ഫണ്ടില്ല; ജില്ല പഞ്ചായത്ത് പദ്ധതികൾ വെട്ടിക്കുറക്കുന്നു
text_fieldsകോഴിക്കോട്: ഫണ്ടിന്റെ അപര്യാപ്തത മൂലം ജില്ല പഞ്ചായത്ത് പദ്ധതികൾ വെട്ടിക്കുറക്കുന്നു. 68 പദ്ധതികളാണ് മാറ്റത്തിനായി പരിഗണിക്കുന്നത്.
ഏതൊക്കെ പദ്ധതികൽ മാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യം തീരുമാനിക്കാനായി വിവിധ സ്ഥിരം സമിതികളുടെ നേതൃത്വത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഫണ്ടില്ലാത്തത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് ശനിയാഴ്ച നടന്ന അടിയന്തര ഭരണസമിതിയോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
കോക്കല്ലൂർ സ്കൂളിന്റെ ഹാളിൽ മേൽക്കൂര പൊട്ടി വീണ് പല തവണ കുട്ടികൾക്കു പരുക്കേറ്റതിനാൽ അടിയന്തരമായി അഞ്ച് ലക്ഷം രൂപ അനുവദിക്കണമെന്ന് പി.പി. പ്രേമ ആവശ്യപ്പെട്ടു. ഡിവിഷന് അനുവദിച്ച ഫണ്ട് മാറ്റേണ്ടി വരുമെന്നും പുതുതായി വെക്കാൻ ഫണ്ടില്ലെന്നും പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.
പന്നൂർ സ്കൂളിനു അനുവദിച്ച ഫണ്ട് പൂനൂർ സ്കൂളിന്റെ പേരിലാണ് വന്നതെന്നും ഇനിയെങ്കിലും അതു അടിയന്തരമായി മാറ്റണമെന്നും ടി.പി.എം.ഷറഫുന്നീസ ആവശ്യപ്പെട്ടു. തെറ്റായി രേഖപ്പെടുത്തിയതാണെന്നും മാറ്റുമെന്നും സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ അറിയിച്ചു. ജില്ല പഞ്ചായത്തിനു കീഴിലെ സ്കൂളുകളിൽ കംപ്യൂട്ടർ, ലാപ് ടോപ്പ് ഇല്ലെന്നും പലയിടത്തും കാലപ്പഴക്കം ചെന്ന ലാപ്ടോപ്പുകൾ നന്നാക്കി ഉപയോഗിക്കുകയാണെന്നും അംഗങ്ങൾ പറഞ്ഞു.
പല സ്കൂളുകളിലും സൗകര്യം കുറവായതിനാൽ ടി.സി വാങ്ങി പോകുമെന്ന് പല രക്ഷിതാക്കളും പറയുന്നതായി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിഷ പുത്തൻപുരയിൽ പറഞ്ഞു.
പെരുവയൽ പഞ്ചായത്തിലെ വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിനു പട്ടികജാതി വിഭാഗത്തിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാൻ പറ്റാത്തതിനാൽ ജനറൽ വിഭാഗത്തിൽ ഫണ്ട് അനുവദിക്കണമെന്ന് എം. ധനീഷ് ലാൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.