വേതന വർധനയില്ല; എച്ച്.ഡി.എസ് നഴ്സുമാർ സ്വകാര്യ ആശുപത്രികളിലേക്ക്
text_fieldsകോഴിക്കോട്: വേതന വർധനയില്ലാത്തത് കാരണം ഗവ. മെഡിക്കൽ കോളജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും എച്ച്.ഡി.എസ് നഴ്സുമാർ സ്വകാര്യ ആശുപത്രികളിലേക്ക് ചേക്കേറുന്നു. ശമ്പളം വർധിപ്പിക്കണമെന്ന നിരന്തര ആവശ്യം ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) നടപ്പാക്കാത്തതാണ് നഴ്സുമാരെ സ്വകാര്യ ആശുപത്രികളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്.
നിലവിൽ നഴ്സുമാരുടെ കുറവ് ഗണ്യമായ തോതിൽ അനുഭവപ്പെടുന്ന ആശുപത്രിയുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കാനെന്നു പറഞ്ഞ് കഴിഞ്ഞ വർഷം എച്ച്.ഡി.എസ് എം.ആർ.ഐ, സി.ടി സ്കാൻ, എക്സ്-റേ തുടങ്ങിയ പരിശോധനകളുടെ ഫീസ് വർധിപ്പിച്ചിരുന്നു.
എന്നാൽ, ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചിട്ടില്ല. എച്ച്.ഡി.എസ് 760 രൂപയാണ് നഴ്സുമാർക്ക് ദിവസവേതനമായി നൽകുന്നത്. അഞ്ചുവർഷത്തിന് ശേഷമാണ് 50 രൂപ വർധിപ്പിച്ചുകൊടുക്കുക. 15 വർഷത്തിന് മുകളിൽ സർവിസുള്ള സ്റ്റാഫ് നഴ്സുമാർക്ക് ലഭിക്കുന്നത് ദിവസം 950 രൂപയാണ്. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ പല സ്വകാര്യ ആശുപത്രികളിലും മാസം 30,000 രൂപ വരെ അടിസ്ഥാന ശമ്പളം നൽകുന്നുവെന്നതാണ് മെഡിക്കൽ കോളജ് വിടാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
മെഡിക്കൽ കോളജിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മികച്ച ഓഫർ ലഭിക്കാനും ഇവരെ സഹായിക്കുന്നുണ്ട്. 270ഓളം എച്ച്.ഡി.എസ് നഴ്സുമാരാണ് മെഡിക്കൽ കോളജിൽ ഉള്ളത്. ഇവരെ വാർഡുകളിലേക്കും നിയോഗിക്കുന്നുണ്ട്.
പഠിച്ചിറങ്ങുന്ന വിദ്യാർഥികളിൽ നല്ലൊരു ഭാഗവും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്.ഡി.എസ് നഴ്സുമാരായി എത്തുന്നത്. ശമ്പളം കുറവായതിനാൽ ഒന്നോ രണ്ടോ വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ഇവർ വിദേശ രാജ്യങ്ങളിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ പോവുകയാണ് പതിവെന്ന് മുതിർന്ന നഴ്സുമാർ പറയുന്നു.
താനടക്കം നിരവധി നഴ്സുമാർക്ക് സ്വകാര്യ ആശുപത്രികൾ മികച്ച ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നാളെ നടക്കുന്ന യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെങ്കിൽ ഇവിടം വിടുമെന്നും മുതിർന്ന എച്ച്.ഡി.എസ് നഴ്സുമാരിൽ ഒരാൾ പറഞ്ഞു.
എച്ച്.ഡി.എസിൽനിന്ന് ലഭിക്കാത്ത ആർജിത ലീവ്, ഇ.എസ്.ഐ, പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ സ്വകാര്യ ആശുപത്രികളിൽനിന്ന് ലഭിക്കുമെന്നും ഇവർ പറയുന്നു. വിഷയത്തിൽ കേരള ഗവ. നഴ്സസ് യൂനിയൻ (കെ.ജി.എൻ.യു) ജില്ല കമ്മിറ്റി കലക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. ശമ്പളവർധന ഉണ്ടാകാത്തപക്ഷം പണിമുടക്കിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.