മെഡി. കോളജ് സർജിക്കൽ ഷോപ്പിലെ കവർച്ച: ഒമ്പതു ലക്ഷത്തിന് തുമ്പില്ല
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ സർജിക്കൽ ഷോപ്പിൽ നിന്ന് ഒമ്പതുലക്ഷത്തിലേറെ രൂപ കവർന്ന സംഭവത്തിൽ ഒരുവർഷമായിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ്.
അന്വേഷണം എവിടെയുമെത്താതെ ഒമ്പത് ലക്ഷത്തിലേറെ വരുന്ന തുക അധികൃതർ മറന്ന മട്ടാണ്. കോവിഡിന് മുമ്പുനടന്ന ആശുപത്രി വികസന സമിതി യോഗങ്ങളിൽ മോഷണം വലിയ ചർച്ചാ വിഷയമായെങ്കിലും ഒരു തീരുമാനവും നടപ്പാക്കപ്പെട്ടിട്ടില്ല.
കോവിഡ് കാലത്ത് ആശുപത്രി വികസന സമിതി ഒാൺലൈൻ യോഗം നടത്തിയെങ്കിലും അവയിലൊന്നും മോഷണം സംബന്ധിച്ച വിഷയം ചർച്ചയായില്ല.
കോവിഡ് തിരക്കുകൾ ആയതോടെ മറ്റെല്ലാം മറന്ന മട്ടാണ്. സംഭവത്തിൽ സിറ്റി പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെയും പ്രതീക്ഷക്ക് വകയായിട്ടില്ല. മോഷണം നടന്ന ദിവസം ജോലിയിൽ ഉണ്ടായിരുന്ന മൂന്നു ജീവനക്കാർ അറിയാതെ പണം നഷ്ടമാകിെല്ലന്ന് ആശുപത്രി അധികൃതർ പരസ്പരം അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പണം നഷ്ടമായത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മോഷണം നടന്ന ദിവസം ജോലിയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുമെന്ന് പറഞ്ഞിരുന്നു. ഒരാൾ എതിർപ്പ് അറിയിച്ചതിനാൽ നടപടിക്രമങ്ങളൊന്നും പൂർത്തിയാക്കിയിട്ടില്ല.
മോഷണം വാർത്തയായപ്പോൾ രണ്ട് താൽക്കാലിക ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും പണം അന്നന്ന് ബാങ്കിൽ നിക്ഷേപിക്കാനും എച്ച്.ഡി.എസ് തീരുമാനമെടുത്തിരുന്നു. മോഷണത്തെ തുടർന്ന് സർജിക്കൽ ഷോപ് ആശുപത്രിക്കുള്ളിലേക്ക് മാറ്റുന്ന കാര്യം എച്ച്.ഡി.എസ് യോഗം പരിശോധിക്കുകയും അതിന് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു.
ഇതും പലവിധ വിവാദങ്ങളിൽപെട്ട് കെട്ടടങ്ങി. നേരത്തെയും എച്ച്.ഡി.എസിൽനിന്ന് ആറു ലക്ഷം രൂപ കളവുപോയിരുന്നു. പിന്നീട് ആ സംഭവത്തെക്കുറിച്ച് ഒരു വിവരവുമില്ല. അതുപോലെ ഒമ്പതു ലക്ഷവും മറവിയിലാഴുകയാണ്.
സാമ്പത്തിക ബാധ്യതയിൽപെട്ട്, ജീവനക്കാരുടെ ശമ്പളം പോലും വർധിപ്പിക്കാൻ വഴിയില്ലാതെ ഉഴറുന്നതിനിടെയാണ് എച്ച്.ഡി.എസിൽ മോഷണം കണ്ടെത്താൻ നടപടി സ്വീകരിക്കാൻപോലും അധികൃതർ തയാറാകാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.