അരുതേ... നമ്മുടെ മക്കളല്ലേ...
text_fieldsനൂറോളം ബലാത്സംഗങ്ങൾ, ലൈംഗികാതിക്രമം ഉൾപ്പെടെ ഇരുനൂറോളം മറ്റു കുറ്റകൃത്യങ്ങൾ. ജില്ലയിൽ മാത്രം കഴിഞ്ഞവർഷം കുട്ടികൾ നേരിടേണ്ടിവന്ന അതിക്രമങ്ങളുടെ കണക്കാണിത്. കുട്ടികളെ ലഹരിക്ക് അടിമകളാക്കലും ലഹരിക്കടത്തിന് ഉപയോഗിക്കലും... ഈ പട്ടിക നീളുകയാണ്. പുറത്തുവരാത്തവകൂടി പരിഗണിച്ചാൽ കണക്ക് വീണ്ടും ഉയരും. അടുത്തിടെയൊന്നും ശൈശവവിവാഹം റിപ്പോർട്ട് ചെയ്തില്ല എന്നതുമാത്രമാണ് ആശ്വാസം.
കോവിഡ് കാലത്തും കുട്ടികൾക്കെതിരായ അതിക്രമം കൂടുകയാണ്. 10 വർഷത്തിനിടെ നഗരത്തിൽ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് 2019ലാണ്. 199 കുറ്റകൃത്യങ്ങൾ. രണ്ടാമത് കഴിഞ്ഞവർഷമാണ്. 41 ബലാത്സംഗക്കേസുകളടക്കം 162 അതിക്രമങ്ങൾ. ജില്ല മൊത്തമായി നോക്കുമ്പോൾ മുൻവർഷം കേസുകൾ മുന്നൂറിനടുത്താണ്. സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പിതാവ്, മാതാവ്, അധ്യാപകൻ, അമ്മാവൻ, അയൽക്കാരൻ, പൊലീസുകാരൻ, സുഹൃത്ത് എന്നിവരടക്കമാണ് അറസ്റ്റിലായത്. വിദ്യാർഥിനികളെ പീഡിപ്പിച്ച കായിക അധ്യാപകനെതിരെ കോടഞ്ചേരി, താമരശ്ശേരി, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനുകളിലായിരുന്നു കേസ്. പൊലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിലായത് ഫറോക്കിലാണ്.
ചൂഷണം മയക്ക് മരുന്നിന് അടിമയാക്കി
മയക്കുമരുന്നിനടക്കം അടിമകളാക്കിയാണ് പലപ്പോഴും ലൈംഗികചൂഷണം നടക്കുന്നത്. റൂറൽ പൊലീസ് പരിധിയിലെ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതിങ്ങനെയാണ്. 16കാരിയായ സ്കൂൾ വിദ്യാർഥിനി പാലത്തിൽനിന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കവെ ബൈക്ക് യാത്രികരുടെ ശ്രദ്ധയിൽപെടുകയും ഇവർ കുട്ടിയെ പിങ്ക് പൊലീസിന് കൈമാറുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ച കുട്ടിയോട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിവരങ്ങൾ അന്വേഷിച്ചെങ്കിലും പരസ്പരവിരുദ്ധ കാര്യങ്ങൾ പറഞ്ഞ് മനസ്സ് താളംതെറ്റിയപോലെ പെരുമാറുകയായിരുന്നു.
കൗൺസലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂട്ട ബലാത്സംഗത്തിന്റെയടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ തുറന്നുപറഞ്ഞത്. ഒരു മാസംമുമ്പ് അമ്മയുടെ വീട്ടിൽ താമസിക്കവെ ബൈക്കുമായി വന്ന കാമുകനൊപ്പം ആളെത്താത്ത ടൂറിസം കേന്ദ്രത്തിലെത്തി. ഇവിടത്തെ കുറ്റിക്കാടിനുള്ളിൽ സംസാരിച്ചിരിക്കവെ കാമുകന്റെ മൂന്ന് സുഹൃത്തുക്കളും സ്ഥലത്തെത്തി. യുവാക്കൾ പെൺകുട്ടിക്ക് ലഹരി ചേർത്ത പാനീയം നൽകി മയക്കി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വൈകീട്ട് ബോധം തിരിച്ചുകിട്ടിയപ്പോൾ പീഡനവിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബൈക്കിൽതന്നെ കൊണ്ടുപോയി വീടിനുമുന്നിൽ ഇറക്കിവിട്ടു.
കടുത്ത മാനസിക സംഘർഷത്തിലായ കുട്ടി ഒടുക്കം പുഴയിൽ ചാടി മരിക്കാൻ തീരുമാനിക്കുകയായിരുന്നു. കേസിൽ കാമുകനടക്കം നാലുപേരും പിന്നീട് അറസ്റ്റിലായി. ബന്ധുക്കളുൾപ്പെടെയുള്ളവരുടെ പീഡനത്തിനിരയായ ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടി അധികൃതരുടെയടക്കം അവഗണനക്കും അധിക്ഷേപത്തിനുമൊടുവിൽ ജീവനൊടുക്കിയത് ഡിസംബറിലാണ്. 2017ലാണ് കുട്ടി പീഡനത്തിനിരയായത്. പിന്നീട് വിവാഹം ശരിയായതോടെ പ്രതിശ്രുത വരനോട് പീഡനവിവരം പറഞ്ഞു. പരാതി നൽകിയതോടെ അടുത്ത ബന്ധുക്കളടക്കം ആറു പേർക്കെതിരെ ഫറോക്ക് പൊലീസ് പോക്സോ നിയമം ചുമത്തി കേസെടുക്കുകയും നാലുപേർ അറസ്റ്റിലാവുകയും ചെയ്തു.
ഇതിനിടെ, ഇരയെ അന്വേഷണ ഉദ്യോഗസ്ഥൻ അപമാനിച്ചു എന്നടക്കം ആക്ഷേപങ്ങളുയർന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. പിന്നീട് തേഞ്ഞിപ്പലത്തേക്ക് താമസം മാറിയ കുട്ടി അടുത്തിടെ ആത്മഹത്യചെയ്തു. ഇതോടെയാണ് കുട്ടി മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ എഴുതിവെച്ച കുറിപ്പ് പുറത്തുവന്നത്. കേസന്വേഷിച്ച ഫറോക്ക് ഇൻസ്പെക്ടർ തന്നെ അപമാനിച്ചുവെന്നും സ്റ്റേഷനിലെത്തിയ പ്രതിശ്രുത വരനെ മർദിച്ചെന്നുമാണ് കത്തിൽ പറയുന്നത്. ഇരയായ തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയും മോശം പേര് വിളിക്കുകയും ചെയ്തുവെന്നും കത്തിലുണ്ട്. ഇക്കാര്യമടക്കം വീണ്ടും അന്വേഷിക്കാൻ സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് നിർദേശിച്ചിരിക്കയാണിപ്പോൾ.
പെരുകുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ
ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമവും വലിയ തോതിൽ വർധിച്ചു. നഗരപരിധിയിൽ 10 വർഷത്തിനിടെ കൂടുതൽ കേസ് കഴിഞ്ഞ വർഷമാണ്. 899 കേസുകൾ. മുൻവർഷമിത് 587 ആയിരുന്നു. 78 സ്ത്രീകളാണ് നഗരപരിധിയിൽ മാത്രം ബലാത്സംഗത്തിനിരയായത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കല്‍താഴം-സി.ഡബ്ല്യു.ആർ.ഡി.എം റോഡിന് സമീപം നിര്‍ത്തിയിട്ട ബസിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയത് ഞെട്ടിക്കുന്നതാണ്.
മാസങ്ങൾക്കുമുമ്പ് ചേവായൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാനപ്രതിയിപ്പോഴും ഒളിവിലാണ്. രാത്രി വഴക്കിട്ട് വീട്ടില്‍നിന്നിറങ്ങിയ യുവതിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയാണ് സംഘം ബസിൽ പീഡിപ്പിച്ചത്. അർധരാത്രി വീട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ കൈയിലെ പണം കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കെ.എസ്.ആർ.ടി.സി ബസിൽനിന്ന് യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിച്ചതിന് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും ഇപ്പോഴും 'ഒളിവിലാണ്'. യുവതിതന്നെ മൊബൈൽ കാമറയിൽ യുവാവിന്റെ ദൃശ്യം പകർത്തി നൽകിയിട്ടും ആളെ പിടികൂടാനായിട്ടില്ല.
വയറ്റിൽ ജിന്നെന്ന് വിശ്വാസം; മകളെ കൊലപ്പെടുത്തിയത് മാതാവ്
കോഴിക്കോട്: അഞ്ചുവയസ്സുകാരിയായ പെൺകുട്ടിയുടെ വയറ്റിൽ ജിന്നെത്തിയെന്ന് വിശ്വസിച്ച് മാതാവ് ശ്വാസംമുട്ടിച്ച്കൊലപ്പെടുത്തിയതാണ് കഴിഞ്ഞ വർഷം ജില്ലയെ ഞെട്ടിച്ച സംഭവങ്ങളിലൊന്ന്. ആഗസ്റ്റിൽ ചെമ്മങ്ങാട് പൊലീസ് പരിധിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഭക്ഷണം കഴിക്കവെ പെട്ടെന്ന് ബോധരഹിതയായി എന്നുപറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനകം കുട്ടി മരിച്ചിരുന്നു. ശ്വാസംമുട്ടിയാണ് മരണമെന്ന് വ്യക്തമായതോടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു.
മരണസമയം വീട്ടിലുണ്ടായിരുന്നവരെ ചോദ്യംചെയ്തപ്പോൾ മാതാവ് പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു. പന്തികേട് തോന്നിയ വനിത ഇൻസ്പെക്ടർ ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചെങ്കിലും മാതാവ് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാൻ തുടങ്ങി. തുടർന്ന് പൊലീസ് ഇവരെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന് ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കുട്ടിയുടെ മാതാവ് കുടുംബത്തിലെ ചില 'കാര്യങ്ങൾ സാധിക്കാൻ' മലപ്പുറത്തെ ഒരു തങ്ങളെ നിരന്തരം സന്ദർശിക്കാറുണ്ടായിരുന്നുവത്രെ. ഇദ്ദേഹം തന്ന ഊതിയവെള്ളവും നിരന്തരം കഴിച്ചു. ജിന്ന് കുട്ടികളുടെയടക്കം വയറ്റിലെത്തിയതാണ് പ്രശ്നങ്ങളുടെ കാരണമെന്നും ഇനി ഇതുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഉപദേശിച്ചു. അന്ധവിശ്വാസം തലക്കുപിടിച്ച സ്ത്രീ, മകൾ കഴിച്ച മാങ്ങയിൽ ജിന്നുണ്ടായിരുന്നുവെന്ന് വിശ്വസിച്ച് കുട്ടിയെ ബലമായി കിടക്കയിൽ പിടിച്ചുകിടത്തി തലയണകൊണ്ട് മൂക്കും വായും ഏറെനേരം പൊത്തിപ്പിടിക്കുകയും കുട്ടി ശ്വാസംമുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.