കരകയറുന്നു, നിപ ഭീതിയിൽനിന്ന്
text_fieldsകോഴിക്കോട്: നിപ രോഗബാധയുടെ രണ്ടാംവരവിന് ശേഷം പത്തു ദിവസം പിന്നിടുേമ്പാൾ ജില്ലക്ക് ആശ്വാസവും നെടുവീർപ്പും. പാഴൂർ മുന്നൂര് സ്വദേശി മുഹമ്മദ് ഹാഷിമിെൻറ മരണത്തിനു ശേഷം സമ്പർക്കപ്പട്ടികയിലുള്ളവരിൽ പരിശോധന നടത്തിയവെരല്ലാം നെഗറ്റിവായത് ആരോഗ്യവകുപ്പിനും ജില്ല ഭരണകൂടത്തിനും ആഹ്ലാദകരമായ വാർത്തയാണ്.
ഈ മാസം നാലിന് വൈകീട്ട് നിപ സ്ഥിരീകരിച്ചയുടൻ നടത്തിയ പ്രവർത്തനങ്ങളാണ് കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ പ്രധാനകാരണമായത്. സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്തി പെട്ടെന്ന് നിരീക്ഷണത്തിലാക്കാൻ ആരോഗ്യവകുപ്പിെൻറ പ്രവർത്തനങ്ങൾ സഹായിച്ചു. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിെൻറ ഗവ. മെഡിക്കല്‍ കോളജിലെ വി.ആര്.ഡി. ലാബില്‍ പ്രത്യേക ലാബ് സജ്ജമാക്കാനുമായി. എന്‍.ഐ.വി. പുണെ, എന്‍.ഐ.വി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ഈ ലാബ്. നിപ വൈറസ് പരിശോധനക്കുള്ള അര്.ടി.പി.സി.ആര്, പോയൻറ് ഓഫ് കെയര്‍ ടെസ്റ്റിങ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ സജ്ജമാക്കിയത്. ടെസ്റ്റ് കിറ്റുകളും റീയേജൻറും മറ്റ് അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പുണെയിൽനിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍നിന്നും അടിയന്തരമായി എത്തിക്കുകയായിരുന്നു.
നിലവിൽ 46 പേരാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ളത്. പലരും നെഗറ്റീവാണ്. ആകെ 265 പേരായിരുന്നു സമ്പർക്കപട്ടികയിലുണ്ടായിരുന്നത്.എല്ലാവരും വീടുകളിലടക്കം ക്വാറൻറീൻ തുടരുകയാണ്. ഇവർക്ക് കൃത്യമായ നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നുണ്ട്. പകുതിയിലേറെയും ആരോഗ്യപ്രവർത്തകരായതിനാൽ സമ്പർക്കപട്ടികയിലുള്ളവർ ക്വാറൻറീൻ നിയമങ്ങൾ പാലിക്കുന്നുണ്ട്.
മാസ്കും സാനിറ്റൈസറും നിപ വൈറസ് വ്യാപിക്കുന്നത് തടഞ്ഞു എന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരീകരിച്ച് 42 ദിവസത്തിന് ശേഷവും രോഗമില്ലെങ്കിൽ മാത്രമേ നിപമുക്തമായെന്ന് പറയാനാകൂവെന്നും അതിനാൽ ജാഗ്രത തുടരുമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ പറഞ്ഞു. ചാത്തമംഗലത്തും സമീപ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിലെയും നിപ കണ്ടെയ്ൻമെൻറ് സോണുകൾ തുടരും. കണ്ടയ്ൻമെൻറ് സോൺ നിലവിൽ വന്ന് 14 ദിവസം തികയുേമ്പാൾ ചില ഇളവുകൾ നൽകിയേക്കുമെന്നും ഡോ. ജയശ്രീ പറഞ്ഞു. നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കുന്നതായ പരാതിയും വ്യാപകമാണ്.
രോഗബാധയുടെ വ്യാപനം തടഞ്ഞെങ്കിലും വൈറസിെൻറ ഉറവിടം കണ്ടെത്താനാകാത്തത് അധികൃതർക്ക് വെല്ലുവിളിയാണ്. ഇതുവരെ പരിശോധിച്ച ഉറവിട സാമ്പിളുകളിലൊന്നും വൈറസിനെ കണ്ടെത്തിയിട്ടില്ല. ഏതുതരം വവ്വാലാണ് രോഗവാഹകർ എന്നതും അജ്ഞാതമായി തുടരുകയാണ്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ആവശ്യക്കാർ കുറഞ്ഞ പഴ വിപണിയിൽ വീണ്ടും ആളനക്കമുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.