ഗ്ലൗസില്ല; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർ ആശങ്കയിൽ
text_fieldsകോഴിക്കോട്: കോവിഡ് രോഗികളെ ചികിത്സിക്കുന്നവർക്ക് ആരോഗ്യസുരക്ഷക്ക് വേണ്ട ഗ്ലൗസ് പോലും ആവശ്യത്തിന് ലഭ്യമല്ലാതെ മെഡിക്കൽ കോളജ് ആശുപത്രി. ആശുപത്രിയിൽ ഗ്ലൗസിന് രൂക്ഷ ക്ഷാമമാണ് അനുഭവപ്പെടുന്നത്. കെ.എം.എസ്.സി.എൽ വഴിയാണ് ആശുപത്രിയിലേക്ക് ആവശ്യമായ മാസ്കുകളും ഗ്ലൗസുകളും ഉൾപ്പെടെ വിതരണം ചെയ്യുന്നത്. എന്നാൽ, നിലവിൽ ഗ്ലൗസുകൾ ലഭ്യമല്ലെന്നാണ് കെ.എം.എസ്.സി.എൽ അധികൃതർ പറയുന്നത്.
കോവിഡ് സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകർ ഗ്ലൗസ് ഇല്ലാതെ രോഗികളെ പരിശോധിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ദിവസേന 2000 ഓളം ഗ്ലൗസുകൾ മെഡിക്കൽ കോളജിന് ആവശ്യമാണ്. എന്നാൽ, ഇവ ലഭ്യമാകാതായതോടെ ജീവനക്കാർ ആശങ്കയിലായിരിക്കുകയാണ്.
സ്റ്റോക്കില്ലാത്ത അവസ്ഥയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ലോക്കല്‍ പര്‍ച്ചേഴ്സ് ചെയ്യുകയാണ് ഇപ്പോള്‍. പി.പി.ഇ കിറ്റ് ഉപയോഗിക്കുന്ന ഒരു സ്റ്റാഫിന് ആ സമയത്തുതന്നെ രണ്ട് ഗ്ലൗസ് ആവശ്യമായിവരും.
പലരും സ്വന്തം ചെലവിൽ ഗ്ലൗസ് വാങ്ങിയും മറ്റുമാണ് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നത്. സ്വതവേ വിപണിയിൽ ഗ്ലൗസുകൾ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലടക്കം ഗ്ലൗസ് കിട്ടാനില്ല. ഉൽപാദനം നിലച്ചതാണ് ഇവയുടെ രൂക്ഷക്ഷാമത്തിന് കാരണമെന്നാണ് ഷോപ്പുടമകൾ പറയുന്നത്.
മുമ്പ് ആശുപത്രിജീവനക്കാരായിരുന്നു പ്രധാന ഉപയോക്താക്കൾ എങ്കിൽ ഇപ്പോൾ നാട്ടുകാരെല്ലാവരും ഗ്ലൗസ് വാങ്ങുന്നുണ്ട്. ആവശ്യം വർധിച്ചതിനനുസരിച്ച് ഉൽപാദനം നടക്കുന്നില്ല. പല ഫാക്ടറികളും ലോക്ഡൗൺമൂലം പ്രവർത്തിക്കുന്നുമില്ല. ഇതെല്ലാം ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. മാസ്കുകളും അത്യാവശ്യത്തിന് മാത്രമേയുള്ളൂവെന്നും ആശുപത്രിജീവനക്കാർ പറയുന്നു.
ഓരോ നാല് മണിക്കൂർ കൂടുമ്പോഴും മാസ്കുകൾ മാറ്റണം. പ്രത്യേകിച്ച് മഴക്കാലം കൂടിയാകുമ്പോൾ നനയുകയോ മറ്റോ ചെയ്താൽ പിന്നീട് ആ മാസ്ക് ഉപയോഗിക്കാനും പറ്റില്ല. ഈ സാഹചര്യത്തിൽ മാസ്കുകൾ വേണ്ടത്ര ഇല്ലാത്തത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.