അതിസുരക്ഷ നമ്പർ പ്ലേറ്റില്ല; വാഹനം വിറ്റ ഡീലർക്ക് 11,900 രൂപ പിഴ
text_fieldsകോഴിക്കോട്: അതിസുരക്ഷ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം വിറ്റ ഡീലർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. വാഹന പരിശോധനക്കിടെയാണ് എച്ച്.എസ്.ആർ.പി (അതിസുരക്ഷ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ്) ഘടിപ്പിക്കാതെ വിൽപന നടത്തിയത് കണ്ടെത്തിയത്. തുടർന്ന് ഡീലർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. 11,900 രൂപ പിഴ ചുമത്തി.
ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് പ്രകാരം 2021 ഏപ്രിൽ 15ന് ശേഷം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ അതിസുരക്ഷ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷമേ വിൽക്കാൻ പാടുള്ളൂ. ഈ നമ്പർ പ്ലേറ്റുകൾ നിലവാരപ്രകാരം നിർമിച്ചവയായിരിക്കണം. ഘടിപ്പിച്ചശേഷം ഊരിമാറ്റിയാൽ പിന്നീട് ഉപയോഗശൂന്യമാകുന്ന സ്നാപ് ലോക്കിങ് സിസ്റ്റം വഴിയാണ് ഇവ ഘടിപ്പിക്കുക. ഇത്തരം നിയമ ലംഘനങ്ങൾ പിടിക്കപ്പെട്ടാൽ പത്തുവർഷത്തെ റോഡ് നികുതി പിഴയായി ഒടുക്കേണ്ടിവരും.
എന്നാൽ, പല ഡീലർമാരും ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആർ.ടി.ഒ ഇ. മോഹൻദാസ് അറിയിച്ചു. പരിശോധനയിൽ എം.വി.ഐ എം.കെ. സുനിൽ, എ.എം.വി.ഐമാരായ കെ. ജിതോഷ്, എസ്. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടി ഉണ്ടാകുമെന്നും ആർ.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.