ബി.ഡി.ജെ.എസിന് ഒറ്റ സീറ്റുമില്ലാതെ എൻ.ഡി.എ പട്ടിക; കോഴിക്കോട്ട് അണികളിൽ അമർഷം
text_fieldsകോഴിക്കോട്: പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് ഒരുസീറ്റുപോലും നൽകാതെ എൻ.ഡി.എയുടെ ജില്ലയിലെ സ്ഥാനാർഥി പട്ടിക. 13 സീറ്റുകളിലും താമര ചിഹ്നത്തിൽ ബി.ജെ.പി സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര സീറ്റുകളാണ് ബി.ഡി.ജെ.എസിന് ബി.ജെ.പി അനുവദിച്ചിരുന്നത്. ഇത്തവണ പേരാമ്പ്രയും തിരുവമ്പാടിയും വിട്ടുനൽകാനാവില്ലെന്ന് ആദ്യവട്ട ഉഭയകക്ഷി ചർച്ചയിൽതന്നെ ബി.ജെ.പി അറിയിച്ചിരുന്നു. ഇതോെട അനുവദിക്കുന്ന കോഴിക്കോട് സൗത്തിൽ ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ് ഗിരി പാമ്പനാൽ, ജില്ല ട്രഷറർ സതീഷ് കുറ്റിയിൽ എന്നിവരിലൊരാൾ സ്ഥാനാർഥിയാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അവസാനവട്ട ചർച്ചയിൽ കോഴിക്കോട് സൗത്തിനു പകരം വടകര വിട്ടുനൽകാമെന്നറിയിക്കുകയായിരുന്നു. ഇതോടെ മത്സരത്തിനില്ലെന്ന് അറിയിച്ച് വടകര ഏറ്റെടുത്തില്ല. ഒറ്റസീറ്റുപോലും അനുവദിക്കാത്തതിൽ ബി.ഡി.ജെ.എസ് അണികളിൽ കടുത്ത അമർഷമുണ്ട്.
ജില്ലയിലെ എൻ.ഡി.എ സ്ഥാനാർഥികൾ:
എം.ടി. രമേശ്
(കോഴിക്കോട് നോർത്ത്)
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. ആയഞ്ചേരി സ്വദേശി. യുവമോർച്ചയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. ഭാര്യ: അഡ്വ. ഒ.എം. ശാലീന (മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി). മകൾ: ജ്വാല.
അഡ്വ. വി.കെ. സജീവൻ
(കുന്ദമംഗലം)
ബി.ജെ.പി ജില്ല പ്രസിഡൻറാണ്. യുവമോർച്ച ജില്ല, സംസ്ഥാന പദവികൾ വഹിച്ചിട്ടുണ്ട്. വടകരയിൽനിന്ന് രണ്ടുതവണ ലോക്സഭയിലേക്കും തലശ്ശേരിയിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ചു.
വള്ള്യാട് സ്വദേശിയാണ്. കോഴിക്കോട്ടാണ് താമസം. ഭാര്യ: സരിത (സ്റ്റേറ്റ് ടാക്സ് ഓഫിസർ, ജി.എസ്.ടി വകുപ്പ് തലശ്ശേരി). മകൾ: മിത്ര ലക്ഷ്മി.
അഡ്വ. കെ.വി. സുധീർ (പേരാമ്പ്ര)
ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറാണ്. ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. ഹൈകോടതിയിൽ കേന്ദ്ര സർക്കാറിെൻറ അഭിഭാഷകനായും സേവനമനുഷ്ഠിച്ചു. ബാലുശ്ശേരി കോഴിക്കോടൻ വീട്ടിൽ ഉണ്ണിമാധവൻ നായരുടെയും വസുമതി അമ്മയുടെയും മകനാണ്. ഭാര്യ: പി.ആർ. രാഖി, മക്കൾ: പാർവതി സുധീർ, ഗൗരി സുധീർ.
അഡ്വ. കെ.പി. പ്രകാശ്ബാബു (ബേപ്പൂർ)
ബി.ജെ.പി സംസ്ഥാന സെക്രട്ടറിയാണ്. നാദാപുരത്തുനിന്നും ബേപ്പൂരിൽനിന്നും നിയമസഭയിലേക്കും കോഴിക്കോടുനിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡൻറായിരുന്നു. നരിപ്പറ്റ പരേതനായ കുറ്റിപൊരിച്ച പറമ്പത്ത് കണ്ണെൻറയും മാണിയുടെയും മകനാണ്. പുത്തൂർമഠം ചിറ്റലക്കോട്ട് മേത്തലാണ് താമസം. ഭാര്യ: ഡോ. ഭാഗ്യശ്രീ (ചേളന്നൂർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ). മക്കൾ: ഗൗരിലക്ഷ്മി, ജാൻവി ലക്ഷ്മി.
ലിബിൻ ഭാസ്കർ (ബാലുശ്ശേരി)
യുവമോർച്ച ജില്ല വൈസ് പ്രസിഡൻറാണ്. എ.ബി.വി.പി സംസ്ഥാന സമിതി അംഗമായിരുന്നു. ബാലുശ്ശേരി എസ്.സി സർവിസ് കോഓപറേറ്റിവ് ബാങ്കിെൻറ ഡയറക്ടറാണ്. ജേണലിസവും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമയുമുണ്ട്. ബാലുശ്ശേരിയിൽ നീറ്റോറമ്മൽ ഭാസ്കരെൻറയും ലീലയുടേയും മകനാണ്. സഹോദരി ലിനിഷ ഭാസ്കർ നഴ്സാണ്.
എൻ.പി. രാധാകൃഷ്ണൻ
(കൊയിലാണ്ടി)
ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡൻറ് ചുമതലകൾ വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗവും ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻറും നാഷനൽ ഫിഷറീസ് െഡവലപ്മെൻറ് ബോർഡ് അംഗവുമാണ്. വെള്ളയിൽ നാലുകുടി പറമ്പിൽ ശേഖരെൻറയും ദാക്ഷായണിയുടേയും മകനാണ്. ഭാര്യ: പ്രഭ. മക്കൾ: കൃഷ്ണേന്ദു, കൃഷ്ണകിഷോർ, കൃഷണകിരൺ.
ബേബി അമ്പാട്ട് (തിരുവമ്പാടി)
ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കെയർ ഫൗണ്ടേഷൻ ചാരിറ്റബ്ൾ സൊസൈറ്റി സ്ഥാപക അംഗമാണ്. എം.വി.ആർ കാൻസർ സെൻററിെൻറ ഭാഗമായി പ്രവർത്തിക്കുന്നു. കോവൂരിലെ അമ്പാട്ടു തറവാട്ടിലാണ് ജനനം. വിലങ്ങാട് സർവിസ് ബാങ്കിൽ സെക്രട്ടറിയായിരുന്നു. ഭാര്യ: മേഴ്സി. മൂന്നു മക്കളുണ്ട്.
ടി.പി. ജയചന്ദ്രൻ (എലത്തൂർ)
ബി.ജെ.പി മേഖല പ്രസിഡൻറാണ്. ജില്ല പ്രസിഡൻറായും പ്രവർത്തിച്ചു. യുവമോർച്ച സംസ്ഥാന ഭാരവാഹിയായിരുന്നു. പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. കൊയിലാണ്ടി, കൊടുവള്ളി എന്നിവിടങ്ങളിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ഉപദേശകസമിതി അംഗമാണ്. നരിക്കുനി 'പ്രസാദ'ത്തിലാണ് താമസം. ഭാര്യ: ടി.പി. ഷീല (റിട്ട. അധ്യാപിക, എടക്കര യു.പി സ്കൂൾ). മക്കൾ: ജെ. അഖിൽ, ജെ. അശ്വിൻ.
ടി. ബാലസോമൻ (കൊടുവള്ളി)
ആർ.എസ്.എസിലൂടെ സംഘടനാപ്രവർത്തനം ആരംഭിച്ചു. ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിയാണ്. നാഷനൽ യുവ കോഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറിയാണ്. ഉണ്ണികുളം കരിയാത്തൻകാവിൽ താമസം. ഭാര്യ: നിഷ. മക്കൾ: ശ്വേത ലക്ഷ്മി, വേദ ലക്ഷ്മി.
നവ്യ ഹരിദാസ്
(കോഴിക്കോട് സൗത്ത്)
ബി.ജെ.പി ജില്ല സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമാണ്. കാരപ്പറമ്പ് സ്വദേശി. നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് മത്സരിക്കുന്നത്. ബി.ടെക് ബിരുദധാരിയാണ്. ഭർത്താവ്: ശോഭിൻ ശ്യാം. മക്കൾ: സാത്വിക് ശോഭിൻ, ഇഷാന ശോഭിൻ.
എം.പി. രാജൻ (നാദാപുരം)
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമാണ്. ആർ.എസ്.എസ് നാദാപുരം താലൂക്ക് കാര്യവാഹ്, വടകര ജില്ല സമ്പർക്ക പ്രമുഖ് എന്നീ നിലകളിൽ പ്രവർത്തിച്ചു. വടകരയിൽനിന്നും നാദാപുരത്തുനിന്നും നിയമസഭയിലേക്ക് മത്സരിച്ചു. അമ്പലകുളങ്ങര മീത്തലെ പറമ്പത്ത് കേളപ്പെൻറയും ദേവിയുടെയും മകനാണ്. ഭാര്യ: ഷെറീന, മക്കൾ: ഡോ. സംഘമിത്ര, ദാർമിഗ്.
പി.പി. മുരളി (കുറ്റ്യാടി)
കർഷക മോർച്ച ജില്ല പ്രസിഡൻറാണ്. നിയമസഭ െതരഞ്ഞെടുപ്പിൽ കന്നിയംഗം. ജില്ല പഞ്ചായത്ത് മണിയൂർ ഡിവിഷനിൽ മത്സരിച്ചിരുന്നു. എ.ബി.വി.പി ജില്ല പ്രസിഡൻറ്, യുവമോർച്ച ജില്ല െസക്രട്ടറി, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് തുടങ്ങിയ ചുമതല വഹിച്ചു. മേമുണ്ട അൻസാർ കോളജ് അധ്യാപകനാണ്. ലോകനാർകാവ് സ്വദേശി. ഭാര്യ: ബിന്ദു. മകൻ: ശ്രീവേദ് ഗൗതം.
അഡ്വ. എം. രാജേഷ് കുമാർ
(വടകര)
ബി.ജെ.പി സംസ്ഥാന കൗണ്സില് അംഗമാണ്. കഴിഞ്ഞ തവണ വടകര നിയോജക മണ്ഡലത്തില്നിന്ന് മത്സരിച്ചിരുന്നു. വളയം സ്വദേശിയാണ്. വടകര ബാറിലെ അഭിഭാഷകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.