ആവശ്യത്തിന് ജീവനക്കാരില്ല: കെമിക്കൽ ലാബിൽ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് സാമ്പിളുകൾ
text_fieldsകോഴിക്കോട്: വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ആയിരക്കണക്കിന് സാമ്പിളുകൾ പരിശോധനക്കായി കെട്ടിക്കിടക്കുന്നു. ആന്തരികാവയവങ്ങൾ, രക്തക്കറ, ലഹരി വസ്തുക്കൾ തുടങ്ങി വിവിധ കേസുകളിലെ നിർണായക തെളിവുകളാണ് പരിശോധന കാത്ത് മാസങ്ങളായി കെട്ടിക്കിടക്കുന്നത്.
നിർണായക തെളിവിന്റെ രാസ പരിശോധന റിപ്പോർട്ട് വൈകുന്നത് കേസിന്റെ അന്വേഷണത്തിനും വിചാരണ നടപടികൾക്കും വലിയ കാലതാമസമുണ്ടാക്കുകയാണ്. ഇത് സമയബന്ധിതമായി കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിക്കുന്നത് വൈകുന്നതിനും പ്രതികൾക്ക് സ്വമേധയാ ജാമ്യം ലഭിക്കുന്നതിനും ഇടയാക്കുകയും ചെയ്യുന്നു.
കോഴിക്കോട്ടെ ലാബിൽ പരിശോധനക്ക് 20 ടെക്നിക്കൽ എക്സ്പേർട്ടുകളാണുള്ളത്. കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് ഇവരുടെ എണ്ണം വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിൽനിന്നുള്ള വിവിധ കേസുകളുടെ സാമ്പിളുകളാണ് മെഡിക്കൽ കോളജിനുസമീപം പ്രവർത്തിക്കുന്ന ലബോറട്ടറിയിലെത്തുന്നത്.
നേരത്തേ നിശ്ചയിച്ചത്ര ജീവനക്കാർ മാത്രമാണ് ഇപ്പോഴും ഉള്ളതെന്നും കുറ്റകൃത്യങ്ങളടക്കം വർധിച്ചതോടെ ദിവസേനയെത്തുന്ന സാമ്പിളുകളുടെ എണ്ണം വലിയതോതിൽ കൂടിയെന്നും, അതിനൊത്ത് ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതാണ് പ്രതിസന്ധിയെന്നുമാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്ന് കാട്ടി ബന്ധപ്പെട്ടവർ നിരവധി തവണ സർക്കാറിലേക്ക് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും ഇതുവരെ അനുകൂല നടപടിയൊന്നും ഉണ്ടായിട്ടില്ല. കുറ്റ വിചാരണയിൽ നീതിന്യായ വ്യവസ്ഥയെ സഹായിക്കുകയെന്ന ദൗത്യം നിർവഹിക്കുന്ന കെമിക്കൽ ലാബ് ആഭ്യന്തര വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്.
ഓരോ മാസവും 500 മുതൽ 700വരെ സാമ്പിളുകളാണ് ഇവിടെ പരിശോധനക്കെത്തുന്നത്. നിലവിൽ പതിനായിരത്തോളം സാമ്പിളുകൾ കെട്ടിക്കിടക്കുകയാണ്. പ്രധാന കേസുകളിലെ സാമ്പിളുകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻഗണന നിർദേശാനുസരണം പെട്ടെന്ന് പരിശോധന നടത്തി റിപ്പോർട്ട് നൽകുകയാണിപ്പോൾ ചെയ്യുന്നത്.
ലബോറട്ടറിയിൽ പരിശോധനക്കെത്തുന്ന സാമ്പിളുകൾ
•കൊലപാതക കേസുകളിലെ രക്തംപുരണ്ടെന്ന് സംശയിക്കുന്ന വസ്തുക്കള്‍
•ലൈംഗികാതിക്രമങ്ങളില്‍ ബീജം പുരണ്ടെന്ന് സംശയിക്കുന്ന വസ്തുക്കള്‍
•വിഷമേറ്റ മനുഷ്യരുടെ ആന്തരികാവയവങ്ങള്‍, രക്തം, ഛർദി, മറ്റു വസ്തുക്കള്‍
•അബ്കാരി ആക്ടില്‍ പെടുന്ന വ്യാജചാരായം, കോട, വിദേശമദ്യം, വ്യാജ കള്ള് തുടങ്ങിയവ
•എൻ.ഡി.പി.എസ് ആക്ടില്‍ പെടുന്ന കറുപ്പ്, കഞ്ചാവ്,
ബ്രൗൺഷുഗര്‍, ഹെറോയിന്‍, കൊക്കെയ്ന്‍ തുടങ്ങിയവ.
•മദ്യപിച്ച് കേസുകളില്‍പ്പെട്ട വ്യക്തികളില്‍നിന്നും ശേഖരിച്ച രക്തം, മൂത്രം തുടങ്ങിയവ
•കേസുകളിലെ സ്ഫോടക വസ്തുക്കള്‍, പെട്രോള്‍, മണ്ണെണ്ണ,ഡീസല്‍, ഓയില്‍, സ്വര്‍ണം തുടങ്ങിയവ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.