക്ക എന്നിവയും പരിശോധനക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു.
കേന്ദ്രത്തിൽനിന്നെത്തിയ വിദഗ്ധ സംഘവും വനംവകുപ്പും പാലോട് കേരള അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും ജില്ല മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നു.
വളർത്തുമൃഗങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പംതന്നെ വനാ തിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുള്ളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ വനം വകുപ്പും ജില്ല മൃഗസംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്മോർട്ടം, സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ശവസംസ്കരണം എന്നിവ നടത്താനും തീരുമാനിച്ചു.
സമ്പർക്കപ്പട്ടികയിൽ 1,286 പേർ
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 1,286 പേർ. ചൊവ്വാഴ്ച 16 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ചൊവ്വാഴ്ച ലഭിച്ച 49 പരിശോധന ഫലങ്ങളും നെഗറ്റിവാണ്. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 127 പേരും ആദ്യം മരിച്ച വ്യക്തിയുടെ പട്ടികയിൽ 115ഉം ആരോഗ്യ പ്രവർത്തകന്റെ പട്ടികയിൽ 168 പേരും മരിച്ച ആയഞ്ചേരി സ്വദേശിയുടെ പട്ടികയിൽ 450 പേരുമാണുള്ളത്.
നിപ കോൾ സെന്ററിൽ ചൊവ്വാഴ്ച 77 ഫോൺകോളുകളാണ് വന്നത്. 94 പേർക്ക് മാനസിക പിന്തുണ നൽകി. 1,193 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 5,453 വീടുകളിൽ ഇന്നലെ സന്ദർശനം നടത്തി. 52,667 വീടുകളാണ് ഇതുവരെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.