ഗർഭിണികൾക്കും വാക്സിനില്ല; സ്വകാര്യ ആശുപത്രികൾക്ക് ചാകര
text_fieldsകോഴിക്കോട്: സർക്കാർ തലത്തിൽ വാക്സിൻ സ്റ്റോക്ക് തീർന്നതിനാൽ വാക്സിനേഷൻ മുടങ്ങി. വാക്സിനില്ലാത്തതിനാൽ ഗർഭിണികൾക്കുള്ള മാതൃകവചം വാക്സിനേഷനും മുടങ്ങുമെന്ന് വാക്സിനേഷൻ ഓഫിസർ ഡോ. മോഹൻദാസ് പറഞ്ഞു. ബുധനാഴ്ച വാക്സിൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എത്ര ഡോസ്, എപ്പോൾ എത്തുമെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷൻ വ്യാപകമായി നടക്കുന്നുണ്ട്. സ്പോട്ട് രജിസ്ട്രേഷൻ വഴിയും കോവിൻ സൈറ്റിലൂടെ രജിസ്റ്റർ ചെയ്തും ആളുകൾ എത്തുന്നു. മാത്രമല്ല; വാക്സിനേഷനായി വൻതിക്കും തിരക്കുമാണ് സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെടുന്നത്. വാക്സിനേഷന് 780 രൂപയാണ് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികൾ മരുന്ന് കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങുന്നതിനാലാണ് കൂടുതൽ വാക്സിൻ ലഭ്യമാകുന്നതെന്നാണ് അധികൃത ഭാഷ്യം. പൊതുജന സമ്പർക്കം കൂടുതൽ വരുന്ന വ്യാപാരികൾ, ഓട്ടോ - ടാക്സി ഡ്രൈവർമാർ തുടങ്ങിയവർ അധികൃതരുടെ പരിശോധന സമയത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നുള്ള ജില്ല ഭരണകൂടത്തിെൻറ ഉത്തരവും സ്വകാര്യ ആശുപത്രികൾക്ക് ചാകരയായിരിക്കുകയാണ്.
72 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് എന്നത് എപ്പോഴും പ്രായോഗികമല്ലാത്തതിനാൽ ഭൂരിഭാഗം പേരും വാക്സിനേഷൻ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. വാക്സിനുള്ളപ്പോൾ സൈറ്റിൽ സ്ലോട്ട് ലഭിക്കാത്തതും ഇപ്പോൾ വാക്സിൻ ക്ഷാമവും കൂടിയായതോടെ ആളുകൾ ഒന്നടങ്കം സ്വകാര്യ ആശുപത്രികളെ ആശ്രയിച്ച് വാക്സിൻ ലഭ്യമാക്കുകയാണ്. കോവിഡ് കാലത്ത് എപ്പോഴെങ്കിലും കിട്ടുന്ന വരുമാനം പിഴയടച്ച് തീർക്കുന്നതിലും നല്ലതാണല്ലോ 780 രൂപ ചെലവഴിച്ച് വാക്സിൻ എടുക്കുന്നത് എന്നാണ് വ്യാപാരികൾ അടക്കം ചോദിക്കുന്നത്.
വാക്സിൻ ഉള്ളപ്പോൾ പോലും സ്ലോട്ടുകൾ ലഭ്യമാകാത്ത അവസ്ഥയിൽ എങ്ങനെയാണ് തങ്ങളെപോലുള്ളവർ വാക്സിൻ എടുക്കേണ്ടതെന്നും അവർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.