നടപടിയില്ല; തട്ടിപ്പുകുറി സംഘങ്ങൾ വീണ്ടും തലപൊക്കുന്നു
text_fieldsകോഴിക്കോട്: സാധാരണക്കാരുടെ പണം തട്ടിയെടുക്കുന്ന കുറിസംഘങ്ങൾ വ്യാപകമാകുന്നു. ജില്ലയിൽ വൻതോതിലാണ് കുറിചേർത്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തുന്നത്. കിട്ടിയാൽ പിന്നീട് പണമടക്കേണ്ടതില്ലെന്ന രീതിയിലാണ് പലരും വരിചേർക്കുന്നത്. എന്നാൽ, കൊടുത്താൽ തിരിച്ചുകിട്ടാത്ത അവസ്ഥയാണ് പലർക്കും. മാസം ആയിരം രൂപ മുതലാണ് വരിസംഖ്യ. ഒരു ഗ്രൂപ്പിൽ അമ്പതും അറുപതും പേരെ ചേർത്തുള്ള പല സെറ്റുകളാണ് സംഘം ചേർക്കുന്നത്. വ്യക്തികൾക്ക് പുറമെ രണ്ടും മൂന്നും പേർ ചേർന്നും കുറികൾ ആരംഭിക്കുകയാണ്.
വലിയ തോതിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നതിനാൽ രാഷ്ട്രീയ പാർട്ടികളും ക്ലബുകളും ഇത്തരം കുറികളിലേക്ക് കടന്നിട്ടുണ്ട്. മാസത്തിൽ ലഭിക്കുന്ന ലക്ഷങ്ങൾ പലിശക്കു നൽകി പണം നേടലാണ് മുഖ്യ ആകർഷണം. റിയൽ എസ്റ്റേറ്റും വണ്ടിക്കച്ചവടവും നടത്തുകയാണ് പലരും. രണ്ടും മൂന്നും വർഷ കാലാവധിയിലാണ് കുറിചേർക്കുന്നതെന്നതിനാൽ ദീർഘകാല സാമ്പത്തിക ഇടപാടുകളാണ് നടത്തുന്നത്. സാമ്പത്തിക പ്രയാസമുള്ളവർ ഇവരിൽനിന്ന് പണം വാങ്ങി പത്തു ശതമാനംവരെ പലിശ നൽകുകയാണ്. ഓഫിസുകൾ നിർമിക്കാനും മറ്റും പാർട്ടികളും ക്ലബുകളും കുറിയാരംഭിക്കുന്നുണ്ട്. നേതാക്കളും പൊതു പ്രവർത്തകരുമാണ് സാധാരണക്കാരെ കുറിചേർക്കാനെത്തുന്നത്. വാണിജ്യ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ എന്നിവയുടെ പ്രവർത്തനങ്ങളാണ് ഒരുതരത്തിലുമുള്ള ലൈസൻസില്ലാതെ തട്ടിപ്പുസംഘങ്ങൾ നടത്തുന്നത്.
ഇത്തരക്കാർക്കെതിരെ കർശന നടപടി പൊലീസും വിജിലൻസ് വിഭാഗവും കൈക്കൊണ്ടതിനാൽ നിലച്ചുപോയ തട്ടിപ്പുകളാണ് വീണ്ടും തലപൊക്കുന്നത്. ഉപജീവനത്തിനുപോലും വകയില്ലാത്തവരെ സമ്മർദത്തിലാക്കിയാണ് കുറിയിൽ ചേർത്ത് പണം പിടുങ്ങുന്നത്. നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും പൊതുജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും റിസർവ് ബാങ്കിന്റെ നിർദേശമനുസരിച്ചു മാത്രമേ സാമ്പത്തിക ഇടപാട് നടത്താവൂ എന്ന നിർദേശവും നിയമവും കാറ്റിൽ പറത്തിയാണ് സാധാരണക്കാരിൽനിന്ന് കോടികൾ പിരിച്ചെടുക്കുന്നത്. കോഴിക്കോടിനുപുറമെ സമീപ ജില്ലകളിലും ഇത്തരം തട്ടിപ്പുകൾ വ്യാപകമാവുകയാണ്.
ജനങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ പിരിച്ച് തട്ടിപ്പുകാര് മുങ്ങിയിട്ടും നൂറുകണക്കിന് ആളുകളാണ് വീണ്ടും വീണ്ടും ഇരയായിക്കൊണ്ടിരിക്കുന്നത്. ധൂർത്തും ആഡംബരജീവിതവും നയിച്ച് പണം ദുർവിനിയോഗം ചെയ്യുന്ന സംഘം കുറി തീർന്നുകഴിഞ്ഞാലും തുക മടക്കിക്കൊടുക്കാൻ കഴിയാതെ കൈമലർത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.