കാത്ത് ലാബ് തുറക്കാൻ നടപടിയില്ല
text_fieldsകോഴിക്കോട്: ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനം മുടങ്ങിയിട്ട് ആറു മാസം കഴിഞ്ഞിട്ടും പ്രവർത്തനം പുനരാരംഭിക്കാൻ ആശുപത്രി അധികൃതരോ ആശുപത്രി വികസന സമിതിയോ നടപടിയെടുക്കുന്നില്ലെന്ന് പരാതി. കാത്ത് ലാബിലേക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവക്ക് സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും വാങ്ങിയ ഇനത്തിൽ വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക അനുവദിക്കാത്തിനാൽ അവർ വിതരണം നിർത്തിവെച്ചതാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണം. നിരവധി പേർക്ക് ചികിത്സ മുടങ്ങാൻ ഇടയാക്കിയിട്ടും സ്ഥലം എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്.
ദുരിതം സാധാരണക്കാരന്
ഒരു മാസം ശരാശരി 40- 50നും ഇടയിൽ ആൻജിയോപ്ലാസ്റ്റിയാണ് ബീച്ച് ആശുപത്രിയിൽ നടത്തിയിരുന്നത്. ഇത് മുടങ്ങിയതോടെ ജില്ലയിലെ തീരദേശ മേഖലയിൽ നിന്നുള്ള സാധാണക്കാരായ രോഗികൾ ദുരിതത്തിലായി. സ്വകാര്യ ആശുപത്രയിൽനിന്ന് ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ലക്ഷങ്ങൾ കൊടുക്കണം. ഇത് സാധാരണക്കാർക്ക് താങ്ങാനാവില്ല. എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഹൃദ്രോഗ വിഭാഗം ഒ.പി. പ്രവർത്തിക്കുന്നത്. ഇതിൽ ആൻജിയോഗ്രാം ചെയ്യാനായി നൂറിലേറെ പേരാണ് കാത്തിരിപ്പു പട്ടികയിലുള്ളത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഹൃദ്രോഗ ചികിത്സ നടത്തിയ വകയിൽ സർക്കാരിൽനിന്ന് തുക ലഭിക്കാത്തതിനാലാണ് വിതരണക്കാർക്ക് തുക നൽകാത്തത്. ഇവിടെ കാത്ത് ലാബിന്റെ കണക്കുകൾ നോക്കാൻ ഒരാളുണ്ടെങ്കിലും ഫണ്ട് വിനിയോഗത്തിന് പ്രത്യേകം അക്കൗണ്ടില്ല. അതിനാൽ ഇൻഷുറൻസിലല്ലാതെ പണമടച്ച് ഒരാൾ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചെയ്താലും ആശുപത്രിയുടെ പൊതുവായ അക്കൗണ്ടിലേക്കാണ് ഈ തുക പോകുന്നത്. ഇതിനു പകരം കാത്ത് ലാബിനു സ്വന്തമായി അക്കൗണ്ട് വേണമെന്ന ആവശ്യം അധികൃതർ ഇതുവരെ നടപ്പാക്കിയിട്ടില്ല.
വിതരണക്കാരുമായി ചർച്ചയില്ല
കാത്ത് ലാബ് മുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും സ്റ്റെന്റ് വിതരണം പുനഃസ്ഥാപിക്കുന്നതിന് തങ്ങളുമായി ആശുപത്രി അധികൃതർ ചർച്ച നടത്തിയിട്ടില്ലെന്ന് വിതരണക്കാർ പറഞ്ഞു. ഏപ്രിൽ ഒന്നു മുതലാണ് വിതരണക്കാർ സ്റ്റെന്റ് അനുബന്ധ ഉപകരണങ്ങളുടെ വിതരണം നിർത്തിയത്. പിന്നീട് ഉണ്ടായിരുന്ന സ്റ്റോക്ക് ഉപയോഗിച്ച് മാസത്തിൽ ഒന്നോ രണ്ടോ ആൻജിയോ ഗ്രാം നടത്തി കാത്ത് ലാബ് പ്രവർത്തിക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു അധികൃതർ. എന്നാൽ, രണ്ടുമാസം മുമ്പ് ഇതും നിലച്ചു. ഇതോടെ കാത്ത് ലാബ് പ്രവർത്തനം പൂർണമായും നിർത്തി. ഇപ്പോൾ തീയതി കൊടുക്കുന്നുമില്ല. കഴിഞ്ഞ മാർച്ച് 31വരെ മൂന്നേകാൽ കോടിയോളം രൂപയാണ് വിതരണക്കാർക്ക് നൽകാനുണ്ടായിരുന്നത്. ഇതിൽ 1.75 കോടി വിതരണക്കാർക്ക് നൽകി. ബാക്കി ഒന്നരക്കോടിയാണ് ഇനി നൽകാനുള്ളത്. എന്നാൽ, കുടിശ്ശിക നൽകിത്തുടങ്ങിയ സാഹചര്യത്തിൽ വിതരണക്കാരുമായി ചർച്ച നടത്തി കാത്ത് പ്രവർത്തനം പുനരാരംഭിക്കാൻ ആശുപത്രി അധികൃതരോ, വികസന സമിതിയെ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.