ഇൻഷുറൻസ് ഇല്ല; ഗൃഹനാഥെൻറ മരണത്തിനിടയാക്കിയ മണ്ണുമാന്തി കോടതി കണ്ടുകെട്ടി
text_fieldsനാദാപുരം: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഗൃഹനാഥൻ മണ്ണുമാന്തി ഇടിച്ച് മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ മണ്ണുമാന്തി കോടതി ഉത്തരവ്പ്രകാരം സർക്കാറിലേക്ക് കണ്ടുകെട്ടി. വടകര എം.എ.സി.ടി കോടതിയാണ് മണ്ണുമാന്തി കണ്ടുകെട്ടാൻ ഉത്തരവിട്ടത്. ഫെബ്രുവരി 10നാണ് അരൂർ തണ്ണീർപന്തൽ റോഡിൽ കോട്ടുമുക്കിൽ അപകടം നടന്നത്.
അരൂർ കോട്ടുമുക്കിലെ വാഴയിൽ ബാലൻ (60) ആണ് മരിച്ചത്. കോട്ടുമുക്കിലെ മണ്ണെടുക്കുന്ന പറമ്പിൽ നിന്ന് അശ്രദ്ധയോടെ റോഡിലേക്ക് ഇറക്കിയ മണ്ണുമാന്തിയുടെ കൈ, സ്കൂട്ടറിൽ വരുകയായിരുന്ന ബാലെൻറ തലയിൽ ഇടിക്കുകയായിരുന്നു. ബാലനെ ഉടൻ തന്നെ വടകരയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സ്ഥലത്തുനിന്ന് പൊലീസ് എത്തുന്നതിന് മുമ്പുതന്നെ മണ്ണുമാന്തി എടുത്തുമാറ്റുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത് രേഖകൾ പരിശോധിച്ചപ്പോഴാണ് മണ്ണുമാന്തി ഇൻഷുറൻസില്ല എന്ന കാര്യം പൊലീസിന് മനസ്സിലാവുന്നത്.
അപകടത്തിനിടയാക്കിയ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്നറിഞ്ഞ കോടതി 20 ലക്ഷം രൂപ കെട്ടിവെക്കാൻ മണ്ണുമാന്തിയുടെ ഉടമ കുറ്റിപുനത്തിൽ ദിലീപ് കുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതിനു തയാറാവാത്തതിനെ തുടർന്നാണ് വാഹനം കണ്ടുകെട്ടിയതായി കോടതി ഉത്തരവിട്ടത്. അപകടശേഷം മണ്ണുമാന്തി നാദാപുരം പൊലീസ് സ്റ്റേഷൻ വളപ്പിലായിരുന്നു സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച രാവിലെ കോടതി ഉത്തരവുമായി ആമീൻ നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തി. കെ.എൽ.76. 2566 നമ്പർ മണ്ണുമാന്തി കണ്ടുകെട്ടി പൊലീസ് കസ്റ്റഡിയിൽ ഏൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.