ഡയാലിസിസിന് മരുന്നില്ല; രോഗികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsകോഴിക്കോട്: ഡയാലിസിസിന് എത്തുന്ന രോഗികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി മരുന്നുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികൾ പുറത്തുനിന്ന് മരുന്നും അനുബന്ധ ഉപകരണങ്ങളും വാങ്ങിനൽകിയാൽ മാത്രമേ ഡയാലിസിസ് നടത്തുകയുള്ളൂവെന്ന് രോഗികൾ പറഞ്ഞു.
മെഷീൻ സൗകര്യവും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനവും മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളജിൽനിന്ന് ലഭിക്കുന്നത്. ഡയലൈസർ, ആസിഡ്, ബ്ലഡ് ട്യൂബിങ്സ്, ഹൈഡ്രജൻ പെറോക്സൈഡ്, എരിത്രോട്ടിൻ ഇൻജക്ഷൻ 4കെ തുടങ്ങിയവയാണ് പല രോഗികളെ കൊണ്ടും വാങ്ങിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി 130 മുതൽ 135 രോഗികളാണ് ഇവിടെ രണ്ടിടത്തുനിന്നായി ഡയാലിസിസ് ചെയ്യുന്നത്.
ഓരോ രോഗികളെ കൊണ്ടും വിവിധങ്ങളായ സാധനങ്ങളാണ് വാങ്ങിപ്പിക്കുന്നത്. ഡയലൈസർ 595 രൂപ, ആസിഡ് 5 ലീറ്റർ- 140 രൂപ, ബ്ലഡ് ട്യൂബിങ്സ് 190 രൂപ, ഇഞ്ചക്ഷനു 250 രൂപ എന്നിങ്ങനെയാണ് വരുന്നതെന്നു രോഗികൾ പറഞ്ഞു. ഇതിൽ ഡയലൈസർ 10 തവണ ഉപയോഗിക്കാം. ബ്ലഡ് ട്യൂബിങ്സ് മാസത്തിൽ ഒന്നു മതി. മാസത്തിൽ ഒരുതവണയെങ്കിലും രക്തം പരിശോധിക്കണം. എല്ലാമായി ഒരു ഡയാലിസിസിന് 1500 രൂപ രോഗികൾക്ക് ചെലവാകും. ഇതിനു പുറമെ ടാക്സി ചാർജും വരും.
ഭൂരിഭാഗം ഡയാലിസിസ് രോഗികളും നടക്കാൻ പ്രയാസപ്പെടുന്നവരാണ്. ഇവർ ഓട്ടോറിക്ഷ വിളിച്ചാണ് ആശുപത്രിയിൽ എത്തുന്നത്. ജോലിക്കുപോലും പോകാൻ സാധിക്കാത്ത രോഗികളെ ഇത് പ്രതിസന്ധിയിലാക്കുകയാണ്.നിത്യവൃത്തിക്കുപോലും വകയില്ലാത്തവരാണ് പല രോഗികളും. അതിനിടെ ‘കാരുണ്യ’വഴിയുള്ള മരുന്ന് വിതരണംകൂടി നിലച്ചതോടെ ഇവർ പ്രതിസന്ധിയിലായി. ഇതു സംബന്ധിച്ച് രോഗികൾ നിരവധി തവണ അധികൃതർക്കു പരാതി നൽകിയിരുന്നു.
ആശുപത്രി വികസന സമിതിയുടെ ന്യായവില മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്ന് വിതരണം ഏജൻസികൾ നിർത്തിവച്ചതോടെയാണ് ഡയാലിസിസ് രോഗികൾ പ്രതിസന്ധിയിലായത്.മെഡിക്കൽ ഷോപ്പിലേക്ക് മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും നൽകിയ വകയിൽ 80 കോടി രൂപ കുടിശ്ശികയായതിനാൽ ജനുവരി 10 മുതലാണ് വിതരണക്കാർ വിതരണം നിർത്തിയത്. എന്നാൽ, കുടിശ്ശിക തീർത്ത് മരുന്ന് വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടിയൊന്നും ആയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.