നിലച്ച ചൂളംവിളിയിൽ പാളം തെറ്റിയ ജീവിതങ്ങൾ
text_fieldsകോഴിക്കോട്: 2020ലെ ലോക്ഡൗണും നിയന്ത്രണങ്ങളുമൊക്കെ പിന്നിട്ട് ജീവിതം ട്രാക്കിൽ കയറിയതേയുണ്ടായിരുന്നുള്ളൂ. എല്ലാ അട്ടിമറിച്ച് വൈറസിെൻറ രണ്ടാം വരവിൽ വിജനപാതയായിരിക്കുകയാണ് മലബാറിലെ ഇൗ പ്രധാന റെയിൽവേ സ്റ്റേഷൻ.
ഒാരോരോ ട്രെയിൻ ഒാടിയെത്തുേമ്പാഴേക്കും ചൂടുചായ നിറച്ച ഫ്ലാസ്കും പലഹാരങ്ങളും എടുത്തുവെച്ചില്ലെങ്കിൽ സമ്മർദത്തിലായിപ്പോവുമായിരുന്നു ആ ദിനങ്ങൾ, സ്ഥിരം യാത്രികരുമായുള്ള സൗഹൃദം തന്ന സന്തോഷം വേറെ, ചെറിയ ഇടവേളകൾ ഒഴിച്ചുനിർത്തിയാൽ ദിവസത്തിെൻറ മിക്ക നേരങ്ങളും സജീവമായിരുന്ന തൊഴിലിടം...
ഒരു ട്രെയിൻ വന്നുനിന്നാൽ മതി, അതുവരെയുണ്ടായിരുന്ന എല്ലാ വരൾച്ചയും മാറും. തിരക്കേറിയ തെരുവായി തീവണ്ടിശാലകൾ മാറും. വരുമാനത്തിനപ്പുറം ഇൗ തൊഴിലിടങ്ങൾ തന്ന സജീവതയും സന്തോഷവും എത്ര പെെട്ടന്നാണ് മാഞ്ഞുപോയത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തുന്ന രാജന് ട്രെയിനുകളുടെ പ്രതീക്ഷാനിർഭരമായ ആ വരവൊക്കെ ഗൃഹാതുരമായ ഓർമയാണിന്ന്. ഇൗ ചായക്കട ഇപ്പോൾ തുറന്നുവെക്കുന്നത് ആർക്ക് വേണ്ടിയാണെന്നറിയില്ല. സാധനങ്ങൾ കുത്തിനിറച്ചിരുന്ന കൗണ്ടറിൽ കുറെ വെള്ളക്കുപ്പികൾ മാത്രമാണുള്ളത്. എന്തിന് േവണ്ടിയാണിത് തുറന്നുവെച്ചതെന്നുമറിയില്ല. ജനശതാബ്ധിയിൽപോലും വന്നിറങ്ങുന്നത് വിരലിലെണ്ണാവുന്നവർ മാത്രം.
രാജന് മാത്രമല്ല പുറത്ത് നീണ്ട ക്യൂവിൽ കാത്തിരിക്കുന്ന ഓട്ടോക്കാർ, ടാക്സിക്കാർ, പോർട്ടർമാർ, പാർക്കിങ് കരാറുകാർ, എന്തിനേറെ സ്റ്റേഷന് പുറത്തെ ഹോട്ടലുകാർ തുടങ്ങി നൂറ് നൂറ് പേർക്ക് പ്രതീക്ഷയായിരുന്നു ഓരോ ട്രെയിനിെൻയും ചൂളംവിളിച്ചുള്ള വരവ്. അവരുടെ ജീവിതവും കച്ചവടവും വരുമാനവും നിശ്ചയിച്ചത് ട്രെയിൻ സമയവുമായി ബന്ധിപ്പിച്ചാണ്. 3000 രൂപ വരെ ദിവസവാടക കൊടുക്കാൻ മാത്രം കച്ചവടമുണ്ടായിരുന്ന കൊച്ചുകടകളാണ് സ്റ്റേഷനിൽ. ഒരുപാട് കുടുംബങ്ങളെയാണ് ഈ കടകൾ തീറ്റിപ്പോറ്റിയത്. ഒരിക്കലും പരാജയപ്പെടാൻ സാധ്യതയില്ലാത്ത കച്ചവടകേന്ദ്രങ്ങളായാണ് അവർ റെയിൽവേ സ്റ്റേഷൻ തെരഞ്ഞെടുത്തത്.
നാട്ടിലെന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും ട്രെയിൻ ഓടുമായിരുന്നല്ലോ. ഏത് ഹർത്താലിനും ബന്തിനും ആഘോഷദിനങ്ങളിലെ അവധിക്കാലത്തും ട്രെയിൻ അതിെൻറ വഴിക്ക് ഓടിക്കൊണ്ടിരിക്കും. ആ ഉറപ്പൊക്കെ ൈവറസ് കൊണ്ടുപോയി. ഇപ്പോൾ ട്രെയിനുകൾ റദ്ദായത് യാത്രക്കാരില്ല, നഷ്ടമാണ് എന്ന് കാരണം പറഞ്ഞാണ്. എന്നാൽ, യാത്രക്കാരെ ആകർഷിക്കാൻ റെയിൽവേ ഒന്നും ചെയ്യുന്നില്ലെന്നതാണ് വാസ്തവം. കോവിഡ് പ്രോട്ടോേകാൾ പാലിച്ച് യാത്രചെയ്യാൻ ട്രെയിൻപോലെ മറ്റ് ഗതാഗതസംവിധാനങ്ങൾ ഇല്ല. മെമു പോലത്തെ ട്രെയിനുകൾ ഇതിന് മികച്ച ഉദാഹരണമാണ്.
പാസഞ്ചർ ട്രെയിനുകൾ ഓടിയിരുന്നെങ്കിൽ...
അവശ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് യാത്രചെയ്യാൻ പാസഞ്ചർ ട്രെയിനുകൾ ഓടിച്ചാൽ യാത്രികർക്കും റെയിൽവേക്കും ആശ്വാസമാണ്. ലോക്ഡൗൺകാലത്ത് അനുമതിയുള്ള പൊതുഗതാഗതം ട്രെയിനാണ്. ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാവുന്ന പാസഞ്ചർ ട്രെയിനുകൾ ജില്ലകളെ ബന്ധിപ്പിച്ച് ഓടിയാൽ ജനം കയറുമെന്നുറപ്പ്.
മെമു, കോഴിേക്കാട്- കോയമ്പത്തൂർ, കണ്ണൂർ -എറണാകളും തുടങ്ങിയ സർവിസുകൾ നടത്തണമെന്നാണാവശ്യം. നിലവിൽ ജനശതാബ്ധി, മാവേലി, നേത്രാവതി, മംഗള തുടങ്ങിയ ഏതാനും ട്രെയിനുകളെ ഒാടുന്നുള്ളൂ.
പാസഞ്ചർ ട്രെയിനുകൾ പരമാവധി ഓടിച്ചാൽ ചുരുങ്ങിയ ചെലവിൽ യാത്രക്കാർക്ക് ട്രെയിൻയാത്ര സാധ്യമാവുമെന്ന് റെയിൽ യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അഭിപ്രായപ്പെട്ടു. ദീർഘദൂര ട്രെയിനുകളിൽ മിനിമം 50 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഹ്രസ്വദൂര യാത്രക്കാരെ സംബന്ധിച്ച് ഇത് താങ്ങാനാവില്ല. ജനശതാബ്ധി ഉൾപ്പെടെ ട്രെയിനുകളിൽ യാത്രക്കാർ കുറയാൻ ടിക്കറ്റ് നിരക്കും കാരണമാണ്. എറണാകുളത്തിനും കണ്ണൂരിനുമിടയിൽ പാസഞ്ചർ ട്രെയിനുകൾ ഓടിയാൽ ദൈനംദിന യാത്രക്കാർക്ക് ഉപകരിക്കുമെന്ന് റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. അവശ്യ സർവിസ് മേഖലയിൽ ആയിരക്കണക്കിന് പേർ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്.
മറ്റൊരു പൊതുഗതാഗതവും ഇല്ലാത്ത സാഹചര്യത്തിൽ ലോക്കൽ ട്രെയിനുകൾ വർധിപ്പിച്ചാൽ ജനത്തിന് ഉപകാരമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോവിഡ് കാരണം നിരവധി ദീർഘദൂര ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.