എൻ.ഐ.ടി പ്രതികാര നടപടി; വിദ്യാർഥി സംഘടനകൾ പ്രക്ഷോഭത്തിന്
text_fieldsചാത്തമംഗലം: രാത്രി നിയന്ത്രണത്തിനെതിരെ സമരംചെയ്ത വിദ്യാർഥികൾക്കെതിരെ ഭീമമായ തുക പിഴ ചുമത്താനുള്ള നീക്കത്തിനെതിരെ വിദ്യാർഥി സംഘടനകൾ പ്രക്ഷോഭത്തിേലക്ക്.
അധികൃതരുടെ നടപടിക്കെതിരെ എസ്.എഫ്.ഐ എൻ.ഐ.ടിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മെയിൻ ഗേറ്റിൽ ബാരിക്കേഡ് ഉയർത്തി മാർച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡ് ചാടിക്കടക്കാനും തള്ളിമാറ്റാനും ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. ഇതിനിടെ ബാരിക്കേഡ് ബന്ധിച്ച എൻ.ഐ.ടിയുടെ മതിൽ അടർന്നുവീണ് അഡീഷനൽ എസ്.ഐ രമേശന് പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. മിഥുൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ. ആസാദ് അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം മുഹമ്മദ് യാസിൻ സംസാരിച്ചു. പി.എസ്. ശ്രീദത്ത് സ്വാഗതവും അഭിശ്വതി നന്ദിയും പറഞ്ഞു.
എൻ.ഐ.ടി നടപടി അന്യായം
കോഴിക്കോട്: എൻ.ഐ.ടിയുടെ വിദ്യാർഥി വിരുദ്ധമായ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന സമരത്തിന് നേതൃത്വം നൽകിയ അഞ്ച് വിദ്യാർഥികൾക്കെതിരിൽ ആറ് ലക്ഷത്തിലധികം രൂപ വീതം പിഴ ചുമത്തിയ എൻ.ഐ.ടി അധികൃതരുടെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഭരണഘടനാപരമായ അവകാശങ്ങളുടെ നഗ്ന ലംഘനവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അഭിപ്രായപ്പെട്ടു. വിദ്യാർഥി വിരുദ്ധമായ സമീപനങ്ങൾ തിരുത്തുന്നതിനുപകരം അവകാശപ്പോരാട്ടം നടത്തുന്ന വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന സമീപനം അംഗീകരിക്കാനാവില്ല. നേരത്തേ അന്യായമായി സസ്പെൻഷൻ നൽകി പിന്നീട് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചെടുത്ത വിദ്യാർഥിക്കെതിരിലടക്കം പിഴ ചുമത്തിയത് വിദ്യാർഥിവേട്ടയുടെ ഒടുവിലത്തെ ഉദാഹരണമാണ്. സംഘ്പരിവാറിന് ദാസ്യവേല ചെയ്യുന്ന എൻ.ഐ.ടിയുടെ തുടർന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികൾക്കെതിരിൽ ശക്തമായ പ്രതിഷേധങ്ങൾ തീർക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് വ്യക്തമാക്കി. ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ അധ്യക്ഷതവഹിച്ചു.
ജില്ല ജനറൽ സെക്രട്ടറിമാരായ തബ്ഷീറ സുഹൈൽ, റഈസ് കുണ്ടുങ്ങൽ, ജില്ല വൈസ് പ്രസിഡന്റ് ആയിഷ മന്ന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.