നിപ രോഗബാധയുടെ ഉറവിടം വവ്വാലാകാൻ സാധ്യത
text_fieldsമാവൂർ/കോഴിക്കോട്: പാഴൂരിൽ നിപ രോഗബാധയുടെ ഉറവിടം വവ്വാലാകാനാണ് കൂടുതൽ സാധ്യതയെന്ന് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. മിനി ജോസ്.
വവ്വാൽ കടിച്ച റമ്പൂട്ടാനിലൂടെയോ അടക്കയിൽനിന്നോ ആകാം രോഗബാധയുണ്ടായതെന്നും അവർ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രദേശത്ത് വവ്വാൽ സാന്നിധ്യമുണ്ട്. ഇവയെ പിടികൂടി സ്രവപരിശോധനക്ക് വിധേയമാക്കും. കാട്ടുപന്നികൾ വൈറസിെൻറ പ്രാഥമിക വാഹകർ ആണ്. അതും പരിശോധിക്കും. ഇവക്ക് രോഗബാധയുണ്ടെങ്കിൽ കൂടുതൽ പന്നികളിലേക്ക് വ്യാപിക്കാനും ചത്തുവീഴാനും സാധ്യതയേറെയാണ്. എന്നാൽ, ഇത്തരം സംഭവങ്ങൾ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർമാരായ ഡോ. സ്വപ്ന സൂസൻ, ഡോ. നന്ദകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അതിനിടെ, നിപയുെട ഉറവിടം കണ്ടെത്താനായി ശേഖരിച്ച സാമ്പിളുകൾ ഭോപാലിലേക്ക് അയച്ചു. ആറ് ചത്ത വവ്വാലുകളും വവ്വാൽ വിസർജ്യവും 23 ആടുകളുടെ രക്തവും സ്രവവും വവ്വാൽ കടിച്ച റംബൂട്ടാൻ പഴവും അടക്കയുമാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസിലേക്ക് ദൂതൻ വഴി അയച്ചത്. നെടുമ്പാശ്ശേരിയിൽനിന്ന് വിമാനമാർഗം അയക്കുകയായിരുന്നു. നേരത്തേ കാർഗോ, െകാറിയർ കമ്പനികൾ സാമ്പിളുകൾ അയക്കാൻ വിസമ്മതിച്ചിരുന്നു.
അതിനിടെ, പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം റോഡ് മാർഗം കോഴിക്കോട്ടെത്തി.ജീവനുള്ള വവ്വാലുകളെ പിടികൂടി സാമ്പിളുകൾ ശേഖരിക്കാനായി വല വിരിച്ചിട്ടുണ്ട്.
സാമ്പ്ൾ ശേഖരിക്കാൻ കാട്ടുപന്നിയെ പിടികൂടി
മാവൂർ: ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരിലുണ്ടായ നിപ ബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് സ്രവ സാമ്പ്ൾ ശേഖരിക്കാനുള്ള കാട്ടുപന്നിയെ മാവൂരിൽനിന്ന് ഫോറസ്റ്റ് അധികൃതർ പിടികൂടി. വ്യാഴാഴ്ച രാത്രി 10ഓടെ താത്തൂർ പൊയിലിലെ ഗ്രാസിം ഫാക്ടറിയുടെ അധീനതയിലുള്ള കരിമലയിൽനിന്നാണ് ഒരു ക്വിൻറലോളം തൂക്കമുള്ള ആൺ കാട്ടുപന്നിയെ വെടിവെച്ച് പിടികൂടിയത്. താമരശ്ശേരി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവിെൻറ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമാണ് പന്നിയെ പിടിച്ചത്. മാവൂർ പഞ്ചായത്ത് പരിധിയിൽനിന്നുള്ള സാമ്പ്ൾ ശേഖരണത്തിനാണ് ഇതിനെ വേട്ടയാടിയത്. ചാത്തമംഗലം പരിധിയിൽനിന്ന് ഒരു പന്നിയെ കൂടി സാമ്പ്ൾ ശേഖരണത്തിന് പിടികൂടേണ്ടതുണ്ട്. ആർ.ആർ.ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. രാജീവ്, പി.വി. വിനേഷ് കുമാർ, നാസർ കൈപ്രം, ശബീർ ചുങ്കം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നിപ: നിയന്ത്രണങ്ങൾ ഉന്നത പൊലീസ് സംഘം വിലയിരുത്തി
മാവൂർ: നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണാക്കിയ പാഴൂരിൻെറ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും സുരക്ഷ സംവിധാനങ്ങളും പൊലീസ് കമീഷണർ എ.വി. ജോർജിൻെറ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം പരിശോധിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഘമെത്തിയത്. ബാരിക്കേഡ് വെച്ച് കൊട്ടിയടച്ച കൂളിമാട് അങ്ങാടി, പുൽപറമ്പ്, നിയന്ത്രണമുള്ള ചിറ്റാരി പിലാക്കൽ, നായർകുഴി ഭാഗങ്ങളിലും പരിശോധിച്ചു. പൊലീസ് പിക്കറ്റും പൊലീസിൻെറ പരിശോധനകളും വിലയിരുത്തി. നിയന്ത്രണങ്ങളും സംവിധാനങ്ങളും തൃപ്തികരമാണെന്ന് കമീഷണർ പറഞ്ഞു.
ഡെപ്യൂട്ടി പൊലീസ് കമീഷണർ സ്വപ്നിൽ എം. മഹാജൻ, മെഡിക്കൽ കോളജ് എ.സി.പി സുദർശനൻ, മാവൂർ സി.ഐ കെ. വിനോദൻ എന്നിവരും കമീഷണറോടൊപ്പമുണ്ടായിരുന്നു.
വവ്വാലുകളുടെ വാസസ്ഥലം തേടി വിദഗ്ധസംഘം കൊടിയത്തൂരിൽ
കൊടിയത്തൂർ: നിപ ബാധിച്ച് ചാത്തമംഗലം പഞ്ചായത്തിലെ മൂന്നൂർ വയോളിയിൽ പന്ത്രണ്ടുകാരൻ മരിച്ച സംഭവത്തിൽ വവ്വാലുകളുടെ വാസസ്ഥലം തേടി കേന്ദ്ര, കേരള സംഘം കൊടിയത്തൂരെത്തി.
പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഗോകുൽ, ചീഫ് െവറ്ററിനറി ഫോറസ്റ്റ് ഓഫിസർ ഡോ. അരുൺ സക്കറിയ്യ, ഡോ. അജേഷ് മോഹനൻ, അരുൺ സത്യൻ, നഴ്സുമാരടക്കമുള്ള സംഘമാണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ സന്ദർശനം നടത്തിയത്.
മൂന്ന് കിലോമീറ്റർ പരിധിയിൽപെടുന്ന കൊടിയത്തൂരിലെ കുറ്റിയോട്ട് ഭാഗത്തെ വവ്വാലുകളുടെ ആവാസകേന്ദ്രമാണ് സന്ദർശിച്ചത്. വവ്വാലുകളുടെ താമസമേഖലകളിൽ സഞ്ചരിച്ച് കാര്യങ്ങൾ വിശദമായ രീതിയിൽ വിലയിരുത്തി. വെള്ളിയാഴ്ച സംഘം ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത്, വവ്വാലുകൾ താമസിക്കുന്ന കൊടിയത്തൂർ കുറ്റിയോട്ടെ മരച്ചുവട്ടിലെത്തും. വവ്വാലുകളെ പിടികൂടാൻ വിശാലമായ വലകൾ സ്ഥാപിക്കും.
മാവൂർ പഞ്ചായത്തിനെതിരെ കേന്ദ്രസംഘത്തിന്റെ വിമർശനം; വാർത്ത വാസ്തവവിരുദ്ധമെന്ന് പ്രസിഡൻറ്
മാവൂർ: സമീപ പഞ്ചായത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം മാവൂർ പഞ്ചായത്തിനെ വിമർശിച്ചെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് പ്രസിഡൻറ് പി. ഉമ്മർ മാസ്റ്റർ അറിയിച്ചു. ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയ സംഘം തൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിെൻറ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
വാർത്ത ശ്രദ്ധയിൽപെട്ട കേന്ദ്രസംഘം വ്യാഴാഴ്ച വീണ്ടും ഓഫിസിലെത്തി പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയിന്മെൻറ് സോണാക്കി കലക്ടര്‍ സെപ്റ്റംബർ അഞ്ചിന് ഇറക്കിയ ഉത്തരവില്‍ മാവൂര്‍ പഞ്ചായത്ത് ഉള്‍പ്പെടാതിരുന്നതാണ് സർവേ സംബന്ധിച്ച് ആശയക്കുഴപ്പത്തിന് കാരണം. നിപ പ്രതിരോധ പ്രവര്‍ത്തനത്തിെൻറ ആദ്യഘട്ടത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലും മാവൂര്‍ പഞ്ചായത്ത് പ്രസിഡൻറിനെ ക്ഷണിച്ചിരുന്നില്ല. നിപ പ്രതിരോധ പ്രവര്‍ത്തനത്തിെൻറ സർവേ നടപടികള്‍ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിലാണ് നടന്നത്. പഞ്ചായത്തിന് ഇതുസംബന്ധിച്ച പരിശീലനം ലഭിച്ചിരുന്നില്ല. സെപ്റ്റംബർ ആറിന് ജില്ല കലക്ടര്‍ ഇറക്കിയ ഉത്തരവിലാണ് മാവൂര്‍ പഞ്ചായത്തിലെ 9, 10, 11 വാര്‍ഡുകള്‍ കണ്ടെയിന്മെൻറ് സോണാക്കിയത്. അന്ന് വൈകീട്ട് ആറിനാണ് പിറ്റേദിവസം സര്‍വേ നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്. മൂന്ന് വാര്‍ഡ് മെംബര്‍മാരും ആര്.ആര്.ടി പ്രവര്‍ത്തകരും എല്ലാവിധ സഹായങ്ങളും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് എട്ടിനാണ് ഓണ്‍ലൈനായി സര്‍വേ സംബന്ധിച്ച പരിശീലനം കിട്ടിയത്. സര്‍വേ വ്യാഴാഴ്ച നടത്തുകയും അന്തിമഘട്ടത്തില്‍ എത്തിയിട്ടുമുണ്ട്. ആരോഗ്യവകുപ്പിെൻറ വീഴ്ചയെ പഞ്ചായത്തിെൻറ ചുമലില്‍ ഇടാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും പ്രസിഡൻറ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.എം. അപ്പുകുഞ്ഞൻ, മെംബർമാരായ എം.പി. അബ്ദുൽ കരീം, ഗീതാമണി എന്നിവരും പങ്കെടുത്തു.
നിപ: ജാഗ്രത യോഗം ചേർന്നു
നാദാപുരം: നിപ രോഗപ്രതിരോധത്തിെൻറ ഭാഗമായി മണ്ഡലം തല ജാഗ്രത യോഗം നാദാപുരം അതിഥി മന്ദിരത്തിൽ ചേർന്നു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി. വനജ, കെ.പി. ചന്ദ്രി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി. പ്രദീഷ് (വളയം), വി.വി. മുഹമ്മദലി (നാദാപുരം), ബാബു കാട്ടാളി (നരിപ്പറ്റ),എൻ.പത്മിനി (എടച്ചേരി), നസീമ കൊട്ടാരത്തിൽ (ചെക്യാട്), കെ. മധു മോഹൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ചന്ദ്രബാബു, ചേലക്കാടൻ കുഞ്ഞമ്മദ്, ആർദ്രം മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. അഖിലേഷ് കുമാർ, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. ജമീല, വളയം പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ശശീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.സി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് തലത്തിൽ ജാഗ്രത യോഗങ്ങൾ ഒരാഴ്ചക്കുള്ളിൽ വിളിച്ചു ചേർക്കാനും,ആർ.ആർ. ടി. തലത്തിൽ ബോധവത്കരണം നടത്താനും തീരുമാനിച്ചു.വാർഡ് തലത്തിൽ രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.