മെഡിക്കൽ കോളജ് ആശുപത്രിയിൽ കട്ടിൽ കിട്ടാനില്ല; വരാന്തകൾ നിറഞ്ഞ് രോഗികൾ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ ആധിക്യം കാരണം കിടക്കാൻ കട്ടിൽ കിട്ടാതെ വരാന്തകളിൽ നിലത്ത് പായ് വിരിച്ച് കിടന്ന് രോഗികൾ. വാർഡുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലധികം രോഗികളാണ് കിടത്തിച്ചികിത്സക്ക് എത്തുന്നത്. മിക്ക വാർഡുകളിലും കട്ടിലിൽ കിടക്കുന്നതിനേക്കാൾ രോഗികളെ നിലത്ത് കിടത്തേണ്ട അവസ്ഥയിലാണ്.
പനി പോലുള്ള പകർച്ചവ്യാധികൾ വർധിക്കുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു. വാർഡുകളിൽ 28 രോഗികളെ കിടത്താനേ സൗകര്യമുള്ളൂ. എന്നാൽ 100നു മുകളിൽ രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടിവരുന്നുണ്ട്. കൂടുതലായി എത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഡോക്ടർമാരും പറയുന്നു. ഗുരുതര അസുഖങ്ങൾ ഉള്ളവരും ശസ്ത്രക്രിയ കാത്തിരിക്കുന്നവരും വരെ വരാന്തയിൽ കിടക്കുന്നുണ്ട്. രോഗികളുടെ വർധന ഡോക്ടർമാർക്കും നഴ്സുമാർക്കും ജോലിഭാരമുണ്ടാക്കുന്നു. ഇതുകാരണം കൂടുതൽ ശ്രദ്ധ ആവശ്യമുള്ള രോഗികൾക്കുപോലും വേണ്ടത്ര പരിചരണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ.
വാർഡുകൾക്കു മുന്നിൽ വരാന്തയിൽ 30ഉം അതിൽ അധികവും രോഗികൾ നിലത്ത് കിടക്കുന്നുണ്ട്. വാർഡുകളിൽ നിലത്ത് കിടക്കാനും സ്ഥലമില്ലാതെ വരുമ്പോഴാണ് രോഗികൾ വരാന്തയിൽ പായ വിരിച്ച് കിടക്കുന്നത്. കട്ടിലില്ലാതെ നിലത്ത് പായ വിരിച്ച് കിടക്കുന്നത് കാരണം രോഗികൾക്ക് ഡ്രിപ്പ് കയറ്റുന്നതിനും മറ്റും പ്രയാസം സൃഷ്ടിക്കുന്നു. പഴയ കാഷ്വാലിറ്റി ബ്ലോക്ക് വാർഡുകളാക്കി മാറ്റിയിട്ടും പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല.
റഫറൽ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാത്തതാണ് മെഡിക്കൽ കോളജിൽ രോഗികൾ കൂടി വരാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. കുടുംബാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്, ജില്ല ജനറൽ ആശുപത്രികളിലെ ചികിത്സ മാത്രം ആവശ്യമുള്ള ഗുരുതരമല്ലാത്ത ധാരാളം രോഗികൾ മെഡിക്കൽ കോളജിൽ എത്തുന്നുണ്ട്. ഇത്തരത്തിൽ എത്തുന്ന രോഗികളെ റഫറൽ സംവിധാനത്തിലൂടെ നിയന്ത്രിച്ചാൽ തിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
നഴ്സുമാരുടെ ക്ഷാമം കാരണം രോഗികൾക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മിക്ക വാർഡുകളിലും ഒരു ഷിഫ്റ്റിൽ ഒരു സ്റ്റാഫ് നഴ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ. മാതൃശിശു സംരക്ഷണകേന്ദ്രത്തിലും പ്രതിസന്ധി രൂക്ഷമാണ്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഡോക്ടർമാർ വീടുകളിൽനിന്ന് ചികിത്സ നൽകുന്ന രോഗികൾ പ്രസവത്തിനായി മെഡിക്കൽ കോളജുകളിലേക്കെത്തുകയാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.