ഞെളിയൻപറമ്പ്; സോണ്ട കമ്പനിയുമായി കരാർ നീട്ടൽ നടന്നില്ല
text_fieldsകോഴിക്കോട്: ഞെളിയൻപറമ്പിൽ സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തുന്ന ബയോമൈനിങ്, കാപ്പിങ് എന്നീ പ്രവൃത്തികളുടെ കരാർ കാലാവധി വീണ്ടും നീട്ടിക്കൊടുക്കാനുള്ള കോർപറേഷൻ ഭരണസമിതി നീക്കം പ്രതിപക്ഷ എതിർപ്പ് കാരണം നടന്നില്ല.
പ്രവൃത്തി പൂർണതോതിൽ നടക്കുന്നുവെന്ന് സ്ഥലം പരിശോധിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരാർ കാലാവധി നീട്ടാനുള്ള അജണ്ട അവതരിപ്പിച്ച് പാസാക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്.
സപ്ലിമെന്ററിയായി കൗൺസിൽ യോഗദിവസം മാത്രം നൽകിയ അജണ്ട വേണ്ടത്ര പഠിക്കാനാവാത്തതിനാൽ മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഏതെങ്കിലും അംഗം ആവശ്യപ്പെട്ടാൽ സപ്ലിമെന്ററി അജണ്ട മാറ്റിവെക്കണമെന്ന ചട്ടമുള്ളതിനാലാണ് ഭരണപക്ഷത്തിന് വഴങ്ങേണ്ടിവന്നത്. കെ. മൊയ്തീൻ കോയ, കെ.സി. ശോഭിത, എസ്.കെ. അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ അജണ്ട മാറ്റിവെക്കണമെന്ന് പ്രതിപക്ഷം നിലപാടെടുക്കുകയായിരുന്നു.
കരാർ നീട്ടാനുള്ള അജണ്ട ഇനി പ്രത്യേക കൗൺസിൽ ചേർന്ന് അവതരിപ്പിക്കേണ്ടിവരും. ഞെളിയൻപറമ്പിൽ സോണ്ട കമ്പനിയുമായുള്ള മുഴുവൻ കരാറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ പ്രതിഷേധിച്ചു. കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ബാനറും മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം.
സ്റ്റേഡിയം ഗോകുലത്തിൽനിന്ന് തിരിച്ചെടുക്കാൻ തീരുമാനം
കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയം ഗോകുലം കേരളക്ക് നടത്തിപ്പിന് നൽകിയ കരാർ റദ്ദാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഫ്ലഡ് ലിറ്റ് പരിപാലനത്തിന് പുതിയ താൽപര്യപത്രം വിളിക്കാനാണ് തീരുമാനം. നിലവിൽ 52 ലൈറ്റുകൾ മാത്രമാണ് കത്തുന്നതെന്നും കൺട്രോൾ പാനൽ കേടായ അവസ്ഥയിലാണെന്നും കണ്ടെത്തിയിരുന്നു.
എൻ.സി. മോയിൻ കുട്ടി, സരിത പറയേരി, അൽഫോൻസ മാത്യു, വി.പി. മനോജ്, ഡോ. കെ. അജിത, രാജേഷ് കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനിർമാണ അപേക്ഷകൾക്കും മറ്റും ഫീസ് വർധിപ്പിച്ചത് പിൻവലിക്കണമെന്ന കെ.സി. ശോഭിതയുടെ പ്രമേയം കൗൺസിൽ വോട്ടിനിട്ട് തള്ളി. കെ. റംലത്ത്, ടി. മുരളീധരൻ, എം. ബിജുലാൽ എന്നിവരും വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഇടനിലക്കാരെ ഓഫിസിൽനിന്ന് ഒഴിവാക്കും
നഗരസഭ ഓഫിസിൽ അടിക്കടിയുണ്ടാവുന്ന കെട്ടിട നിർമാണം, ജനന സർട്ടിഫിക്കറ്റ് തട്ടിപ്പുകൾക്കെതിരെ നടപടി വേണമെന്ന് ലീഗിലെ കെ. മൊയ്തീൻ കോയ, ബി.ജെ.പിയിലെ എൻ. ശിവപ്രസാദ് എന്നിവർ ശ്രദ്ധക്ഷണിച്ചു. അടിക്കടിയുണ്ടാവുന്ന തട്ടിപ്പുകൾക്കെതിരെ നടപടികൾ കർശനമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ, കോർപറേഷൻ തന്നെയാണ് തട്ടിപ്പുകൾ കണ്ടെത്തി കേസ് കൊടുത്തതെന്നും പൊലീസ് നടപടി പുരോഗമിക്കുകയാണെന്നും മേയറും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദും പറഞ്ഞു. ഇടനിലക്കാരെ കോർപറേഷൻ ഓഫിസിൽനിന്ന് ഒഴിവാക്കാൻ കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. ഓഫിസിൽ കടലാസുകൾ നേരിട്ട് കൊണ്ടുവരുന്നതിന് പകരം തപാലിൽ സ്വീകരിക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് മേയറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.