ഷീ ലോഡ്ജ് നടത്തിപ്പിനുള്ള ലേലം സംരംഭകർ ആരും എത്തിയില്ല
text_fieldsകോഴിക്കോട്: റെയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിന്റെ കവാടത്തിനടുത്ത് സ്ഥാപിച്ച നഗരത്തിലെത്തുന്ന വനിതകൾക്ക് വലിയ സഹായമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന കോർപറേഷന്റെ ഷീ ലോഡ്ജ് നടത്തിപ്പ് ഏറ്റെടുക്കാൻ ഇനിയും ആരുമെത്തിയില്ല. തിങ്കളാഴ്ച നടന്ന ലേലത്തിൽ ആരും പങ്കെടുത്തില്ല. ഇതേ തുടർന്ന് പുനർലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് കോർപറേഷൻ.
ലോഡ്ജ് നടത്തിപ്പിന് കുടുംബശ്രീ ഗ്രൂപ്പുകളിൽനിന്ന് ആദ്യഘട്ടത്തിൽ അപേക്ഷ ക്ഷണിച്ചതിൽ വിവിധ ഗ്രൂപ്പുകൾ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, അന്ന് അനുയോജ്യരെ കണ്ടെത്താനായില്ല. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും വെറുതെ കിടക്കുന്ന ലോഡ്ജ് ഉടനെ പ്രവർത്തിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് ഇതോടെ മങ്ങിയത്.
നേരത്തേ പലതവണ ലേലം നടന്നെങ്കിലും അനുയോജ്യരായ നടത്തിപ്പുകാരെ കണ്ടെത്താൻ കോർപറേഷന് കഴിഞ്ഞില്ല. തുടർന്നാണ് കുടുംബശ്രീ സംരംഭകരിൽ നിന്ന് നടത്തിപ്പുകാരെ തേടിയത്. വനിതകൾക്കുള്ള താമസസ്ഥലമെന്ന നിലയിൽ കുടുംബശ്രീ നടത്തുകയാവും ഉചിതമെന്ന ചിന്തയിലാണ് കോർപറേഷൻ ആ മേഖലയിൽ നിന്നുള്ള സംരംഭകരെ തേടുന്നത്. ഷീലോഡ്ജ് 10 ലക്ഷം രൂപ മുഖവില നിശ്ചയിച്ച് ഒരു കൊല്ലത്തേക്ക് ലേലം ചെയ്ത് നൽകാനാണ് തീരുമാനം.
പഴയ നഗരം എൽ.പി സ്കൂൾ വളപ്പിൽ രണ്ടു കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത ലോഡ്ജാണ് ഇപ്പോഴും തുറക്കാനാവാത്തത്. ഷീ ലോഡ്ജിൽ ഫർണിച്ചർ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മൊത്തം 27 സെന്റ് സ്ഥലത്ത് 4.7കോടി ചെലവിലാണ് നിർമാണം. റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് മൂന്നു നിലകളിൽ 2000 ചതുരശ്ര അടിയിൽ 125 പേർക്ക് താമസിക്കാനാവും.
പഴയ നഗരം എൽ.പി സ്കൂൾ വളപ്പിൽ തൃശൂർ ജില്ല ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം പണിതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.