ഈ കുഴികൾ താണ്ടാൻ എത്ര നേരം..?
text_fieldsവടകര: ദേശീയപാതയിലെ വൻകുഴികൾ ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. ചോറോട് റെയിൽവേ മേൽപാലത്തിലാണ് ദേശീയപാതയിൽ നിരവധി കുഴികൾ രൂപപ്പെട്ടത്. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിൽ കുഴികൾ നിറഞ്ഞതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വാഹനങ്ങൾ കുഴികളിൽ ഇറങ്ങിക്കയറി വേഗത കുറയുന്നതോടെ മണിക്കൂറുകൾ അഴിയാക്കുരുക്കാണ്. ചോറോഡിന്റ ഇരു ഭാഗങ്ങളായ പെരുവാട്ടുംതാഴെ, കൈനാട്ടി ഭാഗങ്ങളിലേക്ക് കിലോമീറ്ററുകളാണ് ഗതാഗതം നിശ്ചലമാവുന്നത്. ആംബുലൻസ് ഉൾപ്പെടെയുളള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന അവസ്ഥയാണ്.
കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയുന്നില്ല. സ്വകാര്യ ബസുകൾ സമയ ക്രമം പാലിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ദീർഘദൂര ബസുകളുടെ ഡ്രൈവർമാർക്ക് വിശ്രമത്തിന് സമയം ലഭിക്കാത്തതിനാൽ ശാരീരിക അവശത അനുഭവിക്കേണ്ടിവരുകയാണെന്ന് തൊഴിലാളികൾ പറയുന്നു. സമയനിഷ്ഠ പാലിക്കാനുള്ള ബസുകളുടെ മത്സരയോട്ടം അപകടത്തിനും ഇടയാക്കുന്നു. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ നന്നാക്കാൻ അധികൃതർ തയാറാവാത്തതാണ് സ്ഥിതി വഷളാക്കുന്നത്. ദേശീയപാതയിൽ പലയിടത്തുമുള്ള കുഴികളിൽ കാലവർഷത്തിൽ വെള്ളം നിറഞ്ഞ അവസ്ഥയാണ്. വടകര ദേശീയപാത അതോറിറ്റി ഓഫിസിന് സമീപത്തെ സ്ഥലത്തെ കുഴിയടക്കാൻ പോലും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.