കോഴിക്കോട് സൈബർ ഡിവിഷന് ‘നാഥനായില്ല’
text_fieldsകോഴിക്കോട്: സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച സൈബര്‍ ഡിവിഷനില്‍ അസി. കമീഷണർ നിയമനമായില്ല. ഒരു മാസം മുമ്പ് സൈബര്‍ ഡിവിഷന് ഉദ്ഘാടനം നടന്നെങ്കിലും ഇതുവരെയും അസി. കമീഷണർ, ഇൻസ്പെക്ടര്‍, സബ് ഇൻസ്പെക്ടര്‍, എ.എസ്.ഐ തസ്തികയിലാണ് നിയമനം നടക്കാത്തത്. ഒരു അസി. കമീഷണര്‍, മൂന്ന് ഇൻസ്പെക്ടര്‍, നാല് എസ്.ഐ, ഒരു എ.എസ്.ഐ, ഏഴ് എസ്.സി.പി.ഒ, 11 സി.പി.ഒ, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരടങ്ങുന്നതാണ് സൈബര്‍ ഡിവിഷന്. കോഴിക്കോട് ചെമ്മങ്ങാട് ഇന്സ്പെക്ടറാണിപ്പോള് സൈബര്‍ ഡിവിഷനില്‍ അധിക ചുമതല വഹിക്കുന്നത്. നിലവില്‍ സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണക്ക് കീഴില്‍ 30 പേരടങ്ങുന്നതാണ് സൈബര്‍ ഡിവിഷന്. ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍നിന്ന് എസ്.സി.പി.ഒ, സി.പി.ഒ തസ്തികയിലേക്ക് നിയമനം നടത്തിയവരാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ നേരിട്ട് കേസെടുക്കാന്‍ നിര്‍ദേശിച്ച പ്രകാരം രണ്ട് കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തേ സൈബർ കേസുകൾ സൈബർ ക്രൈം സ്റ്റേഷനുകളിലാണ് രജിസ്റ്റർ ചെയ്തത്. കേസുകളുടെ ബാഹുല്യം കാരണം അന്വേഷണം മന്ദഗതിയിലായതോടെ ലോക്കൽ സ്റ്റേഷനുകളോട് കേസെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ലോക്കൽ സ്റ്റേഷനുകളിൽ സൈബർ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരില്ലാത്തതും പ്രതിസന്ധിയായിരുന്നു. ഇതിനിടെയാണ് സൈബര്‍ കേസുകളിൽ പെട്ടെന്ന് അന്വേഷണം നടത്തുക ലക്ഷ്യമിട്ട് സൈബർ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.