ഹെമറ്റോളജി കേന്ദ്രമില്ല: വിദഗ്ധ ചികിത്സ കിട്ടാതെ രക്തജന്യ രോഗികൾ
text_fieldsകോഴിക്കോട്: രക്തജന്യ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ കോളജിൽ സൗകര്യമില്ല. മലബാറിലെ ഭൂരിഭാഗവും ആശ്രയിക്കുന്ന ആശുപത്രിയായിട്ടും രക്തജന്യ രോഗികൾക്കായി കേന്ദ്രീകൃത ചികിത്സാ സൗകര്യമോ ഹെമറ്റോളജി കേന്ദ്രമോ ഇല്ലാത്തത് രോഗികൾക്ക് ബുദ്ധിമുട്ടാവുകയാണ്.
മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന 2,500ഓളം രക്തജന്യ രോഗികളുണ്ട്. എന്നാൽ ആശുപത്രിയിൽ പ്രത്യേകമായി ഹെമറ്റോളജി വകുപ്പില്ല. ജനറൽ മെഡിസിൻ വിഭാഗത്തിന് കീഴിലാണ് ഹെമറ്റോളജി-ഓങ്കോളജി വിഭാഗം പ്രവർത്തിക്കുന്നത്. ഇത് രക്തജന്യ രോഗികളുടെ വിദഗ്ധ ചികിത്സയെ ദോഷകരമായി ബാധിക്കുന്നു.
കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സ ലഭ്യമാകാത്തതിനെ തുടർന്ന് തലാസീമിയ രോഗി മരിച്ചിരുന്നു. ഇവരുടെ ഹൃദയത്തിലും കരളിലും ക്രമാതീതമായി അടിഞ്ഞുകൂടിയ ഇരുമ്പ് അംശം കണ്ടെത്താനോ അത് കുറക്കുന്നതിന് വേണ്ട ചികിത്സ സമയബന്ധിതമായി നൽകാനോ മെഡിക്കൽ കോളജ് അധികൃതർക്ക് സാധിച്ചില്ലെന്ന് ബ്ലഡ് പേഷ്യൻറ് പ്രൊട്ടക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
നിരന്തരം രക്തം കയറ്റേണ്ടി വരുന്ന തലാസീമിയ രോഗികളിൽ ഇരുമ്പ് അടിഞ്ഞുകൂടി ഗുരുതരാവസ്ഥയിലെത്താനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ ടി 2 സ്റ്റാർ എന്ന എം.ആർ.ഐ സ്കാനിങ് വഴി ഇരുമ്പ് അംശം എത്ര മാത്രം ശരീരത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഇരുമ്പംശം കൂടുതലാണെങ്കിൽ ഡെസ് ഫെറൽ എന്ന ഇൻജക്ഷൻ നിരന്തരം നൽകിയാണ് കുറക്കുന്നത്. ഒരു വയലിന് 150 രൂപ വിലയുള്ള ഇൻജക്ഷൻ ദിവസം രണ്ട് വയൽ നൽകേണ്ടതുണ്ട്.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമേ ഇത്തരം വിദഗ്ധ ചികിത്സകളെല്ലാം ലഭിക്കുന്നുള്ളൂവെന്ന് ബ്ലഡ് പേഷ്യൻറ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കരീം കാരശ്ശേരി പറഞ്ഞു.
എം.ആർ.ഐ സ്കാനിങ് മെഡിക്കൽ കോളജിൽ ഉണ്ടെങ്കിലും ടി 2 സ്റ്റാർ എം.ആർ.ഐ ഇല്ല. 8,000 - 10,000 രൂപയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈ സ്കാനിങ്ങിന് ഈടാക്കുന്നത്. രക്തം കയറ്റുന്ന രോഗികൾക്ക് ഇരുമ്പംശം ഇല്ലാതാക്കാൻ ഗുളിക കഴിക്കേണ്ടതുണ്ട്. 30 ഗുളികക്ക്
1200 രൂപ വില വരും. ഇത് മാസം 90 മുതൽ 120 എണ്ണം വരെ ഓരോരുത്തരിലെ ആരോഗ്യസ്ഥിതി അനുസരിച്ച് കഴിക്കേണ്ടി വരുന്നു. 18 വയസ്സ് വരെയുള്ളവർക്ക് മരുന്ന് സൗജന്യമാണ്. അതിനു ശേഷമുള്ള രോഗികളെ മരണത്തിന് വിട്ടുകൊടുക്കുകയാണെന്നും കരീം കാരശ്ശേരി പറഞ്ഞു.കിടത്തി ചികിത്സക്കായി ഒരു ഹെമറ്റോളജി വാർഡ് ഒരുക്കിയിരുന്നെങ്കിലും നിലവിൽ അവിടെ കോവിഡ് രോഗികളുടെ ചികിത്സയാണ് നടക്കുന്നത്. രക്തജന്യ രോഗികൾക്കുള്ള ചികിത്സാ സൗകര്യം ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലേക്കാണ് മാറ്റിയത്.
രണ്ട് കിടക്കകൾ മാത്രമാണ് ഇവിടെയുള്ളത്. മെഡിക്കൽ കോളജിൽ ഹെമറ്റോളജിക്കായി പ്രത്യേക വകുപ്പും കേന്ദ്രീകൃത ചികിത്സാ സൗകര്യവും ഒരുക്കുകയാണെങ്കിൽ ആയുസ്സ് നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയാണ് രോഗികൾ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.