അവശ്യസാധനങ്ങളില്ല, സേവനങ്ങളില്ല; ഉദ്ഘാടനംപോലും നടത്താനാകാതെ കെ-സ്റ്റോറുകൾ
text_fieldsകോഴിക്കോട്: റേഷൻകടകളെ മൊത്തം ഹൈടെക് ആക്കുമെന്ന വാഗ്ദാനത്തോടെ പ്രഖ്യാപിച്ച കെ-സ്റ്റോറുകളുടെ പ്രവർത്തനം ഇനിയും തുടങ്ങാനാവാതെ സർക്കാർ. ആദ്യഘട്ടമായി 14 ജില്ലകളിൽ 72 കെ-സ്റ്റോറുകൾ മേയിൽ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. മേയ്, ജൂൺ, ആഗസ്റ്റ് മാസങ്ങളിൽ നടത്താൻ തീരുമാനിച്ച് ഓരോ തവണയും മാറ്റിവെച്ച ഉദ്ഘാടനം ഈ മാസം 11ന് ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇത്തവണയും ഉദ്ഘാടനം നടക്കാൻ സാധ്യതയില്ലെന്ന് കെ-സ്റ്റോർ വ്യാപാരികൾ പറയുന്നു. സ്റ്റോർ തുടങ്ങുന്നതിനുവേണ്ട സാധനങ്ങളോ സേവനങ്ങളോ ലഭ്യമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ മിനി അക്ഷയ സെന്റർ സേവനങ്ങൾ, സപ്ലൈകോ-മിൽമ ഉൽപന്നങ്ങൾ, മിനി എൽ.പി.ജി സിലണ്ടറുകൾ, 5000 രൂപ വരെയുള്ള ബാങ്കിങ് സംവിധാനം എന്നിവയെല്ലാം ലഭ്യമാക്കുന്നതായിരുന്നു പദ്ധതി.
മുളക്, മല്ലി, മഞ്ഞൾ, ചെറുപയർ, വെളിച്ചെണ്ണ, ചായപ്പൊടി, പഞ്ചസാര തുടങ്ങി മാവേലി സ്റ്റോറുകളിൽ കിട്ടുന്ന സബ്സിഡി നിരക്കിലുള്ള 13 ഇനം അവശ്യസാധനങ്ങൾ കെ- സ്റ്റോറുകളിൽ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇവക്കുപുറമേ ജയ അരിയും കുറുവ അരിയും 25 രൂപക്കും മട്ട 24നും പച്ചരി 23നുമാണ് ലഭിക്കേണ്ടിയിരുന്നത്. നിത്യോപയോഗ സാധങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇത് ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുമായിരുന്നു.
എന്നാൽ, സബ്സിഡി ഉൽപന്നങ്ങൾ കെ-സ്റ്റോറുകൾ വഴി ലഭ്യമാക്കാൻ കഴിയില്ലെന്ന് അധികൃതർ നിലപാടെടുത്തതോടെ പദ്ധതിയുടെ പ്രഥമലക്ഷ്യം പാളി.
സബ്സിഡി ഉൽപന്നങ്ങൾ കെ-സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്നത് മാവേലി സ്റ്റോർ സംവിധാനത്തെ തകർക്കുമെന്ന പൊതുവിതരണ മേഖലയിലെ സംഘടനകളുടെ പരാതിയും അവയുടെ ജി.എസ്.ടി ആര് നൽകുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതുമാണ് ഇതിന് കാരണം. ഇതിനെ എതിർത്ത് റേഷൻ വ്യാപാരി സംഘടനകൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.
വലിയ തുക മുടക്കിയാണ് കടകൾ സജ്ജീകരിച്ചതെന്നും അവശ്യസാധനങ്ങൾ ഒഴിവാക്കുന്നത് നഷ്ടത്തിനിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടർന്ന് ആഗസ്റ്റിൽ തീരുമാനിച്ച ഉദ്ഘാടനം മാറ്റിവെച്ചു.
പിന്നീട് ചർച്ചകൾ പലതും നടന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. വെള്ളിയാഴ്ച ഉദ്ഘാടനം നടത്തുമെന്ന് പറയുമ്പോഴും അവശ്യസാധനങ്ങൾ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്താമെന്ന വാഗ്ദാനം മാത്രമാണുള്ളത്.
കടകളിൽ നിലവിൽ എത്തിച്ചിരിക്കുന്നത് മിൽമ ഉൽപന്നങ്ങളും ചോട്ടു ഗ്യാസ് സിലിണ്ടറുകളും മാത്രമാണ്. മിൽമയുടെ പ്രധാന ഉൽപന്നങ്ങളായ പാൽ, തൈര് എന്നിവ ഒഴിവാക്കി നെയ്യ് മാത്രമാണ് എത്തിച്ചിരിക്കുന്നത്. ശീതീകരണ സംവിധാനം ഒരുക്കിയിട്ടില്ലാത്തതിനാലാണ് പാലും തൈരും നൽകാൻ കഴിയാത്തതെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.