വാക്ക് മാറ്റി അധികൃതർ: ഹരിതപാത ഇരകൾ തെരുവിലേക്ക്
text_fieldsപന്തീരാങ്കാവ്: ഹരിത പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇരകൾക്ക് നൽകിയ ഉറപ്പു പാലിക്കാത്തതിനെതിരെ റോഡ് തടയുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി ഭൂമി നഷ്ടപ്പെടുന്നവരുടെ ജില്ലാതല കോഓഡിനേഷൻ കമ്മിറ്റി.
ആധാരം ഉൾപ്പെടെ ഭൂരേഖകൾ അധികൃതർക്ക് സമർപ്പിക്കും മുമ്പ്, ലഭിക്കുമെന്ന് പറഞ്ഞിരുന്ന നഷ്ടപരിഹാര തുകയിൽ കുറവ് വരുത്തിയതോടെയാണ് കഴിഞ്ഞ ദിവസം ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും റവന്യൂ അധികൃതരെ ഓഫിസിൽ ഉപരോധിച്ചത്.
തുടർന്ന് മൂന്നു ദിവസത്തിനകം ജില്ല കലക്ടർ ഇടപെട്ട് ഭൂമി നഷ്ടപ്പെടുന്നവരുടെ പരാതിയിൽ പുനഃപരിശോധന നടത്താമെന്ന് ഉറപ്പിൽ ഉപരോധം പിൻവലിക്കുകയായിരുന്നു. ബുധനാഴ്ച ജില്ല കലക്ടർ അടക്കമുള്ളവരുമായുള്ള ചർച്ചയിൽ കുറഞ്ഞ വില തീരുമാനത്തിൽതന്നെ അധികൃതർ ഉറച്ചുനിന്നതോടെയാണ് കോഓഡിനേഷൻ കമ്മിറ്റി പെരുമണ്ണയിൽ വഴിതടയൽ സമരത്തിന് തീരുമാനമെടുത്തത്.
നിലവിലെ വിലനിർണയ പ്രകാരം മാർക്കറ്റ് വിലയിൽനിന്നും കുറഞ്ഞ തുകയെ ഇരകൾക്ക് ലഭ്യമാവൂ എന്നാണ് ആശങ്ക. ഇത് ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് പകരം ഭൂമി കണ്ടെത്തി വീട് നിർമിക്കുന്നതിന് സാമ്പത്തിക ബാധ്യത വരുത്തും. നേരത്തെ റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് കമ്മിറ്റി പരാതി നൽകിയിരുന്നു. അധികൃതരുടെ നിലപാട് മാറ്റം ലക്ഷംവീട് കോളനികളിൽ ഉൾപ്പെടെയുള്ളവരെ ആശങ്കപ്പെടുത്തുന്നുണ്ട്.
റവന്യൂ അധികൃതരുടെ വാക്ക് മാറ്റത്തിനെതിരെ പ്രത്യക്ഷ സമരങ്ങളുടെ ആദ്യപടിയായാണ് വ്യാഴാഴ്ച രാവിലെ 10ന് പെരുമണ്ണ അങ്ങാടിയിൽ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് തടയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.