നിപ നിയന്ത്രണത്തിൽ; മെഡി.കോളജിലെ സൗകര്യങ്ങൾ മന്ത്രി വിലയിരുത്തി
text_fields
കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച് നിപ ചികിത്സക്കായുള്ള സംവിധാനങ്ങള്‍ വിലയിരുത്തി. നിപ രോഗികളുടെ പരിചരണവും ചികിത്സയും സംബന്ധിച്ച് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി. നിപയോടൊപ്പം തന്നെ കോവിഡും കോവിഡ് ഇതര രോഗപ്രതിരോധ പ്രവർത്തനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകേണ്ടതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വരാതിരിക്കാൻ വേണ്ടത്ര സുരക്ഷാമുന്നൊരുക്കങ്ങള്‍ നടത്തണം. ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനങ്ങള്‍ നല്‍കാനും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാക്കിയ നിപ ലാബിെൻറ പ്രവര്‍ത്തനം വിലയിരുത്തി. എന്‍.ഐ.വി പുണെ, എന്‍.ഐ.വി ആലപ്പുഴ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുമായും മന്ത്രി ചര്‍ച്ച നടത്തി. അതിവേഗം നിപ ലാബ് സജ്ജമാക്കി പരിശോധനയാരംഭിച്ച സംഘത്തെ മന്ത്രി അഭിനന്ദിച്ചു. മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താനും കാത്ത് ലാബിെൻറ പ്രവര്‍ത്തനം 24 മണിക്കൂറാക്കാനും മന്ത്രി നിർദേശിച്ചു. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് പ്രാധാന്യം നല്‍കണം. കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള സംവിധാനം എത്രയും വേഗം സജ്ജീകരിക്കണം. വിദഗ്ധ ഡോക്ടര്‍മാരും ഉയര്‍ന്ന ചികിത്സ സംവിധാനവുമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍ പരിശ്രമിക്കണം. ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
വിവരശേഖരണ സർവേ സമീപ പ്രദേശങ്ങളിലേക്കും
പാഴൂർ: നിപ ലക്ഷണമുള്ളവരെ കണ്ടെത്താനും ബോധവത്കരണത്തിനുമായി ആരോഗ്യവകുപ്പ് നടത്തുന്ന വിവരശേഖരണ സർവേ പുരോഗമിക്കുന്നു. രോഗം റിപ്പോർട്ട് ചെയ്ത വാർഡിൽ മാത്രമായിരുന്നു ചൊവ്വാഴ്ച വിവരശേഖരണം.
ബുധനാഴ്ച പഞ്ചായത്തിലെ മറ്റു വാർഡുകളിലും വിവരശേഖരണം നടത്തി. മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള സമീപ പഞ്ചായത്തുകളിലെ വാർഡുകളിലും വിവരശേഖരണം നടത്തും. ആരോഗ്യപ്രവർത്തകരും വളൻറിയർമാരും അടങ്ങുന്ന സംഘം വീടുകളിലെത്തി പനിയും സമാനലക്ഷണവും ഉള്ളവരെ കണ്ടെത്തി കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. നിശ്ചിത ചോദ്യാവലി ഉപയോഗിച്ചാണ് വിവരശേഖരണം. സമീപകാലത്ത് രോഗ ലക്ഷണമില്ലാതെ മരിച്ചവരുടെയും രോഗബാധിതരായ മൃഗങ്ങളുടെയും വിവരമെടുക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി ലഭ്യമാകുന്ന വിവരങ്ങൾ അപ്പപ്പോൾതന്നെ ആരോഗ്യവകുപ്പിെൻറ പോർട്ടലിലേക്കും വകുപ്പ് മന്ത്രിക്കും കൈമാറുന്നുണ്ട്.
നിപ ബോധവത്കരണത്തിന് രാഷ്്ട്രീയപാർട്ടികൾ നേതൃത്വം നൽകണം –ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ ഭീതിയും കോവിഡും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജാഗ്രത സൃഷ്ടിക്കുന്നതിനും ബോധവത്കരണം നല്‍കുന്നതിനും രാഷ്ട്രീയപാര്‍ട്ടികള്‍ നേതൃത്വം നല്‍കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടു.
നിപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കുന്നതിെൻറ ഭാഗമായി രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വവ്വാലുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ നല്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വവ്വാലിനെ ബലമായി ഓടിക്കുന്നത് അപകടകരമാണ്. ഈ രോഗസാഹചര്യത്തില്‍ ജില്ലയില്‍ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും സഹകരണവും നല്‍കുന്നതിലും ശ്രദ്ധപുലര്‍ത്തണമെന്ന് പാര്‍ട്ടി പ്രതിനിധികളോട് മന്ത്രി അഭ്യര്‍ഥിച്ചു.
നിപ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പലതരത്തിലുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബോധവത്കരണം നടത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണം. പനിയുണ്ടെന്ന് പറയാന്‍പോലും ആളുകള്‍ ഭയക്കുന്ന സാഹചര്യമാണിന്ന്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
നിപ നിയന്ത്രണത്തിൽ; മെഡി.കോളജിലെ സൗകര്യങ്ങൾ മന്ത്രി വിലയിരുത്തി
മാവൂർ: നിപ ബാധിത പ്രദേശങ്ങളുടെ സമീപപഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ദേശീയ രോഗ നിവാരണ സെൻററിലെ ഉദ്യോഗസ്ഥ സംഘമെത്തി. കേന്ദ്ര ആരോഗ്യ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി. രവീന്ദ്രൻ, പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ് അഡീഷനൽ ഡയറക്ടർ ഡോ. കെ. രഘു, അഡീഷനൽ ഡി.എം.ഒ പിയൂഷ് നമ്പൂതിരിപ്പാട് എന്നിവരാണ് സംഘത്തിലുള്ളത്. നിപ മരണമുണ്ടായ ഞായറാഴ്ച മുതൽ ഇവർ കോഴിക്കോടുണ്ട്. ചാത്തമംഗലം, മാവൂർ, കൊടിയത്തൂർ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമാണ് സംഘം എത്തിയത്. നിപ സ്ഥിരീകരിച്ച പാഴൂരിെൻറ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന തദ്ദേശ സ്ഥാപനങ്ങളിലാണിവ. ഓരോ പഞ്ചായത്തിലും നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, വളൻറിയർമാർ എന്നിവരോട് സംവദിച്ചു. നിപയുടെ ലക്ഷണങ്ങൾ, റിപ്പോർട്ട് ചെയ്താൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.