കോഴിക്കോട് തദ്ദേശത്തിൽ തിളങ്ങിയവരും പോരിനിറങ്ങും
text_fieldsകോഴിക്കോട്: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥ്യം വഹിച്ചവരും അംഗങ്ങളായി തിളങ്ങിയവരും നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള പരിഗണനപട്ടികയിൽ. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരായ ബാബു പറശ്ശേരി, കെ.പി. കുഞ്ഞമ്മദ് കുട്ടി, മുൻ കോർപറേഷൻ കൗൺസിലർ വിദ്യ ബാലകൃഷ്ണൻ തുടങ്ങിയവരുടെ പേരുകളാണ് എൽ.ഡി.എഫിലും യു.ഡി.എഫിലും ഉയരുന്നത്.
കോർപറേഷൻ മേയർ സ്ഥാനത്തും പൊതുരംഗത്തും സൗമ്യസാന്നിധ്യത്താലും പ്രവർത്തന മികവിനാലും ശ്രദ്ധനേടിയ തോട്ടത്തിൽ രവീന്ദ്രനെ കോഴിക്കോട് നോർത്തിലാണ് പരിഗണിക്കുന്നത്. എ. പ്രദീപ് കുമാർ നാലാം വട്ടവും മത്സരിക്കില്ലെങ്കിൽ മണ്ഡലം നിലനിർത്താൻ കരുത്തനായ സ്ഥാനാർഥി വേണമെന്ന വിലയിരുത്തലിനെ തുടർന്നാണ് തോട്ടത്തിലിെൻറ പേര് ഉയരുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ ബി.ജെ.പി വോട്ടുബാങ്കിലും കടന്നുകയറാൻ ശേഷിയുള്ളയാളാണ്. കഴിഞ്ഞ തവണ ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്ന ബാബു പറശ്ശേരിയും സാധ്യത പട്ടികയിലുണ്ട്. കുന്നമംഗലമാണ് ബാബു പറശ്ശേരിക്ക് താൽപര്യമെങ്കിലും നിലവിലെ എം.എൽ.എ പി.ടി.എ റഹീം ഉറപ്പിച്ച സ്ഥിതിക്ക് മറ്റ് മണ്ഡലങ്ങളും തേടേണ്ടി വരും. ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറും പിന്നീട് ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ ബാബു പറശ്ശേരിക്ക് തദ്ദേശഭരണത്തിലെ മികവ് തന്നെയാണ് പ്ലസ്പോയൻറ്.
2005 മുതൽ 2010 വരെ ജില്ല പഞ്ചായത്ത് പ്രസിൻറായിരുന്ന െക.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ കുറ്റ്യാടിയിൽ രംഗത്തിറക്കാനാണ് സി.പി.എമ്മിെൻറ ആലോചന. മുസ്ലിം ലീഗിെൻറ പാറക്കൽ അബ്ദുല്ലയിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കുകയാണ് ലക്ഷ്യം.
കോഴിക്കോട് കോർപറേഷനിൽ രണ്ടു വട്ടം കൗൺസിലറായിരുന്ന വിദ്യ ബാലകൃഷ്ണൻ യു.ഡി.എഫിെൻറ കോഴിക്കോട് നോർത്തിലെ സ്ഥാനാർഥി പരിഗണന പട്ടികയിലുണ്ട്. കഴിഞ്ഞ കൗൺസിലിൽ അമൃത് പദ്ധതി അഴിമതിയടക്കം ശക്തമായി ഉന്നയിച്ച വിദ്യ കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ ശ്രദ്ധയിലുള്ള നേതാവാണ്.
നേരത്തേയുള്ള അഭ്യൂഹങ്ങൾക്ക് അറുതിെകാടുത്ത്, ബി.ജെ.പിയുടെ കോർപറേഷൻ കൗൺസിൽ നേതാവായ നവ്യ ഹരിദാസിനെ കോഴിക്കോട് നോർത്തിൽ രംഗത്തിറക്കില്ലെന്നാണ് വിവരം. ജില്ലയിൽ എൽ.ഡി.എഫിൽ സ്ഥാനാർഥികളായി പരിഗണിക്കേണ്ടിയിരുന്ന കാനത്തിൽ ജമീല ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദത്തിലും സി.പി. മുസാഫർ അഹമ്മദ് ഡെപ്യൂട്ടി മേയർ സ്ഥാനത്തുമാണ്. മുസാഫറിനെ കോഴിക്കോട് സൗത്തിൽ മത്സരിപ്പിച്ചാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന അഭിപ്രായം മണ്ഡലത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.