വിദ്യാലയങ്ങളിൽ ദേശീയപതാക ലഭിച്ചില്ല; ഹർ ഘർ തിരംഗ പദ്ധതി അവതാളത്തിൽ
text_fieldsമുക്കം: 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്തുന്ന 'ഹർ ഘർ തിരംഗ' പദ്ധതി ത്രിശങ്കുവിൽ. പതാക നിർമിക്കാൻ ചുമതലയേറ്റ കുടുംബശീ ജില്ല മിഷന് യഥാസമയം ആവശ്യാനുസരണം പതാക നിർമിച്ചുനൽകാൻ കഴിയാത്തതാണ് പദ്ധതി അവതാളത്തിലാക്കിയത്. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കൊടിയത്തൂർ പഞ്ചായത്തിൽ മാത്രമാണ് പതാക ലഭിച്ചത്.
പതാക കിട്ടുന്ന മുറക്ക് കുടുംബശ്രി ജില്ല മിഷന് കൈമാറുന്നതിന് വിദ്യാർഥികളിൽനിന്ന് സ്കൂളധികൃതർ ശരാശരി 30 രൂപ വീതം സമാഹരിച്ചിരുന്നു. ശനിയാഴ്ച പതാക ഉയർത്തുന്നതിനായി വെള്ളിയാഴ്ച വിദ്യാർഥികൾ വശം ദേശീയപതാക വീടുകളിലേക്ക് അയക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, വെള്ളിയാഴ്ച സ്കൂൾ വിടുന്ന സമയമായിട്ടും മലയോരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നും ദേശീയപതാക എത്തിയില്ല. മാത്രവുമല്ല പതാകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരക്കിയെങ്കിലും ജില്ല മിഷൻ അധികാരികളിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല.
ഇതോടെ തദ്ദേശ സ്ഥാപന ഭരണാധികാരികളും അധ്യാപകരും പ്രതിസന്ധിയിലായി. മിക്കയിടത്തും ജനപ്രതിനിധികളും സ്കൂളധികൃതരും സ്വന്തംനിലക്ക് പതാക സംഘടിപ്പിച്ച് നാമമാത്രമായെങ്കിലും വിതരണം ചെയ്തു.
മുക്കം നഗരസഭ, കോടഞ്ചേരി, തിരുവമ്പാടി, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലൊന്നും ദേശീയപതാക എത്തിക്കാൻ വിതരണച്ചുമതലയുള്ള കുടുംബശ്രീ ജില്ല മിഷന് സാധിച്ചില്ല. അതേസമയം, മുൻകൂട്ടി ഇടപെടൽ നടത്തിയതിനാൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് യഥാസമയം ദേശീയപതാക ലഭിക്കുകയും ചെയ്തു. കുടുംബശ്രീക്ക് ദേശീയപതാക നിർമിച്ചുനൽകുന്ന സംരംഭകരുമായി പഞ്ചായത്ത് അധികൃതർ ബന്ധപ്പെടുകയും ജില്ല മിഷന്റെ നിർദേശപ്രകാരം കൊടിയത്തൂരിൽ ദേശീയപതാക എത്തിച്ചുനൽകുകയുമായിരുന്നു. ജില്ലയിൽ 2,40,000ത്തോളം പതാകകളുടെ ഓർഡറുകളാണ് കുടുംബശ്രീ ജില്ല മിഷന് ലഭിച്ചിരുന്നത്. എന്നാൽ, ഒന്നര ലക്ഷത്തോളം മാത്രമാണ് വെള്ളിയാഴ്ച നാലു മണി വരെ വിതരണം ചെയ്യാനായതെന്നാണ് വിവരം.
പതാക നിർമാണത്തിനാവശ്യമായ മെറ്റീരിയലുകളുടെ ദൗർലഭ്യവും കിട്ടിയ സാധനങ്ങൾ തന്നെ കേടായതും കുറ്റമറ്റ രീതിയിൽ പതാക തയാറാക്കുന്നതിൽ യൂനിറ്റുകൾക്ക് വന്ന വീഴ്ചയുമാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് കുടുംബശ്രീ ജില്ല മിഷൻ അധികൃതരുടെ വിശദീകരണം. പല സ്കൂളിലും പതാക എത്തിച്ചെങ്കിലും നേരം വൈകിയെന്ന കാരണത്താൽ ഏറ്റെടുക്കാൻ തയാറായില്ലെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.