നിപ: കോർപറേഷൻ, ഫറോക്ക് കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണം തുടരും
text_fieldsകോഴിക്കോട്: ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
സെപ്റ്റംബർ 13ന് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളിൽ കഴിഞ്ഞ ദിവസം ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പോസിറ്റിവായ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കത്തിൽപെട്ട ചിലരുടെ കൂടി ഫലങ്ങൾ പുറത്തുവരാനുണ്ട്. വരും ദിവസങ്ങളിൽ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഇളവുകൾ പ്രഖ്യാപിക്കാമെന്നാണ് യോഗത്തിലുണ്ടായ തീരുമാനം.
ചെറുവണ്ണൂർ ഭാഗത്ത് കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെട്ട മൂന്നു വാർഡുകളിലെ 4664 വീടുകളിലും ബേപ്പൂരിലെ മൂന്നു വാർഡുകളിലായി 6606 വീടുകളിലും നല്ലളം ഭാഗത്തെ മുഴുവൻ വീടുകളിലും ഫറോക്ക് നഗരസഭയിലെ 9796 വീടുകളിലും ഗൃഹ സന്ദർശനം ഇതിനോടകം പൂർത്തീകരിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിനൊപ്പം നല്ലരീതിയിൽ പ്രവർത്തിക്കുന്ന കോർപറേഷൻ, നഗരസഭ, മികച്ച രീതിയിൽ ജനങ്ങളോട് ഇടപെട്ട് ഗൃഹസന്ദർശനം തുടരുന്ന ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരെയെല്ലാം അവലോകന യോഗത്തിൽ അഭിനന്ദിച്ചു.
മേയർ ഡോ. ബീന ഫിലിപ്പ്, കലക്ടർ എ. ഗീത, എ.ഡി.എം സി. മുഹമ്മദ് റഫീഖ് എന്നിവരും ഓൺലൈനായി ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ്, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ പി.എസ്. ഷിനോ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.