72 കാരി 18 തവണ വിേല്ലജ് ഓഫീസ് കയറിയിറങ്ങിയിട്ടും രേഖകൾ നൽകിയില്ല; കുടുംബം സത്യഗ്രഹം നടത്തി
text_fieldsപന്തലായനി വില്ലേജ് ഓഫിസിനു മുന്നിൽ മല്ലികയും കുടുംബവും സത്യഗ്രഹം നടത്തുന്നു
കൊയിലാണ്ടി: വില്ലേജ് ഓഫിസിൽനിന്ന് ആവശ്യമായ രേഖകൾ നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം സത്യഗ്രഹം നടത്തി. സ്വയംതൊഴിൽ ചെയ്യാൻ വായ്പ ലഭിക്കുന്നതിന് മൂല്യനിർണയ സർട്ടിഫിക്കറ്റ് ലഭിക്കാൻ
നിരവധി തവണ കയറിയിറങ്ങേണ്ടി വന്നുവെന്നാണ് പരാതി.
വലിയ മങ്ങാട് കിഴക്കെ പുരയിൽ മല്ലികയും കുടുംബവുമാണ് വെള്ളിയാഴ്ച പന്തലായനി ഓഫിസിന് മുന്നിൽ സത്യഗ്രഹം നടത്തിയത്. 72കാരിയാണ് മല്ലിക. മത്സ്യത്തൊഴിലാളിയായ മകന് തൊഴിൽ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ജോലിക്കിടെ വീണ് നട്ടെല്ലിനു പരിക്കേറ്റിരുന്നു. അതിനാൽ വായ്പയെടുത്ത് സ്വയം തൊഴിൽ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി വീടും സ്ഥലവും ഉൾപ്പെടുന്ന വസ്തുവിെൻറ മൂല്യനിർണയ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. വില്ലേജ് ഓഫിസിൽ 2020 ഡിസംബർ മൂന്നിന് അപേക്ഷ നൽകി. എന്നാൽ, 18 തവണ ഓഫിസ് കയറിയിറങ്ങിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലത്രെ. സാന്ത്വനം അദാലത്തിൽ അപേക്ഷ നൽകിയപ്പോൾ രണ്ടു ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടെങ്കിലും ലഭിച്ചില്ല.
ഇതേ തുടർന്നാണ് സമരത്തിനിറങ്ങിയതെന്ന് കുടുംബം പറഞ്ഞു. പി.എം. കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു. കെ. സുധാകരൻ, മനോജ് കിഴക്കെപുരയിൽ എന്നിവർ സംസാരിച്ചു. എന്നാൽ, സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് വില്ലേജ് ഓഫിസർ ജയൻ പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ കഴിഞ്ഞ 10 ആധാരങ്ങളിൽ കാണിച്ച വിലയുടെ ശരാശരിയാണ് മൂല്യമായി കണക്കാക്കുന്നത്. ഇതിനുള്ള ആധാരങ്ങൾ ഓഫിസ് ജീവനക്കാർ തന്നെയാണ് സംഘടിപ്പിച്ചത്. സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ട് ദിവസങ്ങളായി. നഗരസഭ സെക്രട്ടറിയുടെ തടസ്സമൊഴിവാക്കിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉടൻ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുമെന്ന കാര്യം പരാതിക്കാരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.