ഞെളിയൻപറമ്പ് മാലിന്യം: സോണ്ടക്ക് മാലിന്യം നീക്കാനുള്ള കരാർ നീട്ടി
text_fieldsകോഴിക്കോട്: ഞെളിയൻ പറമ്പിൽ നിലവിലുള്ള മാലിന്യം ബയോ മൈനിങ് വഴി നീക്കം ചെയ്യാനുള്ള കരാർ സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് ഒരു മാസത്തേക്കുകൂടി നീട്ടിനൽകാനുള്ള ഭരണ സമിതിയുടെ തീരുമാനം മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം അംഗീകരിച്ചു. സമയബന്ധിതമായി തീർക്കാത്തതടക്കം ഇതുവരെയുള്ള വീഴ്ചകൾക്ക് കമ്പനിക്ക് 38.85 ലക്ഷം രൂപ പിഴ ചുമത്താനും കൗൺസിൽ തീരുമാനിച്ചു.
കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ച് അവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും മുദ്രാവാക്യം വിളികൾക്കുമിടയിലാണ് ഭൂരിപക്ഷ പിന്തുണയോടെ തീരുമാനം അംഗീകരിച്ചത്. ചർച്ച തുടങ്ങി പാതിയായപ്പോൾ യു.ഡി.എഫ് അംഗങ്ങൾ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ എന്നിവരുടെ നേതൃത്വത്തിൽ അജണ്ട കീറിയെറിഞ്ഞ് ബാനറുമേന്തി ഇറങ്ങിപ്പോവുകയായിരുന്നു.
ചർച്ചയും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദിന്റെ മറുപടിയും കഴിഞ്ഞ് അജണ്ട അംഗീകരിക്കാനായി പരിഗണിക്കവേ ടി. റനീഷ്, നവ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി അംഗങ്ങളും ബാനറുമേന്തി പ്രതിഷേധമുയർത്തി വിയോജനക്കുറിപ്പ് നൽകി.
തുടർന്ന് ബി.ജെ.പി അംഗങ്ങളുടെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനിടെ എൽ.ഡി.എഫ് പിന്തുണയോടെ തീരുമാനം അംഗീകരിച്ച് മറ്റ് എല്ലാ അജണ്ടകളും വായിച്ച് അംഗീകരിക്കുകയും മേയർ യോഗം അവസാനിപ്പിക്കുകയുമായിരുന്നു. ഏപ്രിൽ 30 വരെ കരാർ കാലാവധി നീട്ടിക്കൊടുക്കാനാണ് തീരുമാനം. പ്രവൃത്തി മോണിറ്റർ ചെയ്യുന്നതിന് പ്രത്യേക ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കും.
സമിതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായി പ്രവൃത്തി നടത്തണം. വീഴ്ചവരുന്നപക്ഷം എഗ്രിമെന്റ് റദ്ദാക്കും. സമയബന്ധിതമായി ബയോ മൈനിങ്, ബയോകാപ്പിങ് പ്രവൃത്തി നടപ്പാവാത്തപക്ഷം ഗ്രീൻ ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കോർപറേഷനെതിരെ സ്വീകരിക്കാനിടയുള്ള പിഴയടക്കം ഏത് രീതിയിലുള്ള നിയമനടപടികളുടെയും ഭാഗമായുണ്ടാകുന്ന ബാധ്യതകൾ സോണ്ടയിൽനിന്ന് ഈടാക്കും.
ആർ.ഡി.എഫ് നീക്കം ചെയ്യേണ്ട ബാധ്യതയും സോണ്ടക്കാണ്. നാല് വർഷം നീട്ടിനൽകിയിട്ടും നടപ്പാക്കാത്ത കാര്യം 30 ദിവസംകൊണ്ട് എങ്ങനെ നടപ്പാക്കുമെന്നും ഇതുവരെ നൽകിയ പണം പലിശയടക്കം തിരിച്ചെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹരിത ട്രൈബ്യൂണലിന്റെ പിഴയടക്കാനുള്ള ബാധ്യത കമ്പനിക്കാണെന്ന് പറഞ്ഞാലും കോർപറേഷൻതന്നെ നൽകേണ്ടിവരുമെന്ന് ബി.ജെ.പിയംഗങ്ങളും ചൂണ്ടിക്കാട്ടി.
എസ്.കെ. അബൂബക്കർ, എൻ.സി. അനിൽകുമാർ, ഡോ. എസ്. ജയശ്രീ, എം. ബിജുലാൽ, ഒ. സദാശിവൻ, പി.കെ. നാസർ, സി.പി. സുലൈമാൻ, വി.കെ. മോഹൻദാസ്, എൻ.സി. മോയിജൻ കുട്ടി, ടി. ചന്ദ്രൻ, പി.സി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.