നോ പ്ലാസ്റ്റിക്: 350 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
text_fieldsകോഴിക്കോട്: ജില്ലയിൽ ചെറുകിട കച്ചവടക്കാർക്ക് വിൽപന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മൊത്ത വ്യാപാര കേന്ദ്രത്തിൽനിന്ന് പിടിച്ചെടുത്തു. സർക്കാർ പൂർണമായി നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ധാരാളമായി ചെറുകിട കച്ചവടക്കാർക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് വൻകിട സംഭരണ കേന്ദ്രങ്ങളിൽ പരിശോധന തുടങ്ങിയത്.
ജില്ല ശുചിത്വ മാനേജ്മെന്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കോഴിക്കോട് കോർപറേഷൻ ആരോഗ്യവിഭാഗവും ചേർന്ന് കോഴിക്കോട് ഈസ്റ്റ് കല്ലായിയിലെ സ്ഥാപനത്തിൽ നിന്നാണ് പ്ലാസ്റ്റിക്ക് പിടിച്ചെടുത്തത്.
സ്ഥാപനത്തിനെതിരെ 25000 രൂപ പിഴ ചുമത്തി. ഒറ്റ തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ തുടങ്ങിയവ അടക്കം 350 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. വൻതോതിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചത് ബോധ്യപ്പെട്ടതിനാൽ തുടർ നിയമ ലംഘനം ഉണ്ടായാൽ സ്ഥാപനം അടച്ചു പൂട്ടുമെന്ന് അറിയിച്ച് ഉടമക്ക് നോട്ടീസും നൽകി.
ആറ് മാസത്തിനകം പിടിച്ചത് 8000കിലോ, പിഴ 36 ലക്ഷം
ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തന ഫലമായി കഴിഞ്ഞ ആറു മാസത്തിനിടയിൽ 8000 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. മൊത്തം 36 ലക്ഷം രൂപയോളം പിഴയും ഈടാക്കി.
പുതിയ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതിന് ശേഷം മാലിന്യശുചിത്വ രംഗത്ത് നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികളാണ് ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡും കോർപറേഷൻ ആരോഗ്യ വിഭാഗവും സ്വീകരിച്ചു വരുന്നതെന്ന് അധികൃതർ അറിയിച്ചു.
പരിശോധനക്ക് ജില്ല സ്ക്വാഡ് അംഗങ്ങളായ ഇന്റേണൽ വിജിലൻസ് ഓഫിസർ ടി. ഷാഹുൽ ഹമീദ്, ജൂനിയർ സൂപ്രണ്ട് എ. അനിൽകുമാർ, ഹെഡ് ക്ലർക്ക് എം.പി. ഷാനിൽ കുമാർ, കോർപറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു ജയറാം, കെ. സുബൈർ, ജി.എസ്. ദേവസേനൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.കെ. അശോകൻ, കെ. വിനോദ് കുമാർ, കെ. സതീശൻ, വി. മനീഷ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.