കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം വികസനം; പദ്ധതികൾ ഒച്ച് വേഗത്തിൽ
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട പദ്ധതികൾക്ക് ഒച്ചിന്റെ വേഗം. 400 കോടിയുടെ പദ്ധതി വർഷങ്ങൾക്കുമുമ്പേ പ്രഖ്യാപിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെയടക്കം മെല്ലെപ്പോക്ക് നയമാണ് വൈകാനിടയാക്കുന്നത്. നഗരത്തിലെ വിവിധ ശ്മശാനങ്ങളുടെ ആധുനികവത്കരണമടക്കം ദ്രുതഗതിയിൽ മുന്നോട്ടുപോകുമ്പോഴാണ് അഞ്ഞൂറോളം അന്തേവാസികൾ കഴിയുന്ന സ്ഥാപനത്തോട് ജനപ്രതിനിധികളടക്കമുള്ളവർ അവഗണന തുടരുന്നത്.
മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിൽ മാനസികാരോഗ്യ ചികിത്സ നൽകുന്ന ഗവേഷണ സ്ഥാപനമാക്കാൻ 400 കോടി രൂപയുടെ മാസ്റ്റർപ്ലാൻ തയാറാക്കാനുള്ള പ്രാരംഭ നടപടിയാരംഭിച്ചത് 2018 മേയിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആശുപത്രി സന്ദർശിച്ചതോടെയാണ്.
പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം എല്ലാ പ്രവൃത്തികളും ഏകോപിപ്പിക്കാൻ ആശുപത്രി വികസന ട്രസ്റ്റ് ചെയർമാനായി ജില്ല കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുകയും അസുഖം മാറിയവരെ പുനരധിവസിപ്പിക്കുകയും ലക്ഷ്യമിട്ടതിനാൽ സന്നദ്ധസംഘടനകളും സ്വകാര്യവ്യക്തികളും ചേർന്നുള്ള ബൃഹദ്പദ്ധതിയാണ് ആവിഷ്കരിച്ചത്.
എന്നാൽ, പിന്നീട് അവലോകനയോഗങ്ങൾ പോലും വേണ്ടത്ര ചേരാത്തതോടെ എല്ലാം മന്ദഗതിയിലാവുകയായിരുന്നു. 1872ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് കുതിരവട്ടം ആശുപത്രി തുടങ്ങിയത്. ഭ്രാന്തൻ ജയിൽ എന്നപേരിലറിയപ്പെട്ടിരുന്ന സ്ഥാപനം 1986ലാണ് വിപുലീകരിച്ചത്. മാസ്റ്റർ പ്ലാനിലെ നൂറ് കോടിയുടെ വികസന പദ്ധതികൾക്ക് വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറായതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശൻ പറഞ്ഞു. കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൽട്ടൻസി ഓർഗനൈസേഷന്റെ (കിറ്റ്കോ) അംഗീകാരം ലഭിച്ചാലുടൻ ഇത് സർക്കാറിന് കൈമാറും. തുടർന്നാവും ഫണ്ട് കൈമാറുകയും വികസന പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യുക. ഒ.പി കെട്ടിടം, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ചൈൽഡ് സൈക്യാട്രി തുടങ്ങിയവയാണ് ആദ്യഘട്ടത്തിലൊരുങ്ങുക -അദ്ദേഹം കൂട്ടിച്ചേർത്തു.
ചാടിപ്പോവൽ തുടർക്കഥ; 17കാരി പോയത് ഓടുപൊളിച്ച്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് അന്തേവാസികൾ തുടരെ ചാടിപ്പോവുമ്പോഴും അധികൃതർക്ക് നിസ്സംഗത. അന്തേവാസികൾക്ക് മതിയായ സംരക്ഷണവും സുരക്ഷയും ലഭിക്കുന്നില്ലെന്നതിന്റെ തെളിവാകുകയാണ് ദിവസേനയെന്നോണമുള്ള ചാടിപ്പോവൽ. അവസാനമായി ഞായറാഴ്ച പുലർച്ച മഹാരാഷ്ട്ര സ്വദേശിനിയായ 17കാരിയാണ് രക്ഷപ്പെട്ടത്. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽനിന്ന് ജനുവരി 22ന് ഇവിടെയെത്തിച്ച യുവതി മേൽക്കൂരയിലെ ഓടുപൊളിച്ചാണ് പുറത്തുകടന്നത്. തുടർന്ന് ചുറ്റുമതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
അതേസമയം, ശനിയാഴ്ച ഉച്ചയോടെ രക്ഷപ്പെട്ട മലപ്പുറം വണ്ടൂർ സ്വദേശിയായ 24കാരനെ ഷൊർണൂരിൽ കണ്ടെത്തി. യുവാവിനെ പൊലീസ് ഞായറാഴ്ച പുലർച്ചെ ആശുപത്രിയിലെത്തിച്ചു. അടുത്തിടെ ഇവിടെയെത്തിയ യുവാവ് ഏഴാം വാർഡിലെ ശുചിമുറിയുടെ ജനൽ പൊളിച്ചായിരുന്നു രക്ഷപ്പെട്ടത്.
എന്നാൽ, തിങ്കളാഴ്ച ചാടിപ്പോയ നടക്കാവ് സ്വദേശി 39കാരനായി വിവിധയിടങ്ങളിൽ അന്വേഷണം തുടരുകയാണ്. ഇയാളിതുവരെ സ്വന്തം വീട്ടിലോ കുടുംബാംഗങ്ങളുടെ വീട്ടിലോ എത്തിയിട്ടില്ല. ജില്ല ലീഗൽ സർവിസ് അതോറിറ്റി ഇവിടെയെത്തിച്ച ഇദ്ദേഹം കുളിക്കാൻ വാർഡിൽനിന്ന് പുറത്തിറങ്ങിയാണ് രക്ഷപ്പെട്ടത്. ഇയാൾക്കൊപ്പം രക്ഷപ്പെട്ട മലപ്പുറം സ്വദേശിനി മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പറയാനുണ്ടെന്നുപറഞ്ഞ് മലപ്പുറം ജില്ല കലക്ടറുടെ ക്യാമ്പ് ഓഫിസിലെത്തുകയും വനിതസെൽ തിരികെ കുതിരവട്ടത്തെത്തിക്കുകയുമായിരുന്നു. സെല്ലിന്റെ ഭിത്തി സ്റ്റീൽ പാത്രമുപയോഗിച്ച് തുരന്നാണ് ഇവർ രക്ഷപ്പെട്ടത്.
രോഗം മാറിയിട്ടും കുടുംബം ഉപേക്ഷിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് രോഗം ഭേദമായ അന്തേവാസികളെ കുടുംബം കൂട്ടിക്കൊണ്ടുപോകാതെ ഇവിടെ തന്നെ ഉപേക്ഷിക്കുന്നതാണ്. നിലവിൽ നാൽപതോളം അന്തേവാസികൾ ഡിസ്ചാർജ് ചെയ്യാവുന്ന അവസ്ഥയിലുണ്ട്. പലരുടെയും കുടുംബത്തെ ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും ആരും കൂട്ടിക്കൊണ്ടുപോകാനെത്തുന്നില്ല.
ഇതോടെ ഇവരിവിടെതന്നെ ജീവിതം കഴിച്ചുകൂട്ടുകയാണ്. അമ്മയും അച്ഛനും സഹോദരങ്ങളുമുള്ളവരും നല്ല ജോലിയുള്ള മക്കളുള്ളവരുമെല്ലാം ഇവരുടെ കൂട്ടത്തിലുണ്ട്. രോഗം മാറിയെന്ന് കുടുംബം വിശ്വസിക്കാത്തതും പരിചരിക്കാൻ ആളില്ലാത്തതും അനാവശ്യ ഭയവുമെല്ലാമാണ് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനുള്ള തടസ്സങ്ങൾ.
അഞ്ചു വർഷത്തിനിടെ ഇരുനൂറോളം ഇതരസംസ്ഥാനക്കാരെയാണ് സാമൂഹിക പ്രവർത്തകരടക്കം ഇടപെട്ട് അവരുടെ കുടുംബങ്ങളെ കണ്ടെത്തി തിരിച്ചയച്ചത്. കേന്ദ്ര ആഭ്യന്തരവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനായ എം. ശിവൻ കോട്ടൂളിയുടെ നേതൃത്വത്തിൽ തന്നെ മധ്യപ്രദേശ്, യു.പി, പശ്ചിമബംഗാൾ, ഒഡിഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലടക്കമുള്ളവരെ അവിടങ്ങളിലെ പൊലീസിന്റെ സഹായത്തോടെ കുടുംബങ്ങൾക്കൊപ്പം വിട്ടു. നാടുവിട്ടും വഴിതെറ്റിയും കേരളത്തിലെത്തി അലഞ്ഞുതിരിയുന്നതിനിടെ പൊലീസാണ് ഇത്തരക്കാരിൽ മിക്കവരെയും ഇവിടെയെത്തിച്ചത്.
അഞ്ഞൂറോളം പേരെ നോക്കാൻ നാല് സുരക്ഷാജീവനക്കാർ
കോഴിക്കോട്: ഗുരുതര മാനസിക വിഭ്രാന്തിയുള്ളവരടക്കം അഞ്ഞൂറോളം പേരുടെ സുരക്ഷക്കുള്ളത് നാല് ജീവനക്കാർ. അതും താൽക്കാലികമായി നിയമിച്ചവർ. ഇതാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷാ സംവിധാനം. ആരോഗ്യകേന്ദ്രത്തിന് ചുറ്റുമതിലുണ്ടെങ്കിലും വൃക്ഷങ്ങളിലൂടെയും കെട്ടിടങ്ങളുടെ ഓരത്തൂകൂടെയും മതിലിൽ കയറി ചാടി രക്ഷപ്പെടാനാവും. സി.സി.ടി.വി കാമറകളുണ്ടെങ്കിലും പലതും പ്രവർത്തനരഹിതമാണ്.
ചിലത് അന്തേവാസികൾതന്നെ തല്ലിത്തകർക്കുകയും ചെയ്തു. മറ്റു ജീവനക്കാരുടെ കുറവ് വേറെയും. 170 സ്ത്രീകളും 310 പുരുഷന്മാരുമടക്കം 480 അന്തേവാസികളാണിവിടെയുള്ളത്. നാൽപതോളം പേർ രോഗം ഏതാണ്ട് മാറി ഡിസ്ചാർജ് ചെയ്യാവുന്ന അവസ്ഥയിലുള്ളവരാണ്. ആകെയുള്ളവരിൽ 180 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നടക്കമുള്ള വീടും നാടും അറിയാത്തവരും. ആകെയുള്ള 314 സ്ഥിരം തസ്തികകളിൽ 285 പേർ മാത്രമാണുള്ളത്. സുരക്ഷാജീവനക്കാരുടേതടക്കം 29 പേരുടെ സ്ഥിര തസ്തികയാണ് ഏറക്കാലമായി ഒഴിഞ്ഞുകിടക്കുന്നത്. താൽക്കാലിക സുരക്ഷാജീവനക്കാർ നാലുപേർ ഗേറ്റിലും ഒ.പിയിലും സേവനമനുഷ്ഠിക്കേണ്ടതിനാൽ ഇവരുടെ കണ്ണ് മറ്റിടങ്ങളിലെത്തുകയില്ല. സ്ത്രീകളായ 170 അന്തേവാസികളുണ്ടായിട്ടും വനിത സുരക്ഷാജീവനക്കാരുടെ തസ്തികപോലും ഇവിടെയില്ലെന്നതാണ് വിചിത്രം.
സുരക്ഷാ ജീവനക്കാരുടെ തസ്തിക വർധിപ്പിച്ച് 20 പേരെയെങ്കിലും നിയമിച്ചാൽ അന്തേവാസികൾ ചാടിപ്പോവുന്നതും പരസ്പരം അടിപിടികൂടുന്നതും ഒരു പരിധിവരെ കുറക്കാനാവുമെങ്കിലും പലതവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പടക്കം നടപടി സ്വീകരിച്ചിട്ടില്ല. അടുത്തിടെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ടതിനു പിന്നാലെ ആരോഗ്യവകുപ്പും ജില്ല ജഡ്ജിയും മനുഷ്യാവകാശ കമീഷനുമെല്ലാം പരിശോധന നടത്തിയപ്പോഴും സുരക്ഷാജീവനക്കാരുടെ കുറവ് ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും അടിയന്തര നടപടി ഉണ്ടായിട്ടില്ല.
കൊല്ലപ്പെട്ട അന്തേവാസിയുടെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊല്ലപ്പെട്ട അന്തേവാസിയുടെ മൃതദേഹം സംസ്കരിച്ചു. മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിെൻറ (30) മൃതദേഹമാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചത്. കേസിൽ ഇവരുടെ സെല്ലിലുണ്ടായിരുന്ന പശ്ചിമബംഗാൾ സ്വദേശിനി തസ്മി ബീവിയെ (32) മെഡിക്കൽ കോളജ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കിടക്കുന്ന സ്ഥലത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ സംഘർഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഫെബ്രുവരി 10ന് പുലർച്ചെയാണ് യുവതിയെ സെല്ലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി ബന്ധുക്കളായ കിഷൻ ലോട്ടെ, അശോക്വർമ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. തലശ്ശേരി സ്വദേശിനിയെയാണ് ജിയ റാം ജിലോട്ട് വിവാഹം കഴിച്ചത്. ഭർത്താവ് ഉപേക്ഷിച്ചതോടെ ഇവരും കുട്ടിയും തലശ്ശേരിയിലെത്തി അലഞ്ഞു തിരിയുകയായിരുന്നു. റോഡിൽനിന്ന് കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് തലശ്ശേരി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ജനുവരി 28ന് കുതിരവട്ടത്തെത്തിച്ചതും കുട്ടിയെ ബാലമന്ദിരത്തിലേക്ക് മാറ്റിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.