ആവശ്യത്തിന് ജീവനക്കാരില്ല: മെഡിക്കൽ കോളേജിൽ ഇ.സി.ജിക്കായി നീണ്ട വരി
text_fieldsകോഴിക്കോട്: ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ എത്തുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയതാളം പരിശോധിക്കാൻ വരിനിന്ന് ഹൃദയതാളം നിലച്ചുപോവുമോ എന്ന ആശങ്കയിലാണ് രോഗികളും കൂട്ടിരിപ്പുകാരും. മെഡിക്കൽ കോളജിലെ ഇ.സി.ജി യൂനിറ്റിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ മണിക്കൂറുകൾ വരിനിന്നതിനു ശേഷമാണ് രോഗികൾക്ക് പരിശോധനക്ക് അവസരം ലഭിക്കുന്നത്. കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ജനറൽ ആശുപത്രിയിൽ ഇ.സി.ജി ലാബിനു മുന്നിലെ രോഗികളുടെ വരി നാലാം വാർഡ് വരെ നീണ്ടു. ഇ.സി.ജി ലാബിലെ 12 തസ്തികകളിൽ ഒമ്പതും ഒഴിഞ്ഞു കിടക്കുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ആകെ 18 തസ്തികയുള്ള ലാബിൽ ആറുപേർ താൽക്കാലിക ജീവനക്കാരാണ്.
ദിനംപ്രതി ശരാശരി 500ൽ അധികം കേസുകൾ ഇവിടെ പരിശോധനക്കു വരുന്ന ആശുപത്രിയിൽ നിലവിൽ 11 ജീവനക്കാർ മാത്രമാണുള്ളത്. ഇതിൽ രണ്ടുപേർ ആറുമാസ കാലാവധിയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വന്നവരാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ കാഷ്വൽറ്റി, സൂപ്പർ സ്പെഷാലിറ്റി, വാർഡ് എന്നിവിടങ്ങളിൽ എല്ലാം ഇ.സി.ജി യൂനിറ്റ് ഇത്രയും ജീവനക്കാർ നിയന്ത്രിക്കണം. ഒരു ജീവനക്കാരന് അസുഖം വന്നാൽ മറ്റ് ജീവനക്കാർക്കും വരാന്ത്യ ലീവ് പോലും അനുവദിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാഷ്വൽറ്റിയിൽ തന്നെ മൂന്നു ഷിഫ്റ്റുകളിലായി ദിവസം ആറുപേരുടെ സേവനം അത്യാവശ്യമാണ്. സ്ഥിരം തസ്തികകളിലേക്ക് പി.എസ്.സി നിയമനങ്ങൾ നടക്കാത്തതാണ് പ്രശ്നത്തിനിടയാക്കുന്നത്.
2017ൽ ഇ.സിജി ടെക്നീഷ്യൻമാരുടെ യോഗ്യത പരിഷ്കരിച്ച് ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക് നോളജി ആക്കിയിരുന്നു. ഇതിനെതിരെ വൊക്കേഷനൽ ഹയർസെക്കൻഡറി( ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് കോഴ്സ് ) പൂർത്തിയാക്കിയവർ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ്. ഇതോടെ പി.എസ്.സി നിയമനം മുടങ്ങി. കാർഡിയോ വാസ്കുലാർ ടെക് നോളജി കഴിഞ്ഞവർക്ക് കാത്ത് ലാബ്, എക്കോ, ഇ.എൻ.ടി തുടങ്ങിയ മേഖലകളിലും ജോലി ചെയ്യാൻ സാധിക്കും. മാത്രമല്ല സ്വാകാര്യ മേഖലയിൽ നിരവധി തൊഴിൽ സാധ്യതകളും ഉണ്ട്. അതിനാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി മൂന്ന്, ആറ് മാസ കാലയളവിലേക്ക് ജോലി ചെയ്യാൻ ഉദ്യോഗാർഥികളെ ലഭിക്കുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഒഴിഞ്ഞുകിടക്കുന്ന ഒമ്പതു തസ്തികകളിലേക്ക് നിയമം നടത്താൻ രണ്ടു തവണ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ശ്രമം നടത്തിയിട്ടും രണ്ടുപേർ മാത്രമാണ് വന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ആശുപത്രി വികസനസമിതിയും നിയമനം നടത്താൻ തയാറാവുന്നില്ല. മറ്റ് സർക്കാർ ആശുപത്രികളിൽ വി.എച്ച്.സി യോഗ്യയുള്ളവരെ താൽക്കാലികമായി നിയമിക്കുന്നുണ്ടെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിൽ അതും നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.