വെള്ളയിൽ ഹാർബർ നവീകരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ തടസ്സം
text_fieldsകോഴിക്കോട്: വെള്ളയിൽ ഹാർബറിന്റെ നവീകരണം മാർച്ചിൽ തീരുമെന്ന പ്രതീക്ഷക്കിടെയുണ്ടായ മത്സ്യബന്ധന തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ 17ന് ഹാർബർ വികസന സമിതി യോഗം വിളിച്ചു. ജില്ല കലക്ടറാണ് യോഗം വിളിച്ചത്. നിലവിലുള്ള ജെട്ടിക്ക് വടക്ക് ഭാഗത്തെ തടയണ നിർമാണ പ്രവൃത്തികളാണ് തൊഴിലാളികളിൽ ആശങ്കയുണ്ടാക്കിയത്. ഇവർ പ്രതിഷേധിച്ചതിനാൽ പണി തൽക്കാലം നിർത്തി. ഈ ഭാഗത്ത് ആഴം കൂട്ടി മണ്ണെടുക്കുമ്പോൾ ഇടിയാതിരിക്കാൻ കോൺക്രീറ്റ് പില്ലർ പണിത് ഇന്റർലോക്ക് ചെയ്യാനാണ് തീരുമാനം. എന്നാൽ, ചെറുകിട വള്ളക്കാർക്ക് മണലിൽ വള്ളം കയറ്റിയിടുന്നതിന് നിർമാണം തടസ്സമാകുമെന്നാണ് ആശങ്ക. ജെട്ടിയിൽ കൂടുതൽ മീനുള്ളപ്പോൾ ഇറക്കാനും മറ്റും സൗകര്യമാണെങ്കിലും ചെറിയ വള്ളങ്ങൾ പരമ്പരാഗത രീതിയിൽ മണലിൽ കയറ്റിയിടുന്നതാണ് എളുപ്പം എന്നാണ് പറയുന്നത്. നൂറിലേറെ വരുന്ന ചെറിയ വള്ളക്കാരുടെ ആശങ്ക പരിഹരിക്കാൻ ഹാർബർ വികസന സമിതി യോഗത്തിൽ തുടർ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷ.
നടക്കുന്നത് 11.5 കോടിയുടെ വികസനം
മൊത്തം 11.53 കോടിയുടെ വികസനമാണ് വെള്ളയിൽ ഹാർബറിൽ നടക്കുന്നത്. ഇതിൽ 60 മീറ്റർ നീളത്തിലുള്ള വാർഫ്, കാന്റീൻ, താഴ്ന്നുകൊണ്ടുള്ള പുതിയ ജെട്ടി, വലനെയ്യുന്ന ഷെഡ്, ചുറ്റുമതിൽ, ലോക്കർ റൂം, കടമുറികൾ, ടോയ്ലറ്റ് ബ്ലോക്ക്, പാർക്കിങ് ഏരിയ എന്നിവയുടെ പണിയാണ് ഏറെക്കുറെ പൂർത്തിയായത്. ഹാർബറിനോട് ചേർന്ന് കടലിൽ ഡ്രഡ്ജിങ് നടത്തി ജെട്ടിയുടെ ആഴം കൂട്ടൽ, മീൻകയറ്റാനുള്ള മേൽക്കൂരയുള്ള ലോഡിങ് ഏരിയ, കുടിവെള്ളം വിതരണത്തിനുള്ള സംവിധാനങ്ങൾ, വൈദ്യുതിവത്കരണം, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയുടെ പണിയാണ് പുരോഗമിക്കുന്നത്. ജെട്ടിയുടെ വടക്ക് ഭാഗത്തും ആഴം കൂട്ടുന്നുണ്ട്. നിലവിലുള്ള ജെട്ടിയേക്കാൾ അരമണിക്കൂർ ഉയരം കുറച്ചാണ് ജെട്ടി പണിതത്. എറണാകുളം ആസ്ഥാനമായ കരാറുകാരാണ് ജെട്ടിയുടെ പണികൾ നടത്തുന്നത്. നേരത്തേയുള്ള ജെട്ടിക്ക് ആഴം കുറഞ്ഞതിനാൽ വലിയ യാനങ്ങൾ അടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. മലിനജലം പുഴയിലേക്ക് ഒഴുക്കിവിടുന്നത് പുതിയ മലിനജല സംസ്കരണ പ്ലാന്റ് വരുന്നതോടെ ഇല്ലാതാവും. പാലക്കാട് ഐ.ആർ.ടി.സിക്കാണ് മലിനജല സംസ്കരണ പ്ലാന്റിന്റെ ചുമതല.
ഇനിയും പരാതികൾ
ഓവുചാലിൽ മാലിന്യം നിറയുന്നത് ഹാർബറിലെ പ്രശ്നങ്ങളിലൊന്നാണ്. ഇന്ധനം നിറക്കാൻ സൗകര്യമില്ലാത്തതിനാൽ പുറത്തുനിന്ന് കാനുകളിൽ എത്തിക്കേണ്ട സ്ഥിതിയുണ്ട്. ലേലപ്പുരയിലും മറ്റും മതിയായ സൗകര്യമില്ലെന്ന പരാതിയുണ്ട്. മീൻവണ്ടികളിലുള്ള പ്ലാസ്റ്റിക്, തെർമോകോൾ എന്നിവ ഹാർബറിൽ ഉപേക്ഷിക്കുന്നതും പ്രശ്നമാണ്. രാത്രിയിൽ ലഹരിയുപയോഗിക്കുന്നവരും മറ്റും ഹാർബറിൽ എത്തുന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.