കുത്തിവെക്കാൻ സിറിഞ്ചില്ല; കൈയുറയും കിട്ടാക്കനി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് കുത്തിവെപ്പിനുള്ള സിറിഞ്ചിനും നഴ്സുമാർക്കുള്ള കൈയുറക്കും ക്ഷാമം. കെ.എം.എസ്.സി.എല്ലിൽ നിന്നുള്ള വിതരണം നിലച്ചതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. അത്യാഹിത വിഭാഗം, മെഡിസിൻ, ഓർത്തോ ഉൾപ്പെടെയുള്ള വാർഡുകളിൽ സിറിഞ്ച് കിട്ടാനില്ല. കുത്തിവെപ്പ് ആവശ്യമുള്ള രോഗികൾ പുറത്തുനിന്ന് സിറിഞ്ച് വാങ്ങിക്കൊടുക്കണം. ഫാർമസി സ്റ്റോറിൽ സ്റ്റോക്ക് തീർന്നതോടെ ലോക്കൽ പർച്ചേയ്സ് നടത്തിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്.
വാർഡുകളിലേക്ക് ആവശ്യപ്പെടുന്നതിന്റെ പകുതി മാത്രമേ ഇങ്ങനെ എത്തിക്കാൻ കഴിയുന്നുള്ളു. ഒന്നോ രണ്ടോ ദിവസത്തിനകം ഇത് തീർന്ന് പോവുകയും ചെയ്യും. ആവശ്യത്തിന് കൈയുറയില്ലാത്തത് ശുചീകരണ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നു.
ആശുപത്രിയിൽ പ്ലാസ്റ്ററും മുറിവുകൾ തുന്നുന്നതിനുള്ള നൂലും ഇല്ലാതെ അത്യാഹിത വിഭാഗവും ഓർത്തോയും പ്രതിസന്ധിയിലായത് നേരത്തേ വാർത്തായിരുന്നു. പിന്നാലെയാണ് സിറിഞ്ചിനും കൈയുറക്കും ക്ഷാമം. സിറിഞ്ച് ക്ഷാമം രോഗികളെ ഗുരുതരമായി ബാധിക്കുമെന്ന് നഴ്സുമാർ പറയുന്നു. ദിവസം ഒന്നിലധികം കുത്തിവെപ്പ് എടുക്കേണ്ട രോഗികൾക്ക് സിറിഞ്ചും കൈയുറയും വാങ്ങി നൽകേണ്ടിവരുന്നത് രോഗികൾക്ക് അധിക സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
രോഗികളുടെ കൂടെ ഒരു കൂട്ടിരിപ്പുകാരൻമാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്ന ആശുപത്രിയിൽ ഇത്തരം സാധനങ്ങൾ പുറത്തെ ഫാർമസികളിൽനിന്ന് വാങ്ങിനൽകാൻ ആളില്ലാത്തതും രോഗികളെ വലക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.