ശമ്പള പരിഷ്കരണമില്ല; ആനുകൂല്യങ്ങളുമില്ല
text_fieldsപേരാമ്പ്ര: തെക്കേക്കുന്നത് ഗിരീഷിന് 49 വയസ്സുണ്ട്. അതിൽ 48 വർഷവും അദ്ദേഹം ഈ എസ്റ്റേറ്റിലാണ്. ഗിരീഷിന്റെ മാതാപിതാക്കളായ പരേതരായ നാരായണനും ദേവിയും എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു. ഒരു വയസ്സുള്ള മകനെയുമെടുത്താണ് ഇവർ ജോലിക്ക് വരിക. തൊഴിലാളികളുടെ മക്കളെ നോക്കാൻ എസ്റ്റേറ്റിൽ ആയമാർ ഉണ്ടായിരുന്നു. അതു കഴിഞ്ഞാൽ അംഗൻവാടി, പിന്നെ സ്കൂൾ എല്ലാം എസ്റ്റേറ്റിലുണ്ട്. ആയമാരുടെ ലാളനയേറ്റ്, എസ്റ്റേറ്റിലെ അംഗൻവാടിയിലും സ്കൂളിലുമെല്ലാം പഠിച്ച് മുതിർന്നപ്പോൾ ഗിരീഷും എസ്റ്റേറ്റിലെ തൊഴിലാളിയായി. ആദ്യകാലത്ത് എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ പ്രതിമാസം ഒരു കുടുംബത്തിന് ജീവിച്ചുപോകാൻ വേണ്ട തുക കിട്ടിയതായി ഗിരീഷ് പറയുന്നു. എന്നാൽ, ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗിരീഷിനെ പോലെ ജീവിതം മുഴുവൻ എസ്റ്റേറ്റിലായിരുന്നവർ നിരവധിയാണ്. ഇവരെല്ലാം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ്.
നിലവിൽ പേരാമ്പ്ര എസ്റ്റേറ്റിൽ 287 തൊഴിലാളികളാണുള്ളത്. ഇതിൽ 200 പേർ സ്ത്രീ തൊഴിലാളികളാണ്. റബർ ടാപ്പിങ്ങും ഫീൽഡ് വർക്കുമാണ് തൊഴിലാളികൾ ചെയ്യേണ്ടത്. ടാപ്പിങ് തൊഴിലാളികൾ പുലർച്ച ആറുമണിക്ക് എത്തണം. 400 മരംവെട്ടി പാല് ശേഖരിക്കണം. 222 തൊഴിലാളികൾ ടാപ്പിങ് മാത്രം നടത്തുന്നുണ്ട്. വെട്ടുന്ന മരത്തിന്റെ എണ്ണം കുറഞ്ഞാൽ, പാല് കുറഞ്ഞാൽ കൂലി കുറക്കും. ഇവിടത്തെ തൊഴിലാളികൾക്ക് ലഭിക്കുന്നത് ദിവസക്കൂലിയാണ്. 420 രൂപയാണ് ദിവസക്കൂലി. ഏഴ് വർഷം മുമ്പാണ് ശമ്പള പരിഷ്കരണം നടത്തിയത്. രണ്ട് വർഷം മുമ്പ് ഇടക്കാല ആശ്വാസമെന്ന നിലക്ക് 80 രൂപകൂടി കൊടുക്കുന്നുണ്ട്. നഷ്ടത്തിലാണെങ്കിൽ തിരിച്ചുപിടിക്കുമെന്ന് പറഞ്ഞിരുന്നു. തൊഴിലാളികളുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് ഇടക്കാലാശ്വാസത്തിൽ 74 രൂപ ശമ്പളത്തിൽ ലയിപ്പിക്കുകയും ആറുരൂപ പി.എഫിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മൂന്നുവർഷം മുമ്പുവരെ മെഡിക്കൽ അലവൻസ്, വാഷിങ് അലവൻസ്, യൂനിഫോം എന്നിവ ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നും ലഭിക്കുന്നില്ല. ചികിത്സാ ചെലവെല്ലാം തൊഴിലാളികൾ സ്വന്തം കൈയിൽനിന്ന് എടുക്കണം. വസ്ത്രം അലക്കാനുള്ള അലവൻസ് ലഭിക്കുന്നതും ചെറിയൊരു ആശ്വാസമായിരുന്നു. ഇപ്പോൾ അതും മുടങ്ങി.
ഓണത്തിന് 20 ശതമാനം ബോണസാണ് എസ്റ്റേറ്റ് തൊഴിലാളികൾക്ക് ലഭിച്ചിരുന്നത്. എന്നാൽ, ഇത് വെട്ടിക്കുറച്ച് 8.33 ശതമാനമാക്കാൻ നീക്കം നടന്നിരുന്നു. രണ്ടുതവണ യോഗം ചേർന്നിട്ടും കുറക്കാൻ തൊഴിലാളി യൂനിയനുകൾ അനുവദിച്ചില്ല. തുടർന്ന് സർക്കാർ പ്രതിനിധികളുടെ എതിർപ്പിനെ മറികടന്ന് 20 ശതമാനം ബോണസും അര ശതമാനം ഇൻസെന്റിവും തൊഴിലാളികൾക്ക് ലഭിച്ചു.
കൃഷി ഫാം, ഓയിൽ ഫാം ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുമ്പോൾ ഈ തോട്ടം തൊഴിലാളികൾക്ക് മാത്രം ദിവസക്കൂലിയാണ് ലഭിക്കുന്നത്. അതും ഏറ്റവും കുറഞ്ഞ ദിവസക്കൂലി.
പ്ലാന്റേഷൻ കോർപറേഷനിലെ തൊഴിലാളികളും കേരളത്തിലെ സ്വകാര്യ എസ്റ്റേറ്റ് തൊഴിലാളികളും സംയുക്തമായുള്ള പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) നിലവിലുണ്ട്. കൂലി വർധനവിന്റെയും മറ്റും കാര്യം വരുമ്പോൾ സ്വകാര്യ എസ്റ്റേറ്റ് മാനേജ്മെന്റ് എതിർക്കും. അതുകൊണ്ട് പ്ലാന്റേഷൻ കോർപറേഷനിലെ തൊഴിലാളികൾക്കും കൂലി വർധന ലഭിക്കില്ല. പ്ലാന്റേഷൻ കോർപറേഷൻ പി.എൽ.സിയിൽ നിന്നും പുറത്തുവരണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര എസ്റ്റേറ്റിലെ എച്ച്.എം.എസ് സംഘടനയും കല്ലാല എസ്റ്റേറ്റിലെ ഒരു സ്വതന്ത്ര സംഘടനയും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. പ്ലാന്റേഷൻ കോർപറേഷനിലെ തൊഴിലാളികളോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
ശമ്പള പരിഷ്കരണമില്ല; ആനുകൂല്യങ്ങളുമില്ല
എസ്റ്റേറ്റിലെ മുന്നൂറോളം വരുന്ന തൊഴിലാളികൾക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ ഒരു ശുചിമുറിയെങ്കിലും ഒരുക്കിയിരുന്നെങ്കിൽ വലിയ ആശ്വാസമായിരുന്നു. ഭൂരിഭാഗം വരുന്ന സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തുറസ്സായ സ്ഥലത്ത് പ്രാഥമികാവശ്യം നിർവഹിക്കേണ്ട അവസ്ഥയാണ്. കാട്ടുമൃഗശല്യവും അട്ടപ്പുഴു ശല്യവുമുള്ളതുകൊണ്ട് ഇത് വലിയ ദുരിതം തന്നെയാണ്. കക്കൂസ് നിർമിക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. തൊഴിലാളികൾ പറയുന്നതെല്ലാം ബധിരകർണങ്ങളിലാണ് പതിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.