ഞെളിയൻപറമ്പ്: സോണ്ടയുടെ കരാർ ആറാംതവണയും പുതുക്കി കോർപറേഷൻ
text_fieldsകോഴിക്കോട്: പ്രതിപക്ഷ എതിർപ്പിനും നാടകീയ നീക്കങ്ങൾക്കുമിടെ ഞെളിയൻപറമ്പിലെ മാലിന്യനീക്കത്തിനുള്ള കരാർ ആറാംതവണയും സോണ്ട കമ്പനിക്ക് പുതുക്കിനൽകി കോർപറേഷൻ. 154 ാമത്തെ അജണ്ടയായാണ് വിഷയം കൗൺസിലിന്റെ പരിഗണനക്ക് വന്നത്. ഇത് അംഗീകരിക്കുന്നതിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, അഞ്ചുമിനിറ്റ് മാത്രമേ സമയം ബാക്കിയുള്ളൂവെന്നും 167 വരെ അജണ്ടകൾ പാസാക്കാനുള്ളതിനാൽ ചർച്ചക്ക് അധികസമയം എടുക്കുന്നതിന് കൗൺസിൽ പ്രത്യേക തീരുമാനം എടുക്കണമെന്നും അധ്യക്ഷനായിരുന്ന ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അറിയിച്ചു. മൂന്നിന് തുടങ്ങുന്ന കൗൺസിൽ ആറിന് അവസാനിക്കണമെന്നാണ് ചട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമയം നീട്ടേണ്ടതില്ലെന്നും 153 അജണ്ടകൾ പാസാക്കി കൗൺസിൽ അവസാനിപ്പിക്കാമെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്. എന്നാൽ, ഇത് അംഗീകരിക്കാതിരുന്ന ഭരണപക്ഷം പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് സോണ്ടയ്ക്ക് അനുമതി, ആവിക്കൽ തോട്-കോതി മാലിന്യ സംസ്കരണ പ്ലാന്റുകളുടെ റീടെൻഡർ തുടങ്ങിയ 167 വരെയുള്ള അജണ്ടകൾ ശബ്ദവോട്ടോടെ ഒന്നിച്ച് പാസാക്കുകയായിരുന്നു.
വ്യാജരേഖ സമർപ്പിച്ച് ലോൺ; വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം
കോർപറേഷൻ എലത്തൂർ വാർഡിൽ രണ്ട് കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽനിന്ന് വ്യാജ രേഖ സമർപ്പിച്ച് ന്യൂനപക്ഷ കോർപറേഷനിൽനിന്ന് ലോൺ സംഘടിപ്പിച്ച സംഭവവും കൗൺസിലിൽ ചൂടേറിയ ചർച്ചക്ക് ഇടയാക്കി. എലത്തൂര്‍ വാര്‍ഡ് കൗൺസിലര്‍ മനോഹരന് മങ്ങാറിയിലാണ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ വിഷയം കൗണ്‍സിലില്‍ കൊണ്ടുവന്നത്. ആള്‍മാറാട്ടം നടത്തി ലോണ്‍ തട്ടിയെടുത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍ ആവശ്യപ്പെട്ടു.
വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കമീഷണർക്കും ടൗൺ പൊലീസിനും രണ്ടാഴ്ച മുമ്പ് പരാതി നൽകിയതായി പ്രോജക്ട് ഓഫിസര്‍ മറുപടി നല്കി. മറുപടിയിൽ അതൃപ്തി അറിയിച്ച് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിട്ടും ഒരാളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്യുകയുണ്ടായില്ലെന്ന് കൗണ്‍സില്‍ പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീന് കോയ പറഞ്ഞു. കോര്‍പറേഷനും കുടുംബശ്രീക്കും അപമാനമാണിത്. ആര്‍ക്കും തട്ടിപ്പ് നടത്താവുന്ന സാഹചര്യമാണ് കോഴിക്കോട് കോര്‍പറേഷനിലുള്ളത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപേക്ഷകള്‍ ഏരിയ ഡെവലപ്മെന്റ് സൊസൈറ്റിയും (എ.ഡി.എസ്), കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയും (സി.ഡി.എസ്) അംഗീകരിച്ച് പ്രോജക്ട് ഓഫിസര്‍ ശരിയാണോ എന്ന് നിര്‍ണയിച്ചശേഷമാണ് ലോണ്‍ അനുവദിക്കുന്നതെന്ന് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. ഇവര്‍ക്കൊക്കെ തട്ടിപ്പില്‍ തുല്യ ഉത്തരവാദിത്തമുണ്ട്. തട്ടമിട്ട ഫോട്ടോയിട്ടാണ് മുസ്ലിം വിഭാഗത്തില്‍പെടാത്തവര്‍ ലോണിന് അപേക്ഷിച്ചത്. കുറ്റക്കാര്‍ക്കെതിരെ കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ശോഭിത ചൂണ്ടിക്കാട്ടി. പിന്നാക്ക വികസന കോര്പറേഷന് ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച മറ്റ് ലോണുകള്കൂടി പരിശോധിക്കണമെന്ന് എസ്.കെ. അബൂബക്കര്‍ ആവശ്യപ്പെട്ടു. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോവുകയാണെന്ന് ഡെപ്യൂട്ടി മേയർ വ്യക്തമാക്കി.
‘കോവൂരിൽ പൊളിഞ്ഞുവീണത് പഴയ മതിൽ’
കഴിഞ്ഞ ദിവസം കോവൂര്‍ കമ്യൂണിറ്റി ഹാളിന്റെ മതില് ഇടിഞ്ഞുവീണത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ മറുപടി കൗൺസിലിൽ ഗൗരവ ചർച്ചക്കിടയിലും ചിരി പടർത്തി. മെഡിക്കൽ കോളജ് കൗൺസിലർ സോമനാണ് സഭയിൽ വിഷയം ഉന്നയിച്ചത്. മതിൽ നിർമാണത്തിന് പിന്നിൽ അഴിമതിയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഴയ മതിലാണ് പൊളിഞ്ഞു വീണതെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിശദീകരണം. ഉദ്ഘാടനത്തിനുശേഷം ഒരു പരിപാടിപോലും അവിടെ നടത്തുകയുണ്ടായില്ലെന്നും സോയില്‍ ടെസ്റ്റ് പോലും നടത്താതെയാണ് കമ്യൂണിറ്റി ഹാളിന്റെ നിർമാണ പ്രവൃത്തി നടത്തിയതെന്നും കെ. മൊയ്തീന് കോയ ചൂണ്ടിക്കാട്ടി.
പണി പൂര്‍ത്തിയാക്കാതെ തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു. മുറ്റത്ത് വിരിച്ച ടൈലുകള്‍ പോലും ഇളകിമാറിയതായി കെ.സി. ശോഭിത ചൂണ്ടിക്കാട്ടി. നഷ്ടം നിർമാണം നടത്തിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍നിന്ന് ഈടാക്കണമെന്നും ശോഭിത ആവശ്യപ്പെട്ടു. കൃത്യമായി പണി പൂര്‍ത്തിയാക്കാതെയാണ് കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തതെന്ന് ബി.ജെ.പി കൗണ്‍സിലര്‍ റിനീഷ് പറഞ്ഞു.
‘രാത്രി ഒമ്പതിനുശേഷം മെഡി. കോളജിലേക്ക് ബസ് വേണം’
കോഴിക്കോട് മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് രാത്രി ഒമ്പതിനുശേഷം ബസുകള്‍ സര്‍വിസ് നടത്താത്തത് ആശുപത്രിയിലേക്ക് പോകുന്നവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി എല്‍.ഡി.എഫ് കൗണ്‍സിലര്‍ സോമന് പറഞ്ഞു. ഇതിൽ കെ.എസ്.ആർ.ടി.സിയും ആർ.ടി.ഒയുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കുമെന്ന് അധ്യക്ഷൻ അറിയിച്ചു. കെട്ടിട നമ്പറില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക് കുടിവെള്ള കണക്ഷന് നിഷേധിക്കുന്നത് വി.കെ. മോഹന്‍ദാസ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തി. ഹോട്ടൽ വ്യാപാരികളുടെ മാലിന്യം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടൽ വ്യാപാരികളുടെ യോഗം വിളിക്കണമെന്നും അതിന് ശാശ്വതപരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കെട്ടിട നമ്പര്‍ തട്ടിപ്പ് കേസ് എവിടെയെത്തി?
അനധികൃത കെട്ടിട നമ്പര്‍ തട്ടിപ്പ് കേസ് പുറത്തുവന്നിട്ട് ഒരുവര്‍ഷമായിട്ടും ഇതുമായി ബന്ധപ്പെട്ട അന്വേഷണം മരവിച്ചു നില്‍ക്കുകയാണെന്ന് കെ. മൊയ്തീന് കോയ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ പറഞ്ഞു. കോര്പറേഷന് ഇതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നായിരുന്നു അധ്യക്ഷന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.