കോഴിക്കോട് ബീച്ച് ഇനി പെർഫെക്ട് ഓകെ
text_fieldsലോക്ഡൗണിനുശേഷം പുതിയ സംവിധാനങ്ങളുമായി ബീച്ച് തുറക്കും
കോഴിക്കോട്: ബീച്ചിൽ സൗന്ദര്യവത്കരണവും നിർമാണ പ്രവർത്തനങ്ങളും നടക്കു േമ്പാഴും നിലവിലുള്ളവ പരിപാലിക്കാൻ സംവിധാനമില്ലെന്ന പരാതിയൊഴിയുന്നു. ബീച്ച് സംരക്ഷണം സ്വകാര്യ ഏജൻസിയെ ഏൽപിച്ചതിന്റെ അടിസ്ഥാനത്തിൽ നവീകരണ പ്രവർത്തനങ്ങൾ 90 ശതമാനത്തിലേറെ പൂർത്തിയായി. ലോക്ഡൗണിനുശേഷം പുതിയ സംവിധാനങ്ങളുമായി ബീച്ച് തുറക്കാനാണ് തീരുമാനം. ജില്ല കലക്ടറുടെ നേതൃത്വത്തിൽ പ്രവൃത്തികളുടെ അവലോകന യോഗം കഴിഞ്ഞ ദിവസം നടന്നു. കലക്ടർ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തിൽ ബീച്ചിൽ വിശകലനം നടത്തി.
ഈയിടെ നവീകരിച്ച സൗത്ത് ബീച്ച് മുതൽ വടക്ക് ഓപൺ സ്േറ്റജിന് മുൻവശം വരെയുള്ള കടപ്പുറവും ഫുട്പാത്തുമടങ്ങിയ ഭാഗമാണ് സോളസ് ആഡ് സൊലൂഷൻസ് എന്ന സ്വകാര്യ സംരംഭകർ സംരക്ഷിക്കുക. ഇ-ടെൻഡർ വഴിയാണ് ഇവർക്ക് കരാർ ലഭിച്ചത്. ഇതുവരെ കുടുംബശ്രീ പ്രവർത്തകരായിരുന്നു ബീച്ചിൽ ശുചീകരണം നടത്തിയിരുന്നത്. മൂന്ന് കൊല്ലത്തേക്കാണ് പുതിയ കരാർ. എത്രയോ മുമ്പുതന്നെ കരാർ പ്രകാരമുള്ള നവീകരണം പൂർത്തിയാകേണ്ടതായിരുന്നുവെങ്കിലും കോവിഡും ലോക്ഡൗണും എല്ലാം തകിടം മറിച്ചു. പുൽത്തകിടികളും ചെടികളും സ്ഥാപിച്ച് മനോഹരമാക്കാനും പുതിയ ലൈറ്റുകളും പൊട്ടിയ ടൈലുകളും മറ്റു സംവിധാനങ്ങളും സ്ഥാപിക്കാനും അവ പരിപാലിക്കാനുമാണ് കരാർ.
ബീച്ചിലെ മതിലുകളിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുക, ശിൽപങ്ങൾ സംരക്ഷിക്കുക, കുട്ടികൾക്ക് കളിക്കാൻ സംവിധാനമൊരുക്കുക എന്നിവയെല്ലാം കരാറിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായി ശിൽപങ്ങൾ നിൽക്കുന്ന ഭാഗത്ത് വലിയ ചെസ് ബോർഡ് ഒരുങ്ങി. അഞ്ചടി നീളത്തിലും വീതിയിലും ടൈലിട്ട് പണിത ചെസ് മൈതാനിയിൽ വലിയ പ്ലാസ്റ്റിക് കരുക്കൾ എടുത്തുവെച്ചാണ് കളി നടക്കുക. ചെസിന് ഏറെ ആരാധകരുള്ള നഗരത്തിൽ ഇത് പ്രധാന ആകർഷണമായി മാറും. ശിൽപങ്ങൾക്ക് ചുറ്റും പുതിയ പുൽത്തകിടികളും ചെടികളും വന്നു. തൊട്ടടുത്ത് കുട്ടികൾക്ക് കളിക്കാനുള്ള സംവിധാനവും ഒരുങ്ങുന്നു. ബീച്ചിൽ പുതിയ അലങ്കാര വിളക്കുകളും ഒരുങ്ങി. സൗത്ത് ബീച്ചാവട്ടെ വർണചിത്രങ്ങളിൽ കുളിച്ചൊരുങ്ങി.
3.8 കോടി രൂപ ചെലവിൽ വികസനവും സൗന്ദര്യവത്കരണവും നടത്തിയ കോഴിക്കോട് തെക്കേ കടപ്പുറത്തെ കോർണിഷ് ബീച്ചിന്റെ 600 മീറ്ററോളം നീളത്തിലുള്ള ചുമരിൽ കടലിനഭിമുഖമായാണ് വർണചിത്രങ്ങൾ പൂർത്തിയായത്. കുറ്റിച്ചിറ, വലിയങ്ങാടി, കടപ്പുറം, ഗുജറാത്തിതെരുവ് എന്നീ നാലിടത്തെ കാഴ്ചകളാണ് വർണചിത്രങ്ങളാക്കി മാറ്റിയത്. വലിയങ്ങാടിയിലെ തെരുവ് നായും കടപ്പുറത്തെ പട്ടം പറത്തലും ഗുജറാത്തി തെരുവിലെ ഉന്തുവണ്ടിയും വലിയങ്ങാടിയിലെ തൊഴിലാളികളുമെല്ലാം ചുമരിലുണ്ട്. ലൈറ്റ് പോളുകളിൽ പരസ്യം വെക്കാനുള്ള അവകാശം കരാറുകാർക്കായിരിക്കും. നാലിടത്ത് ഐസ്ക്രീം-പോപ്കോൺ കിയോസ്ക്കുകളും വരും. പരസ്യങ്ങൾ വെക്കുന്നതിനുള്ള തുക ഡി.ടി.പി.സിക്ക് നിശ്ചിത കാലാവധിയിൽ അടക്കണം. വൈദ്യുതി ബില്ലടക്കം ലൈറ്റ് തെളിക്കാനുള്ള ചെലവുകൾ വഹിക്കുക കരാറുകാരാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.