വാങ്ങാനാളില്ല; പഴവിപണിയിൽ മാന്ദ്യം
text_fieldsകോഴിക്കോട്: നിപ പേടിയിൽ പഴവർഗങ്ങളോട് മുഖം തിരിച്ച് ജനം. കോർപറേഷനിലെ പലയിടങ്ങളും കണ്ടെയ്ൻമെന്റ് സോണായതോടെ നഗരത്തിലേക്ക് വരുന്നവരുടെ എണ്ണം പകുതിയായി ചുരുങ്ങി. ഇത് എല്ലാ കച്ചവടത്തെയും ബാധിച്ചിട്ടുണ്ടെങ്കിലും പഴവിൽപനയാണ് കുത്തനെ കുറഞ്ഞത്. രോഗം ബാധിച്ച പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് ബാധ എന്നതിനാൽ അവ കടിച്ച പഴങ്ങൾ കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങളുടെ ആശങ്ക കടുത്ത നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്.
പഴവിപണിയിൽ നിന്ന് റംബൂട്ടാൻ പൂർണമായും അപ്രത്യക്ഷമായിക്കഴിഞ്ഞു. സീസൺ അവസാനിക്കാറായതിനാൽ വില കൂടിയതുമൂലം റംബൂട്ടാൻ കൊണ്ടുവരാറില്ലെന്ന് കച്ചവടക്കാർ പറയുന്നു. എന്നാൽ, കിലോക്ക് വെറും 50 രൂപയുള്ള നാടൻ പേരക്ക ആളുകൾ തിരിഞ്ഞുനോക്കുന്നു പോലുമില്ല. വിദേശിയായ കിലോ പേരക്ക 130ൽ നിന്ന് 100 രൂപയായി കുറഞ്ഞിട്ടുണ്ട്. ഓറഞ്ചിനോടും മാതളനാരങ്ങയോടും താൽപര്യം കുറഞ്ഞിരിക്കുന്നു.
വരത്തനായതിനാലാകാം ആപ്പിൾ ചിലരെങ്കിലും വാങ്ങുന്നുണ്ട്. വാഴപ്പൂവിൽ നിന്ന് വവ്വാൽ തേൻകുടിക്കുമെന്ന് പ്രചാരമുണ്ടെങ്കിലും വാഴപ്പഴത്തിന് വിലയൊന്നും കുറഞ്ഞിട്ടില്ല. ഞാലിപ്പൂവന് 90 രൂപയും നേന്ത്രപ്പഴത്തിന് 50 രൂപയുമാണ് വില. ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞത് പഴവിപണിയെ സാരമായി ബാധിച്ചെന്നും കച്ചവടം നേർപകുതിയായി കുറഞ്ഞുവെന്നും കച്ചവടക്കാർ പറഞ്ഞു.
പാളയം മാർക്കറ്റിൽ വിൽപന തകൃതിയായി നടക്കാറുള്ള ശനിയാഴ്ച വൈകീട്ടുപോലും പേരിന് മാത്രമാണ് ആളുകളുള്ളത്. നിപ വൈറസ് വ്യാപനം വരുന്നതിനുമുമ്പ് പഴങ്ങൾ വാങ്ങിവെച്ച പലർക്കും വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ, പഴങ്ങൾ കഴിക്കുന്നത് പൂർണമായി ഒഴിവാക്കേണ്ടതില്ലെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നുമാണ് വിദഗ്ധ അഭിപ്രായം.
നിലത്ത് വീണുകിടക്കുന്നതോ പക്ഷികൾ കടിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കണം. മരങ്ങളിൽനിന്ന് പറിച്ചെടുക്കുന്ന പഴങ്ങളോ പച്ചയായിരിക്കെ പറിച്ചെടുത്ത് പഴുപ്പിക്കുന്നവയോ ഉപയോഗിക്കാം. കട്ടിയുള്ള തൊലിയുള്ള പഴങ്ങൾ പൊതുവേ സുരക്ഷിതമാണ്. തൊലി നീക്കം ചെയ്തശേഷം കഴിക്കാം.
എല്ലാ പഴങ്ങളും 15-20 മിനിറ്റ് വെള്ളത്തിൽ ഇട്ടശേഷം ശുദ്ധമായി വേറെ വെള്ളത്തിൽ കഴുകിയ ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്. ഇതുമൂലം വൈറസിനെ ഒഴിവാക്കാം. കടയിൽനിന്ന് വാങ്ങുന്ന പഴങ്ങളിൽ മുന്തിരി, വാഴപ്പഴം, ഈത്തപ്പഴം, വെണ്ണപ്പഴം എന്നിവ താരതമ്യേന സുരക്ഷിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.